ജെഇഇക്ക് ശേഷം

പ്രതീകാത്മക ചിത്രം
പി കെ അൻവർ മുട്ടാഞ്ചേരി
Published on May 20, 2026, 10:24 AM | 3 min read
സാങ്കേതിക പഠനമേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT)കളിലെ എൻജിനിയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) അഡ്വാന്‍സ്ഡ് 2026 പൂർത്തിയായി. ജൂൺ ഒന്നിന് ഫലമറിയാം. ഐഐടികളിൽ ബിആർക്ക് പഠനത്തിന് താൽപ്പര്യമുള്ള വിദ്യാർഥികൾ ജൂൺ 1, 2 തീയതികളിൽ ആർക്കിടെക്ചർ ആപ്റ്റിട്യൂഡ് ടെസ്റ്റിന് രജിസ്റ്റർ ചെയ്യണം. നാലിന് പരീക്ഷ നടക്കും. ഏഴിന് ഫലമറിയാം.
പ്രവേശനം ‘ജോസ’ വഴി
ജെഇഇ മെയിനിലെയും അഡ്വാൻസിലെയും റാങ്ക് അടിസ്ഥാനത്തിൽ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA)യാണ് വിവിധ പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകുന്നത്. ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനത്തിൽ വിവിധ ഐഐടികളിലെയും ജെഇഇ മെയിൻ റാങ്ക് അടിസ്ഥാനത്തിൽ എൻഐടികൾ, ഐഐഐടികൾ, ഐഐഇഎസ്ടി ശിബ്പുർ, ഗവൺമെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലെയും പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കും.
ജോസ വെബ്സൈറ്റായ josaa.nic.in വഴി താൽപ്പര്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ നൽകേണ്ടതുണ്ട്. ജോസ കൗൺസലിങ്ങിൽ ആറു റൗണ്ടുകൾ ഉണ്ടാകാറുണ്ട്. കേരളത്തിൽ പാലക്കാട് ഐഐടിയിലും കോഴിക്കോട് എൻഐടിയിലും കോട്ടയം ഐഐഐടിയിലുമാണ് പ്രവേശനം ലഭിക്കുക. കഴിഞ്ഞവർഷം അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ജോസ അലോട്ട്മെന്റ് പ്രക്രിയ ജൂൺ രണ്ടിന് ആരംഭിച്ചേക്കും.
സിസാബ്
ജോസ അലോട്ട്മെന്റ് നടപടികൾ പൂർത്തിയായശേഷം എൻഐടികൾ, ഐഐഐടികൾ, ഐഐഇഎസ്ടി ശിബ്പുർ, എസ്‌പിഎ, ഗവൺമെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലെ ഒഴിവുകൾ നികത്തുന്നതിനായുള്ള സ്പെഷ്യൽ റൗണ്ട് അലോട്ട്മെന്റാണ് സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (CSAB). രണ്ടു റൗണ്ടുകൾ ഉണ്ടാകാറുണ്ട്. താൽപ്പര്യമുള്ളവർ ഫീസ് അടച്ച് പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്.
ഡാസ സ്കീം
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ, വിദേശ പൗരന്മാർ, എൻആർഐ, പിഐഒ, ഒസിഐ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് രാജ്യത്തെ മികവുറ്റ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം തയ്യാറാക്കിയ പദ്ധതിയാണ് ‘ഡാസ’ (DASA -Direct Admission of Students Abroad) സ്കീം. എൻഐടികൾ, ഐഐഐടികൾ, ജിഎഫ്ടിഐകൾ, എസ്‌പിഎകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലാണ് പ്രവേശനം ലഭിക്കുക. കേരളത്തിൽ കോഴിക്കോട് എൻഐടിയിലും കോട്ടയം ഐഐഐടിയിലും ‘ഡാസ’ വഴി സീറ്റുകളുണ്ട്.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് സിഐഡബ്ല്യുജി (Children of Indian Workers in Gulf Countries) സ്കീം വഴിയാണ് പ്രവേശനം. dasanit.org എന്ന വെബ്സൈറ്റ് വഴി വിജ്ഞാപനം വരുന്നമുറയ്‌ക്ക് പ്രത്യേകം അപേക്ഷ നൽകണം.
പ്ലസ്ടു വരെയുള്ള പഠനത്തിന്റെ അവസാന എട്ടുവർഷത്തിനിടെ രണ്ടുവർഷമെങ്കിലും വിദേശത്ത് പഠിക്കുകയും പ്ലസ്ടു പരീക്ഷ വിദേശത്തുനിന്ന് വിജയിക്കുകയും ചെയ്യണമെന്ന് നിബന്ധനയുണ്ട്. ജെഇഇ മെയിൻ/അഡ്വാൻസ്ഡ് റാങ്കുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങളെപ്പറ്റി:
ജെഇഇ അഡ്വാൻസ്ഡ് വഴി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്‌ടി) തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി വിശാഖപട്ടണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി റായ്ബറേലി തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ജെഇഇ അഡ്വാൻസ്ഡ് സ്കോർ പരിഗണിക്കാറുണ്ട്.
ജെഇഇ മെയിൻ വഴി
പ്രവേശനത്തിന് ജെഇഇ മെയിൻ റാങ്ക് പരിഗണിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്: ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ 10+2 ബിടെക് കേഡറ്റ് എൻട്രി സ്കീം, ഇന്ത്യൻ ആർമിയുടെ 10+2 ടെക്‌നിക്കൽ എൻട്രി സ്കീം, പുണെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിഇ പ്രവേശനം.
(സായുധസേനകളിൽ സേവനം അനുഷ്ഠിക്കുന്നവരുടെ / വിരമിച്ചവരുടെ മക്കൾക്കും മറ്റു ചില സായുധസേനാ വിഭാഗക്കാർക്കും), ജോയിന്റ് അഡ്‌മിഷൻ കമ്മിറ്റി (JAC) വഴി ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി, ഇന്ദിരാഗാന്ധി ഡൽഹി ടെക്‌നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമൻ, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലെ എൻജിനിയറിങ്/ആർക്കിടെക്‌ചർ പ്രവേശനം, ഡൽഹി സ്കിൽ ആൻഡ് എൻട്രപ്രണർഷിപ് യൂണിവേഴ്‌സിറ്റിയിലെ ബിടെക്, ഹൈദരാബാദിലെ ജവാഹർലാൽ നെഹ്റു ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി മാസ്റ്റേഴ്സ് പ്രോഗ്രാം, നാഗ്‌പുരിലെ നാഷണൽ ഫയർ സർവീസ് കോളേജിലെ ബിഇ ഫയർ എൻജിനിയറിങ്, കാരൈക്കുടിയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബിടെക് കെമിക്കൽ ആൻഡ് ഇലക്ട്രോ കെമിക്കൽ എൻജിനിയറിങ്, ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ബിടെക് പ്രോഗ്രാമുകൾ, കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ചില ബിടെക് പ്രോഗ്രാമുകൾ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബാച്ച്‌ലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ സയൻസ് പ്രോഗ്രാം, ഐഐഎം കോഴിക്കോട് നടത്തുന്ന ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സംബൽപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നൽകുന്ന ബിഎസ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്‌സിറ്റിയിലെ ബാച്ച്‌ലേഴ്‌സ് ഇൻ സിവിൽ എൻജിനിയറിങ് (ഓണേഴ്‌സ്).










0 comments