ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇന്റേൺഷിപ്

പ്രൊഫ. കെ പി ജയരാജൻ
Published on Jan 28, 2026, 09:13 AM | 2 min read
സയൻസ്, എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവിയുള്ള ഈ സ്ഥാപനത്തിലെ ഇന്റേൺഷിപ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
പ്രത്യേകതകൾ
ഇന്റേൺഷിപ്പുകൾ ഗവേഷണ കേന്ദ്രീകൃതമാണ് എന്നതാണ് പ്രാധാനം. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ക്ലാസ്‌റൂം സമയമോ പൊതു പരിശീലനപരിപാടികളോ ഇല്ല. ഇതിനുപകരം സ്ഥാപനത്തിലെ പ്രഗല്‌ഭരായ അധ്യാപകർ, ലാബുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുമായി ഗവേഷണവിഷയത്തിൽ ചേർന്നുനിൽക്കാം. മാത്രമല്ല, വിദ്യാർഥിപ്രവേശനത്തിന് ഒരു മൾട്ടി - റൂട്ട് ഇന്റേൺഷിപ് പ്രവേശനരീതി പിന്തുടരുന്നതിനാൽ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത പ്രോഗ്രാമുകളിൽ ചേരാനുമാകും. ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിക്കുന്ന ദേശീയതല ഫെലോഷിപ് പ്രോഗ്രാമുകൾ, സ്ഥാപനത്തിലെ കേന്ദ്രങ്ങൾ/ യൂണിറ്റുകൾ നടത്തുന്ന ഇന്റേൺഷിപ്പുകൾ, ഫാക്കൽറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ എന്നിവയാണ് ഇവ.
സമ്മർ റിസർച്ച് ഫെലോഷിപ് പ്രോഗ്രാം
സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റേൺഷിപ് പ്രോഗ്രാമാണിത്. രണ്ടാം/മൂന്നാം വർഷ ബിഎസ് സി/ബിടെക്, ഒന്നാംവർഷ എംഎസ്‌സി/എംടെക് വിദ്യാർഥികൾക്കാണ് അവസരം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമ്മർ റിസർച്ച് ഫെലോഷിപ് പോർട്ടലിൽ വ്യക്തിഗത, അക്കാദമിക്, സ്ഥാപന വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക. അക്കാദമിക് പ്രൊഫൈൽ തുടങ്ങിയ പ്രസക്ത രേഖകൾ സമർപ്പിക്കുക. ഇന്റേണായി പ്രവർത്തിക്കാനുള്ള ഗവേഷണ മേഖലകൾ സൂചിപ്പിക്കുക. ഈ വർഷത്തെ സമ്മർ സെഷന് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സ്റ്റൈപെൻഡ് ലഭിക്കും. വിവരങ്ങൾക്ക്: www.iisc.in,ias.ac.in
വകുപ്പുകളിലെ ഇന്റേൺഷിപ്പുകൾ
ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ഇന്റേൺഷിപ്പുകളുണ്ട്. ഇതിനായി സ്ഥാപനത്തിലെ/ വകുപ്പിലെ വെബ്സൈറ്റിൽ ഇന്റേൺഷിപ് പ്രഖ്യാപനങ്ങൾ ട്രാക്ക് ചെയ്യുക.
സെന്റർ ഫോർ നെറ്റ്വർക്ഡ് ഇന്റലിജൻസ്
വികസിത നെറ്റ്‌വർക്കുകളിൽനിന്ന് അടുത്ത തലമുറ നെറ്റ്‌വർക് രീതിശാസ്ത്രങ്ങളും ആശയപരിഹാരങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവിടത്തെ ഗവേഷണ കേന്ദ്രമാണ് സെന്റർ ഫോർ നെറ്റ്വർക്ഡ് ഇന്റലിജൻസ്. ഈ കേന്ദ്രം ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്ന ഇന്റേൺഷിപ്പിന് സുസ്ഥിര കംപ്യൂട്ടിങ്, വൈവിധ്യമാർന്ന കംപ്യൂട്ട് പരിതസ്ഥിതികൾക്കുള്ള എംഎൽ, നെറ്റ്‌വർക് ട്രാൻസ്പോർട്ട് പ്രോട്ടോകോളുകൾ എന്നിവയുമായി ചേർന്നുനിൽക്കുന്ന പ്രോജക്ടുകളിൽ ഇന്റേണായി പ്രവർത്തിക്കാം. പ്രോഗ്രാമിങ്, സിസ്റ്റം ആർക്കിടെക്ചർ തുടങ്ങിയവയിൽ അഭിരുചിയുള്ളവർക്ക് അനുയോജ്യം. കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ/ അനുബന്ധ എൻജിനിയറിങ് വിഷയങ്ങളിൽ ഡിഗ്രി/പിജി വിദ്യാർഥികൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cni.iisc.ac.in
ഹൈബ്രിഡ് ഇന്റേൺഷിപ്
ഓൺലൈനായി വീട്ടിലിരുന്ന് പഠനവും ക്യാമ്പസിൽ നേരിട്ട് ഇന്റേൺഷിപ്പും ചെയ്യുന്ന ഗവേഷണാധിഷ്ഠിത പ്രോഗ്രാമാണിത്. ടെക്നോളജി, കൃഷി അനുബന്ധ വിഷയങ്ങളിൽ ഗവേഷണ സമ്പർക്കപരിപാടിയായും ഇതിനെ പ്രയോജനപ്പെടുത്താം. ബേസിക് സയൻസ്, ബയോടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചറൽ സയൻസ് എന്നീ വിഷയങ്ങളിലെ യുജി/പിജി/ബിടെക്/ എംടെക് വിദ്യാർഥികൾക്ക് വിജ്ഞാപനസമയത്ത് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.iisc.ac.in
ഫാൽക്കറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന് വിദ്യാർഥികളുടെ പഠന അഭിരുചിയുമായി പൊരുത്തപ്പെടുന്ന വിഷയത്തിനനുസൃതമായി ഇൻസ്റ്റിറ്യൂട്ടിലെ ഫാൽക്കറ്റി അംഗത്തെ ആദ്യം കണ്ടെത്തണം. തങ്ങളുടെ സിവി, ഒരു പ്രചോദനക്കുറിപ്പ് എന്നിവ ചേർത്ത് ഒരു സംക്ഷിപ്ത ഇ–മെയിൽ അയക്കുക. ഫാക്കൽറ്റിയുടെ ലഭ്യതയ്‌ക്കനുസരിച്ച് ഇന്റേൺഷിപ്പിന് അവസരം ലഭിക്കും. വിവരങ്ങൾക്ക്: www.iisc.in










0 comments