എഐയും റോബോട്ടിക്സും പഠിക്കാൻ ഐഐടി മണ്ഡിയിൽ അവസരം; റെസിഡൻഷ്യൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

മണ്ഡി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്നീ മേഖലകളിൽ താല്പര്യമുള്ളവർക്കായി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മണ്ഡി ഒരു മാസത്തെ റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 'പ്രയാസ് 4.0' (PRAYAS 4.0) എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വകാല കോഴ്സ് ജൂലൈ മാസത്തിലാണ് നടക്കുക.
ഐഐടി മണ്ഡിയിലെ സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ അക്കാദമിക് പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. സാങ്കേതിക വിഷയങ്ങളിൽ മുൻപരിചയം നിർബന്ധമല്ല എന്നത് തുടക്കക്കാർക്കും വലിയ അവസരമാണ് നൽകുന്നത്.
ഒരു മാസമാണ് കോഴ്സിന്റെ കാലാവധി. ആഴ്ചയിൽ 5-6 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ. തിയറി ക്ലാസുകൾക്ക് പുറമെ ഐഐടിയിലെ ലാബുകളിൽ പ്രായോഗിക പരിശീലനവും ലഭിക്കും. 62,400 രൂപ + ജിഎസ്ടിയാണ് ഫീസ് (താമസവും ഭക്ഷണവും ഉൾപ്പെടെ).
എംബഡഡ് സിസ്റ്റംസ്, മെഷീൻ ലേണിംഗ്, സെൻസർ ടെക്നോളജി, ഇന്റലിജന്റ് ഓട്ടോമേഷൻ തുടങ്ങിയവയിൽ ആഴത്തിലുള്ള പരിശീലനം. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി മണ്ഡി സർട്ടിഫിക്കറ്റ് നൽകും. താല്പര്യമുള്ളവർക്ക് സിസിഇ ഐഐടി മണ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റായ cce.iitmandi.ac.in വഴി അപേക്ഷിക്കാവുന്നതാണ്.










0 comments