ad
Deshabhimani

print edition ജെഇഇ എഴുതാതെയും ഐഐടിയിൽ ചേരാം

IIT Madras
വെബ് ഡെസ്ക്

Published on Apr 22, 2026, 12:45 AM | 3 min read

സാങ്കേതിക പഠനമേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ ഐഐടി മദ്രാസിൽ ബിഎസ് ഡാറ്റാ സയന്‍സ് ആൻഡ് ആപ്ലിക്കേഷൻസ് പ്രോഗ്രാമിന്റെ 2026 മെയ് ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും ചേരാവുന്ന നാലുവർഷം ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സാണിത്. താൽപ്പര്യമുള്ളവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ പിജി ഡിപ്ലോമ, എംടെക് എന്നിവയ്‌ക്കും അവസരമുണ്ട്. ആറ് ലെവലുകളായി കോഴ്സുകൾ പൂർത്തിയാക്കാം. എട്ടുവർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണം. 36,000ത്തിലധികം വിദ്യാർഥികൾ ഇപ്പോൾ ഈ കോഴ്സ് പഠിക്കുന്നുണ്ട്. ഓൺലൈൻ പരീക്ഷവഴിയാണ് പ്രവേശനം. ജൂലൈ 19നാണ് പരീക്ഷ. ജൂലൈ 23ന് ഫലമറിയാം.


​​ഐഐടി ടാഗ്


​കോഴ്സ് പൂർത്തിയാക്കുന്നവർ ഐഐടി മദ്രാസ് അലുമ്‌നി അംഗങ്ങളാകും. ഓരോ ലെവലും പൂർത്തിയാക്കുമ്പോൾ ഐഐടി നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഏതു പ്രായക്കാർക്കും എവിടെനിന്നും പഠിക്കാവുന്ന ഈ കോഴ്സ് മറ്റ്‌ റെഗുലർ കോഴ്സുകളുടെ കൂടെയും പഠിക്കാം. കോഴ്സിനിടയിൽ വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പുകൾക്കും അവസരമുണ്ട്. മികച്ച ജോലിസാധ്യതയോടൊപ്പം ഉപരിപഠന സാധ്യതയുമുണ്ട്. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലും കോഴ്സിനായി പ്രത്യേക കേന്ദ്രങ്ങളുണ്ട്.


​യോഗ്യത


​പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായവർക്കും ത്രിവത്സര അംഗീകൃത ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്ലസ് വൺ പൂർത്തിയാക്കിയവർക്കും യോഗ്യതാപരീക്ഷ എഴുതാം. കോഴ്സിന് ചേരുന്നതിനുമുമ്പ് പ്ലസ്ടു പൂർത്തിയാക്കിയാൽ മതി. പത്താംക്ലാസിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. പ്ലസ്ടു ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയ്‌ക്ക് യോഗ്യത നേടിയവർക്ക് പ്രവേശനപരീക്ഷ കൂടാതെ കോഴ്സിന് ചേരാം.


​​ആറ് ലെവലുകൾ


​ബിഎസ് ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് പ്രോഗ്രാമിന് ഫൗണ്ടേഷൻ,ഡിപ്ലോമ, ബിഎസ്‌സി, ബിഎസ്, പിജി ഡിപ്ലോമ, എംടെക് എന്നീ ആറ് ലെവലുകളുണ്ട്. ഓരോ ലെവൽ പൂർത്തിയാക്കിയതിനുശേഷം പഠനം അവസാനിപ്പിക്കാനും (എക്സിറ്റ് ഓപ്ഷൻ) തുടരാനും അവസരമുണ്ട്. പൂർത്തിയാക്കിയ ലെവലുകളനുസരിച്ച് ഫൗണ്ടേഷൻ, ഡിപ്ലോമ, ബിരുദം, പിജി ഡിപ്ലോമ, എംടെക് എന്നിങ്ങനെ ഐഐടി മദ്രാസ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും. മാത്തമാറ്റിക്സ് ഫോർ ഡാറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ഫോർ ഡാറ്റാ സയൻസ്, കംപ്യൂട്ടേഷണൽ തിങ്കിങ്‌, ഇംഗ്ലീഷ്, പ്രോഗ്രാമിങ് ഇൻ പൈത്തൺ ഉൾപ്പെടെ എട്ട് കോഴ്സുകൾ പൂർത്തിയാക്കി 32 ക്രെഡിറ്റുകൾ നേടണം. 48,000 രൂപയാണ് ഫീസ്. ഒന്നുമുതൽ മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം.


​ഡിപ്ലോമ


​എട്ട് ഫൗണ്ടേഷൻ കോഴ്സുകളും പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്യാം. ഡിപ്ലോമ ഇൻ പ്രോഗ്രാമിങ്‌, ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് എന്നീ രണ്ട് വിഭാഗങ്ങളായാണ് പഠനം. ഓരോ വിഭാഗത്തിലും അഞ്ച് കോർ കോഴ്സുകൾ, രണ്ടു പ്രോജക്ടുകൾ, ഒരു സ്കിൽ എൻഹാൻസ്‌മെന്റ്‌ കോഴ്സ് എന്നിവ പഠിച്ച് 27 ക്രെഡിറ്റുകൾ വീതം നേടണം. ഒരു ഡിപ്ലോമ പൂർത്തിയാക്കിയാലും ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ടു ഡിപ്ലോമകളും പൂർത്തിയാക്കുന്നവർക്ക് ബിഎസ്‌സി പ്രോഗ്രാമിന് പ്രവേശനം നേടാം. 1,62,000 രൂപയാണ് ഫീസ് (ഒരു ഡിപ്ലോമയ്‌ക്ക് 81,000 രൂപ). ഓരോ ഡിപ്ലോമയും ഒന്നുമുതൽ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം.


​​ബിരുദം


ഡിപ്ലോമകൾ പൂർത്തിയാക്കിയവർക്ക് ബിഎസ്‌സി ഇൻ പ്രോഗ്രാമിങ്‌ ആൻഡ് ഡാറ്റാ സയൻസിന് പ്രവേശനം നേടാം. 28 ക്രെഡിറ്റുകൾകൂടി നേടി ഫൗണ്ടേഷൻ, ഡിപ്ലോമ എന്നിവയിൽ നേടിയ ക്രെഡിറ്റുകളടക്കം 114 ക്രെഡിറ്റുകൾ പൂർത്തിയാക്കിയാൽ ബിഎസ്‌സി ഡിഗ്രി നേടാനും ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് കോഴ്സിന് ചേരാനും സാധിക്കും. ഒന്നുമുതൽ മൂന്നുവർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണം. 28 ക്രെഡിറ്റുകൾകൂടി നേടി ആകെ 142 ക്രെഡിറ്റുകൾ പൂർത്തിയാക്കുന്നവർക്ക് ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് ഡിഗ്രി ലഭിക്കും. സോഫ്റ്റ്‌വെയർ എൻജിനിയറിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ലേണിങ് തുടങ്ങിയ വിഷയങ്ങളാണ് ബിരുദതലത്തിൽ പഠിക്കുന്നത്. കൂടാതെ, താൽപ്പര്യമനുസരിച്ച് ഇലക്ടീവ് കോഴ്സുകളും തെരഞ്ഞെടുക്കാം. എൻപിടിഎൽ പോർട്ടൽവഴിയും അപ്രന്റിസ്ഷിപ് വഴിയും നിശ്ചിത ക്രെഡിറ്റുകൾ നേടാം. വിജയകരമായി ഡിഗ്രി കോഴ്സ് പൂർത്തിയാക്കുകയും കുറഞ്ഞത് എട്ട്‌ സിജിപിഎ ലഭിക്കുകയും ചെയ്തവർക്ക് 20 ക്രെഡിറ്റ് കൂടി നേടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ പിജി ഡിപ്ലോമ നേടാം. പിജി ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് എംടെക് പ്രോജക്ട് വർക്ക് (20 ക്രെഡിറ്റ്) പൂർത്തിയാക്കിയാൽ എംടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്‌ നേടാനും അവസരമുണ്ട്.


​അപേക്ഷ മെയ് 31 വരെ

​ഓൺലൈനിൽ മെയ് 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: study.iitm.ac.inൽ ഫോൺ: 78509 99966. ഇ–മെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home