ഫൈൻ ആർട്സ്: ഇപ്പോൾ അപേക്ഷിക്കാം

ഡോ. രാജേഷ് ബാബു കെ ആർ
Published on Jun 18, 2025, 09:29 AM | 2 min read
ഫൈൻ ആർട്സ് കോളേജുകളിൽ ചിത്രകല (Painting), ശിൽപ്പകല (Sculpture), പ്രായോഗിക കല (Applied Arts), കല ചരിത്രവും ദൃശ്യപഠനങ്ങളും (-Art History and Visual Studies) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കേണ്ട സമയമാണിത്. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിവ. അഭിരുചിയും സർഗാത്മകതയുമുള്ളവർക്ക് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) കോഴ്‌സുകൾ പഠിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 2025 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ജൂൺ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 26വരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും 29ന് നടക്കും. ജൂലൈ 7ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലെറ്റർ 11 മുതൽ 13വരെ ഡൗൺലോഡ് ചെയ്യാം. 17 മുതൽ ക്ലാസ് ആരംഭിക്കും.
കോളേജുകൾ, കോഴ്‌സുകൾ
കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം : ചിത്രകല, ശിൽപ്പകല, പ്രായോഗിക കല എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. കോഴ്‌സുകൾ കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തവയാണ്. അകെ സീറ്റ് 50.
രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര : ചിത്രകല, ശിൽപ്പകല, പ്രായോഗിക കല എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. കോഴ്‌സുകൾ കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തവയാണ്. അകെ സീറ്റ് 50.
കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശൂർ: ചിത്രകല, ശിൽപ്പകല, പ്രായോഗിക കല, കല ചരിത്രവും ദൃശ്യപഠനങ്ങളും എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. കോഴ്‌സുകൾ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തവയാണ്. അകെ സീറ്റ് 57. ഏഴ് സീറ്റ് കല ചരിത്രവും ദൃശ്യപഠനങ്ങളും.
കാലാവധി
കോഴ്‌സിന്റെ കാലാവധി 4 വർഷമാണ്. ഒന്നാം വർഷം എല്ലാവർക്കും പൊതു സിലബസാണ്. രണ്ടാം വർഷംമുതൽ ഓരോ മേഖലയിലുമുള്ള സ്പെഷ്യലൈസേഷനാണ്. ഒന്നാം വർഷ യൂണിവേഴ്സിറ്റി പരീക്ഷയിൽ നേടുന്ന മാർക്കിന്റെയും വിദ്യാർഥികൾ നൽകുന്ന ഓപ്ഷന്റെയും അടിസ്ഥാനത്തിൽ 1: 2: 3 (ചിത്രകല, ശിൽപ്പകല, പ്രായോഗിക കല) എന്ന അനുപാതത്തിലാണ് രണ്ടാം വർഷം സ്പെഷ്യലൈസേഷൻ അനുവദിക്കുന്നത്.
പരീക്ഷകൾ
ഒന്നും നാലും വർഷ പരീക്ഷകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിവേഴ്സിറ്റികളാണ് നടത്തുന്നത്. എന്നാൽ രണ്ടും മൂന്നും വർഷ പരീക്ഷകൾ അതത് കോളേജാണ് നടത്തുന്നത്.
സീറ്റ് സംവരണം
ആകെ സീറ്റിന്റെ 50ശതമാനം സംസ്ഥാനതലത്തിൽ തയ്യാറാക്കുന്ന മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കായി 30 ശതമാനം സീറ്റുകൾ സംവരണം ചെയ്‌തിരിക്കുന്നു. 10 ശതമാനം സീറ്റുകൾ എസ്‌സി, എസ്ടി വിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗക്കാർ, വിമുക്തഭടരുടെ മക്കൾ, ട്രാൻസ്ജെൻഡർ, മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് നിയമാനുസൃതമായ സംവരണം ഉണ്ട്. എല്ലാ കോഴ്‌സുകളിലും ഒരു സീറ്റ് ലക്ഷദ്വീപ് നിവാസിക്കായി നീക്കിവച്ചിട്ടുണ്ട്. ഫീസ്: ആകെ 9615 രൂപ (യൂണിവേഴ്സിറ്റി ഫീസുകൾക്ക് പുറമെ).
അപേക്ഷ
അപേക്ഷ ഓൺലൈനായി നൽകണം. അപേക്ഷയിൽ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 300 രൂപയും മറ്റ് വിഭാഗക്കാർക്ക് 600 രൂപയുമാണ്. വിവരങ്ങൾക്ക്: www.dtekearla.gov.in, www. admission.dtekerala.gov.in









0 comments