സയൻസ് മേഖലയിലെ പ്രവേശനപരീക്ഷകൾ

പ്ലസ്ടു സയൻസ് വിദ്യാർഥികൾക്ക് എഴുതാവുന്ന നിരവധി പ്രവേശനപരീക്ഷകളുണ്ട്. പ്രത്യേകിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിക്കുന്നവർക്ക് പ്ലസ്ടുക്കാർക്കുള്ള എല്ലാ പരീക്ഷകളും എഴുതാം.
നീറ്റ് യുജി
വിവിധ മെഡിക്കൽ, ഡെന്റൽ, മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് നീറ്റ് യുജി അഥവാ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (NEET UG). ദേശീയ പ്രാധാന്യമുള്ള എയിംസ്, ജിപ്മെർ പോലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലും നീറ്റ് വഴിയാണ് പ്രവേശനം. കേരളത്തിൽ എംബിബിഎസ് / ബിഡിഎസ് പ്രോഗ്രാമുകൾക്കുപുറമെ ഹോമിയോ, ആയുർവേദം, വെറ്ററിനറി, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങി വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും നീറ്റ് സ്കോറാണ് പരിഗണിക്കുന്നത്. വിദേശത്ത് എംബിബിഎസ് പഠിക്കാനും നീറ്റ് യോഗ്യത ആവശ്യമാണ്. വിവരങ്ങൾക്ക്: neet.nta.ac.in
ജെഇഇ മെയിൻ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IIIT), ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് (GFTI) എന്നിവയിലെ വിവിധ എൻജിനിയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് ജോയിന്റ് എന്‍ട്രൻസ് എക്‌സാമിനേഷന്‍ (JEE) മെയിൻ. കോഴിക്കോട് എന്‍ഐടിയിലും കോട്ടയം ഐഐഐടിയിലും ജെഇഇ മെയിൻ വഴിയാണ് പ്രവേശനം. ദേശീയപ്രാധാന്യമുള്ള വിവിധ സ്ഥാപനങ്ങളും പ്രവേശനത്തിന് ജെഇഇ മെയിൻ സ്‌കോര്‍ പരിഗണിക്കാറുണ്ട്. രണ്ടുതവണ പരീക്ഷയുണ്ട്. രണ്ടും എഴുതുന്നവരുടെ മികച്ച സ്കോറാണ് അന്തിമ റാങ്കിങ്ങിന് പരിഗണിക്കുക. വിവരങ്ങൾക്ക്: jeemain.nta.nic.in
ജെഇഇ അഡ്വാൻസ്ഡ്
ഐഐടികളിലെ എൻജിനിയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാന്‍സ്ഡ്. ജെഇഇ മെയിന്‍ ഒന്നാംപേപ്പർ അഭിമുഖീകരിച്ച് മികച്ച റാങ്ക് ലഭിക്കുന്ന ഏകദേശം രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ക്കുമാത്രമേ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹതയുള്ളൂ. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് റാങ്ക്പട്ടികയിൽ ഇടംനേടിയശേഷം ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT)കൂടി എഴുതി യോഗ്യത നേടേണ്ടതുണ്ട്. വിവരങ്ങൾക്ക്: www.jeeadv.ac.in
കേരള എൻജിനിയറിങ്, ഫാർമസി
കേരളത്തിലെ എൻജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി കേരള എന്‍ട്രൻസ് കമീഷണർ നടത്തുന്ന പ്രത്യേക ഓൺലൈൻ പരീക്ഷയാണ് കീം. എൻജിനിയറിങ് പ്രവേശനത്തിന് ഫിനിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള (150 ചോദ്യങ്ങൾ) പരീക്ഷയും ഫാർമസി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഒന്നരമണിക്കൂർ (75 ചോദ്യങ്ങൾ) പരീക്ഷയുമാണ്. വിവരങ്ങൾക്ക്: www.cee.kerala.gov.in
നാറ്റ
ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആർക്) പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷയാണ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA). കേരളത്തിലെ ബിആര്‍ക് പ്രവേശനം, നാറ്റ സ്‌കോറിനും പ്ലസ്ടു മാർക്കിനും തുല്യപരിഗണന നല്‍കി, പ്രവേശനപരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. വിവരങ്ങൾക്ക്: www.nata.in
കുസാറ്റ് ക്യാറ്റ്
രാജ്യത്തെ മികച്ച സർവകലാശാലകളിൽ ഒന്നായ കൊച്ചിൻ ശാസ്ത്രസാങ്കേതിക സര്‍വകലാശാല (CUSAT)യിലെ വിവിധ എൻജിനിയറിങ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയാണിത്. വിവരങ്ങൾക്ക്: admissions. cusat.ac.in
സിയുഇടി യുജി
കേന്ദ്ര സർവകലാശാലകളുടെയും മറ്റു ചില സർവകലാശാലകളുടെയും ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷയാണ് സിയുഇടി യുജി. വിവിധ സർവകലാശാലകളിലായി നിരവധി സയൻസ് പ്രോഗ്രാമുകളും ലഭ്യമാണ്. അഗ്രികൾച്ചർ അനുബന്ധ കോഴ്സുകളുടെ 20 ശതമാനം ഓൾ ഇന്ത്യ ക്വോട്ടയുടെ പ്രവേശനവും സിയുഇടി വഴിയാണ്. വിവരങ്ങൾക്ക്: cuet.nta.nic.in
ബിറ്റ്‌സാറ്റ്
ബിറ്റ്സിന്റെ പിലാനി, ഹൈദരാബാദ്, ഗോവ ക്യാമ്പസുകളിൽ വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ (ബിഇ, എംഎസ്‌സി, ബിഫാം) പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് അഡ്മിഷൻ ടെസ്റ്റ്. വിവരങ്ങൾക്ക്: www.bitsadmission. com
ഐസർ
ശാസ്ത്രമേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആൻഡ് റിസര്‍ച്ചിലെ (IISER) വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനപരീക്ഷയാണ് ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT). വിവരങ്ങൾക്ക്: www.iiseradmission.in
നെസ്‌റ്റ്
കേന്ദ്ര ആണവോര്‍ജവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആൻഡ് റിസര്‍ച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM- DAE CEBS) എന്നീ സ്വയംഭരണസ്ഥാപനങ്ങളില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനപരീക്ഷയാണ് നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ്. വിവരങ്ങൾക്ക്: www.nestexam.in










0 comments