print edition പ്ലാസ്റ്റിക് എൻജിനിയറിങ്ങിൽ ഡിപ്ലോമ; ഇപ്പോൾ അപേക്ഷിക്കാം

കെ പി വേണു
Published on Mar 19, 2026, 12:09 PM | 2 min read
പ്ലാസ്റ്റിക് എൻജിനിയറിങ്ങിലെ തൊഴിലവസരങ്ങളിലേക്ക് വഴിതുറക്കുന്നതാണ് ഏലൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി കൊച്ചി (CIPET). ഇവിടെയുള്ള വിവിധ കോഴ്‌സുകളിലേക്ക് മെയ് 28 വരെ അപേക്ഷിക്കാം.
ഇന്റേൺഷിപ്പോടെ ത്രിവത്സര ഡിപ്ലോമ
പ്രാക്ടിക്കൽ പഠനത്തിന് മുൻതൂക്കം നൽകുന്ന രണ്ടു ഡിപ്ലോമ കോഴ്സുകളാണ് പ്രധാനമായും ഇവിടെയുള്ളത്. എഐസിടിഇ അംഗീകാരമുള്ള ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി എന്നിവ. കോഴ്സിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പത്താംക്ലാസാണ്. സയൻസ് വിഷയങ്ങളിൽ പ്ലസ്ടു പാസായവർക്ക് ലാറ്ററൽ എൻട്രിവഴി നേരിട്ട് രണ്ടാംവർഷത്തിലേക്ക് പ്രവേശനം നേടാനും അവസരമുണ്ട്. സങ്കീർണമായ തിയറി പഠനം ഒഴിവാക്കി പ്രാക്ടിക്കലിന് പ്രാധാന്യം നൽകുന്നു.
ആറ് സെമസ്റ്ററുകളിലായി നടക്കുന്ന പഠനത്തിന്റെ അവസാന സെമസ്റ്റർ സ്റ്റൈപെൻഡോടെയുള്ള ഇന്റേൺഷിപ്പാണ്. എല്ലാ മാസവും സ്റ്റൈപെൻഡുമുണ്ട്. 60 വീതം സീറ്റുള്ള കോഴ്സുകളിൽ 100 ശതമാനമാണ് പ്ലേസ്‌മെന്റ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഓട്ടോമൊബൈൽ, മെഡിക്കൽ, ഇലക്ട്രോണിക്സ്, പോളിമർ മേഖലയിലെ അമ്പതോളം കമ്പനികൾ വർഷംതോറും ഇവിടെ ക്യാമ്പസ് പ്ലേസ്‌മെന്റിന് എത്താറുണ്ട്. വിദേശത്തും തൊഴിലവസരം ഏറെയുള്ളതാണ് സിപെറ്റ് ഡിപ്ലോമകൾ. രാജ്യവ്യാപകമായി ജൂൺ 11ന് നടക്കുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം. ബാക്കി വരുന്ന സീറ്റിലേക്ക് സിപെറ്റ് കൊച്ചി നേരിട്ട് സ്പോട്ട് അഡ്മിഷൻ നടത്തും. കുറഞ്ഞ വരുമാന വിഭാഗത്തിൽപ്പെട്ടവർക്കും മറ്റ് സംവരണവിഭാഗത്തിനും കേന്ദ്ര–സംസ്ഥാന സ്കോളർഷിപ് ലഭിക്കും.
നൈപുണ്യവികസനം
പ്രൊഫഷണലുകൾ, ഗവേഷകർ, സംരംഭകർ, പ്ലാസ്റ്റിക് ഇൻഡസ്ട്രി എന്നിവയ്ക്കായി ഹ്രസ്വകാല നൈപുണ്യവികസന കോഴ്സുകളും നടത്തുന്നുണ്ട്. കാഡ്, കാം, സിഎൻസി വിഭാഗത്തിൽ അഞ്ചു ഹ്രസ്വകാല പ്രോഗ്രാമുകളുണ്ട്.
എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ യോഗ്യതയുള്ളവർക്കും ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്കുമായി പെട്രോകെമിക്കൽ എൻജിനിയറിങ്ങിൽ അഞ്ച് നൈപുണ്യവികസന കോഴ്സുകൾ നടത്തുന്നുണ്ട്. മെഷിൻ ഓപ്പറേറ്റർ (ഇൻജെക്‌ഷൻ മോൾഡിങ്), മെഷിൻ ഓപ്പറേറ്റർ (പ്ലാസ്റ്റിക് പ്രോസസിങ്), മെഷിൻ ഓപ്പറേറ്റർ (അസി. ഇൻജെക്‌ഷൻ മോൾഡിങ്), മെഷിൻ ഓപ്പറേറ്റർ (അസി.- പ്ലാസ്റ്റിക് പ്രോസസിങ്), ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ ഓഫ് പ്ലാസ്റ്റിക് മെറ്റീരിയൽസ് ആൻഡ് പ്രോഡക്ട്സ് എന്നിവയാണ് കോഴ്സുകൾ. വിവരങ്ങൾക്ക്: https://www.ci pet.gov.in centres cipet-kochi
ബിരുദാനന്തര ബിരുദവും ഗവേഷണവും
കൊച്ചി സർവകലാശാലയുടെ അംഗീകാരമുള്ള എംഎസ്‌സിയും ഗവേഷണ ബിരുദവും നേടാൻ ഇവിടെ അവസരമുണ്ട്. ബയോപോളിമർ സയൻസ്, പോളിമർ സയൻസ് എന്നീ ദ്വിവർഷ എംഎസ്‌സി കോഴ്സുകളിൽ കെമിസ്ട്രി ബിരുദധാരികൾക്ക് കുസാറ്റ് എൻട്രൻസ് വഴിയാണ് പ്രവേശനം. വിദേശ സർവകലാശാലകളിൽ മികച്ച ഫെലോഷിപ്പോടെ ഗവേഷണത്തിന് വഴിതുറക്കുന്നതാണ് ഈ കോഴ്സുകൾ. പോളിമർ സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇവിടെ ഗവേഷകരാകാം. കുസാറ്റ് നടത്തുന്ന ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ ടെസ്റ്റ് (ഡാറ്റ്) വഴിയാണ് പ്രവേശനം. വിവരങ്ങൾക്ക്: https:// admissions cusat.ac.inK ഫോൺ: 88914 24894











0 comments