കേരള ഡിജിറ്റൽ സർവകലാശാല പ്രവേശനം: പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിലെ എംഎസ്‌സി, എം ടെക്, എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോഗ്രാമുകളിലേക്കുള്ള യോഗ്യതാ കോഴ്സുകൾക്ക് പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. മേയ് 17നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
എം ടെക് പ്രോഗ്രാമുകൾ :
എം ടെക് കമ്പ്യൂട്ടർ സയൻസ് (എഐ, സൈബർ സെക്യൂരിറ്റി) : കമ്പ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ടെക്കോ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലൊന്നിൽ പിജി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് പിജി.
എം ടെക് ഇലക്ട്രോണിക്സ് എൻജിനിയറിങ് (വിഎൽഎസ്ഐ ഡിസൈൻ) : ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/റോബോട്ടിക്സ് വിഷയങ്ങളിൽ ബി.ടെക്. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷനിൽ ഇൻറഗ്രേഡ് പിജി യോഗ്യതാ പ്രോഗ്രാമിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
എംബിഎ :
എംബിഎ (റഗുലർ) : സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് സ്പെഷ്യലൈസേഷൻ. കൂടാതെ ജോലി ചെയ്യുന്നവർക്കുള്ള എംബിഎ ഫോർ വർക്കിങ് പ്രൊഫഷണൽസ് പ്രോഗ്രാമും ഉണ്ട്.
എംഎസ്‌സി (രണ്ടു വർഷ പ്രോഗ്രാമുകൾ) :
അപ്ലൈഡ് ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ./ സൈബർ സെക്യൂരിറ്റി/ഡാറ്റ അനലിറ്റിക്സ്), ഡാറ്റ സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ മോഡലിങ്, ഡാറ്റ സയൻസ് ആൻഡ് ബയോ എഐ, ഡാറ്റ സയൻസ് ആൻഡ് ഫിൻടെക്, ഡാറ്റ സയൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്, ഡാറ്റ സയൻസ് ആൻഡ് പ്രൊഡക്ട്സ് ഡിവലപ്മെന്റ്, ഇലക്ട്രോണിക്സ്, ഇക്കോളജി, എൻവയൺമെന്റൽ സയൻസ്. ഡിഗ്രി ലെവലിൽ 60 ശതമാനം മാർക്ക് വേണം.
എംഎസ്‌സി (ഒരു വർഷ പ്രോഗ്രാമുകൾ) :
അഡ്വാൻസ്ഡ് എഐ, സൈബർ സെക്യൂരിറ്റി, എൻവയൺമെന്റൽ സസ്റ്റൈനബിലിറ്റി യോഗ്യതാ പ്രോഗ്രാമിൽ 70 ശതമാനം മാർക്ക് വേണം. ഡിയുഎടി, സിയുഇടി - പിജി, ഗേറ്റ് എന്നിവയിലൊന്നിൽ യോഗ്യത നേടണം. ചില പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശനപരീക്ഷയും അഭിമുഖവും ഉണ്ടാകും.
പ്രവേശന പരീക്ഷ :
പിജി പ്രവേശനത്തിനുള്ള 'ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്' (DUAT) ജൂൺ ഒന്നിന് ഓൺലൈനായി നടക്കും. ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷ എഴുതാം. ഒരു മണിക്കൂർ നീളുന്ന പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
പിഎച്ച്ഡി പ്രോഗാമുകൾ :
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ, ഡിജിറ്റൽ സയൻസസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഇൻഫർമാറ്റിക്സ് സ്കൂളുകളുടെ കീഴിൽ റഗുലർ, പാർട്ട് ടൈം, ഇൻഡസ്ട്രി വിഭാഗങ്ങളിൽ പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. പിജിക്ക് 60 ശതമാനം മാർക്കുള്ളവർക്കും എംഫിൽ ഉള്ളവർക്കും അപേക്ഷിക്കാം. നെറ്റ്/ജെആർഎഫ്, ഗേറ്റ്, സിഇഇഡി തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. ബാക്കിയുള്ളവർ ജൂൺ എട്ടിന് നടത്തുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടണം. അതതു സ്കൂളുകൾ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
അപേക്ഷ
duk.ac.in/admission/apply എന്ന വെബ്പോർട്ടൽ വഴി മേയ് 17 വരെ അപേക്ഷിക്കാം. ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 750 രൂപയാണ് ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 375 രൂപ. സിയുഇടി - പിജി അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റ് യോഗ്യതാപരീക്ഷ സ്കോർ ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്ക് യഥാക്രമം 100 രൂപയും 50 രൂപയും ആണ് ഫീസ്. പിഎച്ച്ഡിക്ക് അപേക്ഷാ ഫീസ് 1500 രൂപ.









0 comments