പാചകകലയിൽ ബിബിഎ, എംബിഎ പ്രോഗ്രാമുകൾ

പ്രൊഫ. കെ പി ജയരാജൻ
Published on May 15, 2025, 06:34 PM | 1 min read
ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രൊഫഷണലുകളായി മാറാനുതകുന്ന പ്രോഗ്രാമുകൾക്ക് ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനത്തിന്റെ തിരുപ്പതി, നോയിഡ എന്നീ ക്യാമ്പസുകളിൽ കളിനറി ആർട്സിൽ ബിബിഎ, എംബിഎ കോഴ്സുകൾക്ക് മെയ് 23 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 25ന് ഓൺലൈനിൽ. ഷെഫ് മാനേജർമാർ, ക്രൂയിസ് ലൈനറുകൾ, എയർലൈൻസ്, ഐആർസിടിസി, ഇന്ത്യൻ നേവി ഹോസ്പിറ്റാലിറ്റി സർവീസ്, ടൂറിസം വകുപ്പ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്.
ബിബിഎ (കളിനറി ആർട്സ്)
ആറ് സെമസ്റ്ററിലായി മൂന്നുവർഷ കോഴ്സിന് ഹയർ സെക്കൻഡറി/ തത്തുല്യം 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. പട്ടിക വിഭാഗം/ഭിന്നശേഷിക്കാർക്ക് 40 ശതമാനം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
എംബിഎ (കളിനറി ആർട്സ്)
രണ്ടുവർഷത്തിലായി നാല് സെമസ്റ്റർ. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
പ്രവേശന പരീക്ഷ
ബിബിഎയ്‌ക്ക് പൊതുവിജ്ഞാനം, സംഖ്യാവബോധവും വിശകലന അഭിരുചിയും യുക്തിപരമായ കഴിവ്, ഇംഗ്ലീഷ് ഭാഷ, സേവന മേഖലയോടുള്ള അഭിരുചി എന്നിവയിൽനിന്ന് തുല്യമായി ഓരോ മാർക്ക് വീതമുള്ള 100 ചോദ്യം ഒബ്ജക്റ്റീവ് മാതൃകയിൽ ഉണ്ടാകും. സമയം രണ്ട് മണിക്കൂർ. നെഗറ്റീവ് മാർക്കില്ല. എംബിഎയ്‌ക്കും പ്രവേശന പരീക്ഷയ്‌ക്ക് രണ്ട് മണിക്കൂർ, 100 ചോദ്യം, നൂറ് മാർക്ക്. പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, ഭക്ഷ്യോൽപ്പാദന മാനേജ്മെന്റ്, ഭക്ഷണപാനീയ സേവന മാനേജ്മെന്റ്, സേവന മേഖലയോടുള്ള താൽപ്പര്യം എന്നീ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഒബ്ജക്റ്റീവ് മാതൃകയിൽ ഉത്തരമെഴുതണം. നെഗറ്റീവ് മാർക്കില്ല.
മറ്റ് വിവരങ്ങൾ
ബിബിഎയ്‌ക്ക് സിയുഇടി (യുജി), എംബിഎയ്‌ക്ക് സിയുഇടി (പിജി) സ്കോറും പരിഗണിക്കും. കേന്ദ്രസർവകലാശാലയായ മധ്യപ്രദേശിലെ ഇന്ദിരഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയാണ് ബിരുദം നൽകുന്നത്. വിവരങ്ങൾക്ക്: www.indianculinary institute.com,icitirupati.in, ഫോൺ: 9760880690/ 7394091765, 9985486271/8108103478.










0 comments