ad
Deshabhimani

ക്ഷീരമേഖലയിലെ കോഴ്സുകളും സാധ്യതകളും

diary products
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Jan 28, 2026, 12:06 PM | 3 min read

പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനം, സംസ്കരണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, മാനേജ്മെന്റ്‌ തത്വങ്ങൾ തുടങ്ങിയവയാണ്‌ ഡെയറി സയൻസ്‌ കോഴ്‌സുകളിലുള്ളത്‌. ഡെയറി കെമിസ്ട്രി, ഡെയറി മൈക്രോബയോളജി, ഡെയറി എൻജിനിയറിങ്‌, ഡെയറി ബിസിനസ്‌ എന്നിവയാണ് പ്രധാന പഠനമേഖലകൾ. കേരളത്തിലടക്കം വിവിധ കോഴ്‌സുകൾ ലഭ്യമാണ്‌. അവയെപ്പറ്റി:


​കേരള വെറ്ററിനറി ആൻഡ്‌ 
അനിമൽ സയൻസ് യൂണിവേഴ്സിറ്റി


​യ‍ൂണിവേഴ്സിറ്റിയുടെ കീഴിൽ വയനാട്, ഇടുക്കി, തൃശൂർ, തിരുവനന്തപുരം ജില്ലകളിലായി നാലു ഡെയറി സയൻസ് കോളേജുകൾ പ്രവർത്തിക്കുന്നു.


ബി ടെക് ഡെയറി ടെക്നോളജി: കാലാവധി നാലുവർഷം (8 സെമസ്റ്റർ). പാൽ, പാലുൽപ്പന്ന മേഖലയിലെ ഒരു സവിശേഷ എൻജിനിയറിങ്‌ കോഴ്‌സാണ് ബി ടെക് ഡെയറി ടെക്‌നോളജി. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഉൽപ്പാദനം, സംസ്‌കരണം, വിപണനം എന്നിവയുടെ സാങ്കേതികവിദ്യ, എൻജിനിയറിങ്‌, ശാസ്ത്രം, സാമ്പത്തികം, മാനേജ്‌മെന്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ഡിഗ്രി പ്രോഗ്രാമാണിത്. ഡെയറി എക്സ്റ്റൻഷൻ ഓഫീസർമാർ, ഫുഡ് സേഫ്റ്റി ഓഫീസർമാർ എന്നീ തസ്തികകളിൽ ബിടെക് ഡെയറി ടെക്‌നോളജി ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫിസിക്സ്‌, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളോടുകൂടി 45 ശതമാനം മാർക്കോടെ 12–ാംക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. കീം(KEAM) സ്കോറിന്റെ അടിസ്ഥാനത്തിലും നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന ഐസിഎആർ പ്രവേശനപരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം.


എംടെക് ഡെയറി ടെക്നോളജി: കാലാവധി രണ്ടുവർഷം. യോഗ്യത ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബാച്ചിലേഴ്സ് ബിരുദം. 6.0/10 ഗ്രേഡ് പോയിന്റ്‌ അല്ലെങ്കിൽ 50 ശതമാനം മാർക്ക് ബിരുദതലത്തിൽ നേടിയിരിക്കണം. എസ്‌സി /എസ്ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് 7.0/10 ഗ്രേഡ് പോയിന്റ്‌ മതി. ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം, ജനറൽ വിഭാഗത്തിന് പരമാവധി പ്രായപരിധി 40 വയസ്സും എസ്‌സി /എസ്‌ടി/ ഭിന്നശേഷിക്കാർ വിഭാഗത്തിന് 45 വയസ്സും നിജപ്പെടുത്തിയിരിക്കുന്നു. പ്രവേശനം നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന ഐസിഎആർ -ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ സ്കോറിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലൂടെയാണ്. ഡെയറി സയൻസ്, ഡെയറി ടെക്നോളജി എന്നീ സ്ട്രീമുകളിലും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഡെയറി സയൻസിൽ ഡെയറി മൈക്രോബയോളജി, ഡെയറി കെമിസ്ട്രി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്.


പിഎച്ച്ഡി- ഡെയറി സയൻസ് ആൻഡ്‌ ടെക്നോളജി: ബന്ധപ്പെട്ട വിഷയത്തിൽ സർവകലാശാല അംഗീകരിച്ച ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദ തലത്തിൽ 7.5/10 ഗ്രേഡ് പോയിന്റ്‌ അല്ലെങ്കിൽ തത്തുല്യമായ ശതമാനം മാർക്ക് നേടിയിരിക്കണം. എസ്‌സി /എസ്‌ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് 7.0/10 ഗ്രേഡ് പോയിന്റ്‌ മതി. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന എഐസിഇ -ജെആർഎഫ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.


ഡിപ്ലോമ ഇൻ ഡെയറി സയൻസ്: കാലാവധി രണ്ടുവർഷം. ക്ഷീരശാസ്ത്രമേഖലയിലും അനുബന്ധ വിഷയങ്ങളിലും സൈദ്ധാന്തികവും പ്രായോഗികവുമായ അറിവും വൈദഗ്ധ്യവുമുള്ള യുവാക്കളെ വാർത്തെടുക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. പ്രവേശനയോഗ്യത ബയോളജി ഒരു വിഷയമായി പഠിച്ച് പ്ലസ്ടു അല്ലെങ്കിൽ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് (ക്ഷീരസംരക്ഷണം) അല്ലെങ്കിൽ ഡെയറി (പാൽ ആൻഡ്‌ പാലുൽപ്പന്നങ്ങൾ) എന്നിവയിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത. തെരഞ്ഞെടുപ്പും പ്രവേശനവും സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷവഴിയായിരിക്കും. പൂക്കോട്, മണ്ണുത്തി സെന്ററുകളിലായി ആകെ 60 സീറ്റ്. വിവരങ്ങൾക്ക്‌: www.kvasu.ac.in


​ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി


ഡിപ്ലോമ ഇൻ ഡെയറി ടെക്നോളജി (ഡിഡിടി): കാലാവധി ഒരുവർഷം. പഠനരീതി ഓപ്പൺ വിദൂരപഠനം. യോഗ്യത 12–ാംക്ലാസ് അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായിരിക്കണം. ഈ കോഴ്സ് വിജയിക്കുന്നവർക്ക് ക്ഷീര സഹകരണ സംഘത്തിന്റെ സെക്രട്ടറി, പാൽ സംഭരണ സൂപ്പർവൈസർ, പാൽ ടെസ്റ്റർ, ക്ഷീര പ്ലാന്റ് ഓപ്പറേറ്റർ/ ടെക്നീഷ്യൻ/ സൂപ്പർവൈസർ എന്നീ നിലകളിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിവരങ്ങൾക്ക്: www.ignou.ac.in


നാഷണൽ ഡെയറി റിസർച്ച് 
ഇൻസ്റ്റിറ്റ്യൂട്ട്- ഐസിഎആർ


ഹരിയാനയിലെ കർണാലിലുള്ള ഐസിഎആർ -നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻഡിആർഐ) ക്ഷീരമേഖലയിലെ സ്ഥാപനങ്ങളിൽ ഒന്നാണ്.


ബിടെക് ഡെയറി ടെക്നോളജി: കാലാവധി നാലുവർഷം (8 സെമസ്റ്റർ). എട്ടാമത്തെ സെമസ്റ്ററിൽ പ്രായോഗികപരിശീലനം ഉണ്ടായിരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ഒരു ബോർഡ്/സർവകലാശാലയിൽനിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബയോളജി, ഇംഗ്ലീഷ് എന്നിവ ഉൾപ്പെടെ 10+2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയാണ് പ്രവേശനത്തിനുള്ള യോഗ്യത. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യമായ ജിപിഎയോ നേടിയിരിക്കണം. പട്ടികജാതി/വർഗ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 40 ശതമാനം അല്ലെങ്കിൽ തത്തുല്യമായ ജിപിഎ ആണ് മാർക്ക്. പ്രവേശനം നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന അഖിലേന്ത്യ പ്രവേശനപരീക്ഷയായ സിയുഇടി വഴിയാണ് നടത്തുന്നത്.


ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ: ഡെയറി മൈക്രോബയോളജി, ഡെയറി ടെക്നോളജി, ഡെയറി എൻജിനിയറിങ്‌, ഡെയറി കെമിസ്ട്രി എന്നീ മേഖലകളിൽ പിജി കോഴ്സുകൾ നൽകുന്നുണ്ട്. പ്രവേശനവർഷത്തിൽ അപേക്ഷകന് 19 വയസ്സ് പൂർത്തിയായിരിക്കണം. മൂന്നു വർഷത്തെ ബിരുദ പ്രോഗ്രാമുള്ള വിദ്യാർഥികൾക്ക് മാസ്റ്റർ പ്രോഗ്രാമിന്റെ കുറഞ്ഞത് മൂന്ന് അക്കാദമിക് വർഷങ്ങളും (ആറ് സെമസ്റ്ററുകൾ) നാലുവർഷത്തെ പ്രൊഫഷണൽ ബിരുദമുള്ള ബിരുദധാരികൾക്ക് രണ്ടുവർഷവുമാണ്‌ (നാല് സെമസ്റ്ററുകൾ) കാലാവധി. യോഗ്യത ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽനിന്നുള്ള ഡെയറി, ഫുഡ്‌ ടെക്നോളജി, വെറ്ററിനറി സയൻസ് എന്നീ വിഷയങ്ങളിൽ ബാച്ചിലേഴ്സ് ബിരുദമാണ്. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ‌ടി‌എ) നടത്തുന്ന അഖിലേന്ത്യ പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം നടക്കുന്നത്.


പിഎച്ച്ഡി: ഡെയറി മൈക്രോബയോളജി, ഡെയറി ടെക്നോളജി, ഡെയറി എൻജിനിയറിങ്‌, ഡെയറി കെമിസ്ട്രി എന്നീ മേഖലകളിൽ ഗവേഷണം നടത്താനുള്ള അവസരമുണ്ട്. അപേക്ഷകന് 20 വയസ്സ് പൂർത്തിയായിരിക്കണം. പ്രവേശനത്തിനുള്ള യോഗ്യത ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽനിന്നുള്ള തനത് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ഗവേഷണ കാലാവധി കുറഞ്ഞത് മൂന്നുവർഷമാണ്‌, പരമാവധി ആറുവർഷംവരെ തുടരാം. അഡ്മിഷൻ ഐസിഎആർ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെ. വിവരങ്ങൾക്ക് https://ndri.res.in


തമിഴ്നാട് സ്റ്റേറ്റ് ക‍ൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ്‌


ഡിപ്ലോമ ഇൻ ഡെയറി ടെക്നോളജി (ഡിഡിടി): ക്ഷീരവ്യവസായത്തിലെ അടിസ്ഥാന അറിവും പ്രായോഗിക കഴിവുകളും നൽകുന്നു. പാലുൽപ്പാദനം, സംസ്കരണ രസതന്ത്രം, ഗുണനിലവാര നിയന്ത്രണം, ക്ഷീരോൽപ്പന്ന നിർമാണം തുടങ്ങിയ വിഷയങ്ങൾ ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളുന്നു. കാലാവധി ഒരുവർഷം. യോഗ്യത ബയോളജി ഗ്രൂപ്പിൽ 10+2 പാസായിരിക്കണം. വിവരങ്ങൾക്ക് https://tnscvt.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home