കമ്പനി സെക്രട്ടറിമാരാകാൻ പഠിക്കാം

കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്ന പ്രധാന സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI). പാർലമെന്റ് പാസാക്കിയ കമ്പനി സെക്രട്ടറി ആക്ട്, 1980 പ്രകാരം സ്ഥാപിതമായ പ്രൊഫഷണൽ സ്ഥാപനമാണിത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകളും രാജ്യത്തുടനീളം 73 ചാപ്റ്റർ ഓഫീസുകളുമുണ്ട്. സെക്രട്ടറിയൽ ഓഡിറ്റ്, വാലുവേഷന്‍, സർട്ടിഫിക്കേഷന്‍, ജിഎസ്ടി, ഇന്റലക്‌ച്വൽ പ്രോപ്പർട്ടി, മീഡിയേഷന്‍ ആൻഡ് കോൺസിലേഷൻ തുടങ്ങിയ മേഖലകളിലും ജോലിസാധ്യതയുണ്ട്. കൂടാതെ ബിസിനസ് സ്ഥാപനങ്ങളിലും സർക്കാർ മേഖലയിലും അവസരമുണ്ട്.
മൂന്നു ഘട്ടങ്ങൾ
കമ്പനി സെക്രട്ടറി കോഴ്‌സിന് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്. എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ്, എക്സിക്യൂട്ടീവ് പ്രോഗ്രാം, പ്രൊഫഷണൽ പ്രോഗ്രാം. ഇൗ ഘട്ടങ്ങൾ കഴിഞ്ഞാൽ ഒരു പ്രീമെമ്പർഷിപ് ട്രെയിനിങ് കൂടിയുണ്ട്. അതിനുശേഷമേ കമ്പനി സെക്രട്ടറിയായി പ്രവർത്തിക്കാനാകൂ. സിഎസ് എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (സിഎസ്ഇഇടി): 10+2 പാറ്റേൺപ്രകാരം 12–ാംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 2000 രൂപയാണ് ഫീസ്. സിഎസ് എക്സിക്യൂട്ടീവ് പ്രോഗ്രാം: സിഎസ്ഇഇടി പാസായവർക്കും ബിരുദമുള്ളവർക്കും സിഎസ് ഫൗണ്ടേഷന്‍ പാസായവർക്കും സിഎ ഫൈനല്‍ പാസായവർക്കും സിഎംഎ ഫൈനല്‍ പാസായവർക്കും രജിസ്റ്റര്‍ ചെയ്യാം. സിഎസ്ഇഇടി / സിഎസ് ഫൗണ്ടേഷന്‍ പാസായവർക്ക് 18,400 രൂപയും ബിരുദം, സിഎ, സിഎംഎ പാസായവർക്ക് 23,400 രൂപയുമാണ് ഫീസ്. സിഎസ് പ്രൊഫഷണല്‍ പ്രോഗ്രാം: സിഎസ് എക്സിക്യൂട്ടീവ് പ്രോഗ്രാം പാസായവർക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു ഗ്രൂപ്പുകളിലായി ആകെ ഏഴ് പേപ്പറുകള്‍ എഴുതണം, 20,000 രൂപയാണ് ഫീസ്.
പരീക്ഷ
സിഎസ് എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് ഒരുവർഷത്തിൽ നാലുതവണ ഉണ്ട്. മെയ് (അപേക്ഷ ഡിസംബർ 16–ഏപ്രിൽ 15), ജൂലൈ (അപേക്ഷ ഏപ്രിൽ 16–ജൂൺ 15), നവംബർ (അപേക്ഷ ജൂൺ 16-ഒക്ടോബർ 15), ജനുവരി (അപേക്ഷ ഒക്ടോബർ 16–-ഡിസംബർ 15) എന്നീ മാസങ്ങളിലാണവ. എക്സിക്യൂട്ടീവ് പ്രോഗ്രാമിനും പ്രൊഫഷണല്‍ പ്രോഗ്രാമിനും വർഷത്തില്‍ ജൂണ്‍–ഡിസംബര്‍ മാസങ്ങളിലായി രണ്ടുതവണ പരീക്ഷ നടത്തും. ഡിസംബര്‍ പരീക്ഷയ്ക്ക് രണ്ടു ഗ്രൂപ്പും എഴുതണമെങ്കില്‍ മെയ് 31നുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഒരു ഗ്രൂപ്പുമാത്രമാണ് എഴുതുന്നതെങ്കില്‍ ജൂലൈ 31നു മുന്‍പ് രജിസ്റ്റര്‍ ചെയ്താല്‍ മതി. ജൂണ്‍ പരീക്ഷയ്ക്ക് രണ്ടു ഗ്രൂപ്പും എഴുതണമെങ്കില്‍ നവംബര്‍ 30നുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഒരു ഗ്രൂപ്പുമാത്രമാണ് എഴുതുന്നതെങ്കില്‍ ജനുവരി 31നുമുമ്പ് രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. എല്ലാ പരീക്ഷകൾക്കും ഓരോ പേപ്പറിനും 40 ശതമാനം മാർക്കും ആകെ 50 ശതമാനം മാർക്കും നേടിയിരിക്കണം. കമ്പനി സെക്രട്ടറി കോഴ്സിനെ യുജിസി ബിരുദാനന്തര ബിരുദത്തിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൊമേഴ്സ്, മാനേജ്മെന്റ്, നിയമം എന്നീ മേഖലകളില്‍ ഗവേഷണം നടത്താനാകും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുപുറമെ പഠനസാമഗ്രികൾ ലഭിക്കും. റീജണൽ സെന്ററില്‍ / ചാപ്റ്ററിൽ ക്ലാസ്റൂം ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 1000 രൂപ അധികഫീസ് അടയ്‌ക്കണം. ഇ ലേണിങ് സംവിധാനവും ലഭ്യമാണ്. വിവരങ്ങൾക്ക്: www.icsi.edu










0 comments