കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ഏഴിന്; അപേക്ഷ ഒക്ടോബർ 31 വരെ

ദേശീയ നിയമ സർവ്വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ഏഴിന് നടക്കും. 2026 - 27 അധ്യയനവർഷത്തിലേക്കുള്ള പരീക്ഷയ്ക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ബിരുദതലത്തിൽ അഞ്ചുവർഷത്തെ ഓണേഴ്‌സ് കോഴ്സുകളാണ് രാജ്യത്തെ 26 ദേശീയ സർവ്വകലാശാലകളിലുമുള്ളത്. എല്ലായിടത്തും ബി എ എൽ എൽ ബി കോഴ്സ് ഉണ്ട്. അതിനു പുറമെ ബി കോം എൽ എൽ ബി, ബി ബി എ എൽ എൽ ബി, ബി എസ് സി എൽ എൽ ബി എന്നീ കോഴ്സുകളും തെരഞ്ഞെടുത്ത സർവ്വകലാശാലകളിലുണ്ട്.
ബിരുദാനന്തര ബിരുദ തലത്തിൽ ഒരു വർഷത്തെ എൽ എൽ എം കോഴ്സുകൾ എല്ലാ സർവകലാശാലകളിലും ഉണ്ട്. സർവകലാശാല അനുസരിച്ച് സ്പെഷ്യലൈസേഷനുകളിൽ വ്യത്യാസമുണ്ടാകും. യുജി, പിജി പ്രവേശനത്തിന് പ്രായപരിധി ഇല്ല. യുജി പ്രവേശനം തേടുന്നവർ 45% മാർക്കോടെ പത്ത്/പ്ലസ് ടു പാസായിരിക്കണം. 2026 മാർച്ചിൽ യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാറ്റ് യുജി, പിജി പ്രവേശനപരീക്ഷകൾ ഓഫ്‌ലൈൻ ആയാകും നടക്കുക.
വെബ്സൈറ്റ്: consortiumofnlus.ac.in
അപേക്ഷാഫീസ്: 4000 രൂപ. പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് 3500 രൂപ.
ക്ലാറ്റ് പിജി റാങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ജോലികൾക്കും അപേക്ഷിക്കാവുന്നതാണ്.











0 comments