19 എയിംസുകളിൽ ബിഎസ്‌സി കോഴ്‌സുകൾ; അപേക്ഷ ഇപ്പോൾ

പി കെ അൻവർ മുട്ടാഞ്ചേരി
Published on Apr 15, 2026, 01:29 PM | 2 min read
ന്യൂഡൽഹി അടക്കം രാജ്യത്തെ 19 എയിംസുകളിലെ ബിഎസ്‌സി (ഓണേഴ്സ്) നഴ്‌സിങ്, ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), ബിഎസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷകൾക്ക് അപേക്ഷിക്കേണ്ട സമയമാണിത്. ന്യൂഡൽഹി, റായ്‌പുർ, ഋഷികേശ്, ഭോപാൽ, ബതിൻഡ, ഭുവനേശ്വർ, കല്യാണി, ദിയോഗർ, ഗോരഖ്‌പുർ, ജോധ്‌പുർ, ബിലാസ്‌പുർ, നാഗ്പുർ, മംഗളഗിരി, പട്ന, ബിബിനഗർ, റായ്‌ബറേലി, ഗുവാഹത്തി, ജമ്മു, രാജ്കോട്ട് എന്നീ എയിംസുകളിലാണ് പഠനാവസരം.
പ്രോഗ്രാമുകൾ
ബിഎസ്‌സി ഓണേഴ്സ് നഴ്സിങ്: 19 എയിംസുകളിലായി 1366 സീറ്റുകളുണ്ട്. പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. നാലുവർഷ പ്രോഗ്രാമിന് 5000 രൂപയിൽ താഴെയാണ് ഫീസ്.
ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്): എയിംസ് ന്യൂഡൽഹിയിൽമാത്രമാണ് പഠനാവസരം. രണ്ടുവർഷ പ്രോഗ്രാം. 50 സീറ്റുകളുണ്ട്. ഇതിൽ 20 സീറ്റ് ഡിപ്പാർട്ട്മെന്റൽ അപേക്ഷകർക്കുള്ളതാണ്.
ബിഎസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രോഗ്രാമുകൾ: ഒപ്റ്റോമെട്രി, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ ഹൈജീൻ, ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, സ്ലീപ് ടെക്നോളജി, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, യൂറോളജി ടെക്നോളജി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി തുടങ്ങി വിവിധ ബിഎസ്‌സി /ബിഎസ്‌സി ഓണേഴ്സ് പ്രോഗ്രാമുകളിലായി 725 സീറ്റുകളുണ്ട്. 3, 4 വർഷ പ്രോഗ്രാമുകളാണ്.
യോഗ്യത
അപേക്ഷകർക്ക് 2026 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. 2010 ജനുവരി രണ്ടിനോ ശേഷമോ ജനിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.
ബിഎസ്‌സി നഴ്‌സിങ്ങിന് പ്ലസ്ടുവിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 55 ശതമാനം മാർക്ക് വേണം. പട്ടികവിഭാഗത്തിന് 50 ശതമാനം മതി.
അലൈഡ് ആൻഡ് ഹെൽത്ത് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം (പട്ടികവിഭാഗത്തിന് 45 ശതമാനം) മാർക്ക് നേടിയിരിക്കണം. ചില അലൈഡ് ആൻഡ് ഹെൽത്ത് പ്രോഗ്രാമുകൾക്ക് ബയോളജിക്കുപകരം മാത്‌സ് പഠിച്ചാലും അപേക്ഷിക്കാം. അലൈഡ് ആൻഡ് ഹെൽത്ത് പ്രോഗ്രാമുകളുടെ യോഗ്യതയിൽ മറ്റു ചില മാറ്റങ്ങളുമുണ്ട്. സ്ഥാപന/ പ്രോഗ്രാംതല പ്രവേശനയോഗ്യതകൾ പ്രോസ്പെക്ടസിലുണ്ട്. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.
ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമിന് പ്ലസ്ടു, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ (ജിഎൻഎം) എന്നിവ പൂർത്തിയാക്കിയവർക്കാണ് അവസരം. ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും നേടിയിരിക്കണം.
പ്രവേശനപരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ്. ബിഎസ്‌സി നഴ്സിങ് പ്രവേശനപരീക്ഷ ജൂൺ 27നും അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രോഗ്രാം പ്രവേശനപരീക്ഷ ജൂലൈ നാലിനും നടക്കും. ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്) പരീക്ഷ മെയ് 30നാണ്.
ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് പ്രവേശനത്തിനുള്ള രണ്ടുമണിക്കൂർ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്ന് 30 വീതവും ജനറൽ നോളജിൽനിന്ന് 10 ചോദ്യങ്ങളുമുണ്ടാകും.
അലൈഡ് ആൻഡ് ഹെൽത്ത് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഒന്നരമണിക്കൂർ പരീക്ഷയാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി /കണക്ക് വിഷയങ്ങളിൽ 30 വീതം ചോദ്യങ്ങളുണ്ടാകും. പ്ലസ്ടു നിലവാരത്തിലുള്ള ഇരു പരീക്ഷകളിലും ശരിയുത്തരത്തിന് ഒരു മാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാൽ മൂന്നിലൊരു മാർക്ക് നഷ്ടപ്പെടും. പരീക്ഷകളിൽ യോഗ്യത നേടണമെങ്കിൽ 50 ശതമാനം മാർക്ക് നേടണം.
ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രവേശനപരീക്ഷയിൽ രണ്ടുഘട്ടങ്ങളുണ്ടാകും. ആദ്യഘട്ടമായ എഴുത്തുപരീക്ഷ വിജയിക്കുന്നവർക്കായി പേഴ്സണൽ അസസ്മെന്റ് /ഇന്റർവ്യൂ നടത്തും. ഡൽഹിയിൽമാത്രമേ എഴുത്തുപരീക്ഷയ്‌ക്ക് കേന്ദ്രമുള്ളൂ.
അപേക്ഷ 24 വരെ
ഓൺലൈനിൽ ഏപ്രിൽ 24 വരെ അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാഫീസ്. ഇഡബ്ല്യുഎസ്, പട്ടികവിഭാഗക്കാർക്ക് 1600 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസില്ല. വിവരങ്ങൾക്ക്: aiimsexams.ac.in










0 comments