എഡ്യുക്കേഷനിലും മറ്റൊരു വിഷയത്തിലും ഇരട്ട ബിരുദം
നാലുവർഷ ഇന്റഗ്രേറ്റഡ് ബിഎഡ്: 16,950 സീറ്റ്, ഇപ്പോള്‍ അപേക്ഷിക്കാം

എ ഐ പ്രതീകാത്മക ചിത്രം
പ്രൊഫ. കെ പി ജയരാജൻ
Published on Feb 25, 2026, 12:19 PM | 2 min read
എഡ്യുക്കേഷനിലും ഒപ്പം ഒരു നിശ്ചിത വിഷയത്തിലുമായി ഇരട്ട ബിരുദം നേടി അധ്യാപകരാകാൻ അവസരമുണ്ട്. ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാംവഴി നാലുവർഷംകൊണ്ട് എഡ്യുക്കേഷനിലും അതോടൊപ്പം ആർട്സ്/ സയൻസ്/ കൊമേഴ്സ് സ്ട്രീമുകളിലൊന്നിലുമായി രണ്ടു ബിരുദം നേടാമെന്നതാണ് ഈ കോഴ്സിന്റെ സവിശേഷത. ഇതിനായി 2026–-27 സെഷനിലെ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് മാർച്ച് 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത
ഹയർ സെക്കൻഡറി/ തത്തുല്യം ജയിച്ചവർക്കും ഇത്തവണ 12–ാംക്ലാസ് എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശനം തേടുന്ന സ്ഥാപനങ്ങളിൽ പ്രത്യേക യോഗ്യതാവ്യവസ്ഥകൾ അവയുടെ വെബ്സൈറ്റിൽ പരിശോധിക്കണം. കേരളത്തിലെ കോളേജുകളിൽ ഹയർ സെക്കൻഡറി/ തത്തുല്യം പരീക്ഷയിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക് വേണ്ടതുണ്ട്.
സ്ഥാപനങ്ങൾ
കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ, എൻഐടികൾ, ഇഗ്നോ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, കേന്ദ്ര സംസ്കൃത സർവകലാശാലകളും മറ്റു നിരവധി ഓട്ടോണമസ് കോളേജുകളും.
കേരളത്തിൽ
സംസ്ഥാനത്ത് 850 സീറ്റുകളുണ്ട്. കേരള കേന്ദ്ര സർവകലാശാല, കാസർകോട് (ബിഎ/ബിഎസ്‌സി/ബികോം. ബിഎഡ്) എൻഐടി, കോഴിക്കോട് (ബിഎസ്‌സി. ബിഎഡ്). സംസ്കൃത സർവകലാശാല, കാലടി (ബിഎ. ബിഎഡ്). കേന്ദ്ര സംസ്കൃത സർവകലാശാല, ഗുരുവായൂർ ക്യാമ്പസ് (ബിഎ. ബിഎഡ്) എന്നീ സ്ഥാപനങ്ങളിലും കൂടാതെ മൂന്ന് ഓട്ടോണമസ് കോളേജുകളിലും.
പ്രവേശനപരീക്ഷ
ഏപ്രിൽ 17ന് നടക്കുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മൂന്നുമണിക്കൂറായിരിക്കും. ഒബ്ജക്ടീവ് മാതൃകയിൽ ആകെ 181 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഇതിൽ 160 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. പരീക്ഷയ്‌ക്ക് നാല് വിഭാഗങ്ങളുണ്ടാകും. ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം വിഷയങ്ങൾ അപേക്ഷാസമയത്ത് തെരഞ്ഞെടുക്കണം.
വിഭാഗം ഒന്ന്: (ഭാഷകൾ)- 38 വ്യത്യസ്‌ത ഭാഷകളിൽനിന്ന് രണ്ടെണ്ണം തെരഞ്ഞെടുക്കണം. ഓരോന്നിൽനിന്നും 23 വീതം ചോദ്യങ്ങളുണ്ടാകും. 20 വീതം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയവ 38 ഭാഷകളിൽപ്പെടും.
വിഭാഗം രണ്ട്: അപേക്ഷിക്കുന്ന സ്ഥാപനത്തിലെയും കോഴ്സിന്റെയും മേഖലയനുസരിച്ച് ആകെയുള്ള 26 വിഷയങ്ങളിൽനിന്ന് മൂന്നെണ്ണം തെരഞ്ഞെടുക്കണം. ഓരോ വിഷയത്തിൽനിന്നും 28 വീതം ചോദ്യങ്ങൾ. 25 വീതം ഉത്തരങ്ങൾ നൽകണം.
വിഭാഗം മൂന്ന്: പൊതുവിഭാഗമായ ഇവിടെ 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരമെഴുതണം. പൊതുവിജ്ഞാനം, സംഖ്യാവബോധം, യുക്തിബോധം, വിശകലനപരമായ കഴിവുകൾ തുടങ്ങിയവയിൽനിന്നായിരിക്കും ചോദ്യങ്ങൾ.
വിഭാഗം നാല്: അധ്യാപക അഭിരുചി മനസ്സിലാക്കാനുള്ള 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരമെഴുതണം. ശരിയുത്തരത്തിന് നാലു മാർക്കുവീതം. ഓരോ തെറ്റുത്തരത്തിനും ഒരു മാർക്കുവീതം നെഗറ്റീവാകും.
മറ്റ് വിവരങ്ങൾ
സംസ്ഥാനത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ എഴുതാം. അപേക്ഷയിൽ മുൻഗണനാടിസ്ഥാനത്തിൽ നാല് കേന്ദ്രങ്ങൾ നൽകാം. അപേക്ഷാഫീസ് 1200 രൂപ. പിന്നാക്കം/സാമ്പത്തിക പിന്നാക്കം 1000 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗം 650 രൂപ. ഫീസ് മാർച്ച് 11നും അടയ്‌ക്കാം. വിവരങ്ങൾക്ക്: :https://exams.nta.nic.in/ncet,nta.ac.in ഫോൺ:011/40759000 ഇ– മെയിൽ: [email protected]









0 comments