print edition ഇക്കണോമിക്സിലും ഡാറ്റാ സയൻസിലും ബിഎസ്‌സി

ഡോ. കെ ആർ രാജേഷ് ബാബു
Published on Sep 10, 2026, 01:30 AM | 1 min read
മാനേജ്മെന്റ് പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു (ഐഐഎം ബംഗളൂരു) ബിഎസ്‌സി (ഇക്കണോമിക്സ്), ബിഎസ്‌സി (ഡാറ്റ സയൻസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് കോഴ്സുകളും റസിഡൻഷ്യൽ പ്രോഗ്രാമുകളാണ്.
കോഴ്സുകൾ
ബിഎസ്‌സി (ഓണേഴ്സ്) ഡാറ്റാ സയൻസ്: കാലാവധി നാലുവർഷം. പൈത്തൻ പ്രോഗ്രാമിങ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റബേസ് മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ് എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ഇക്കണോമിക്സാണ് മൈനർ വിഷയം.
ബിഎസ്‌സി (ഓണേഴ്സ്) ഇക്കണോമിക്സ്: കാലാവധി നാലുവർഷം. മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, പബ്ലിക് പോളിസി, ഫിനാൻഷ്യൽ മാർക്കറ്റിങ്, ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമിക് അനാലിസിസ് വിത്ത് ഡാറ്റാ സയൻസ് എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. മൈനർ വിഷയമായി ഡാറ്റാ സയൻസ് എടുക്കണം.
യോഗ്യത
അംഗീകൃത ബോർഡിൽനിന്നുള്ള പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ കോഴ്സ് വിജയിച്ചിരിക്കണം. 11, 12 ക്ലാസുകളിൽ ഗണിതശാസ്ത്രം വിഷയമായി പഠിച്ചിരിക്കണം. പത്താം ക്ലാസിൽ ഗണിതശാസ്ത്രത്തിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. പ്രായം 2027 ആഗസ്ത് ഒന്നിന് 20 വയസ്സിൽ കൂടാൻ പാടില്ല. ഇപ്പോൾ 12–ാം ക്ലാസ് പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷയും അഭിമുഖവും
അഖിലേന്ത്യ പ്രവേശന പരീക്ഷയിലും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വ്യക്തിഗത അഭിമുഖത്തിലും യോഗ്യത നേടുന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഡ്മിഷൻ ടെസ്റ്റ് നവംബർ 15ന് ഓൺലൈനായി നടക്കും. പരീക്ഷയ്ക്ക് ക്വാണ്ടിട്ടേറ്റീവ് ആൻഡ് ഡാറ്റാ ഇന്റർപ്രിട്ടേഷൻ, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംബ്രിഹെൻഷൻ എന്നീ മേഖലകളിൽനിന്നായി 135 മിനിറ്റ് ദൈർഘ്യമുള്ള 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. അപേക്ഷ ഓൺലൈനിൽ ഒക്ടോബർ 15 വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: www.ug.iimb.ac.in










0 comments