വസ്ത്രനിർമാണം, ഫാഷൻ ഡിസൈൻ ബിവോക് കോഴ്സുകൾ പഠിക്കാം

പ്രൊഫ. കെ പി ജയരാജൻ
Published on Jun 03, 2026, 12:43 PM | 2 min read
ബിരുദ പഠന കാലയളവിൽത്തന്നെ വ്യവസായമേഖലയിലെ ജോലികളിലേക്ക് വിദ്യാർഥികളെ സജ്ജമാക്കുന്നതിനുള്ള അറിവും നൈപുണ്യവും നേടിക്കൊടുക്കുന്ന അപ്പാരൽ ഫാഷൻ ഡിസൈൻ കോഴ്സുകളിൽ ചേരാൻ അവസരം. ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററും ചേർന്ന് നടത്തുന്ന തൊഴിലധിഷ്ഠിത ബിവോക് കോഴ്സുകൾ രാജ്യത്തെ 18 സ്ഥാപനങ്ങളിൽ പഠിക്കാം.
കേരളത്തിൽ തളിപ്പറമ്പ്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളുമുണ്ട്. അപ്പാരൽ മാനുഫാക്ചറിങ് ആൻഡ് എൻട്രപ്രണർഷിപ്, ഫാഷൻ ഡിസൈൻ ആൻഡ് റീറ്റൈൽ എന്നിവയാണ് ബിവോക് കോഴ്സുകൾ. ജൂൺ എട്ടുവരെ ഓൺലൈനിൽ അപേക്ഷിക്കാം. ഹയർ സെക്കൻഡറി/ തത്തുല്യം പാസായവർക്കാണ് പ്രവേശനയോഗ്യത.
പ്രത്യേകത
വസ്ത്രവ്യവസായ വിദഗ്‌ധർ തയ്യാറാക്കുന്ന സാങ്കേതിക മോഡ്യൂളുകൾ കോഴ്സിന്റെ പ്രധാന പ്രത്യേകതയാണ്. വർഷത്തിലുള്ള ഇന്റേൺഷിപ്പും വ്യവസായസന്ദർശനവും പുതിയ പഠനാനുഭവം നൽകുന്നവയുമാണ്. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്‌ഷൻ മാനേജർ, ഇൻഡസ്ട്രിയൽ മാനേജർ, ഫാഷൻ ഇൻഡസ്ട്രി ക്വാളിറ്റി അഷ്വറൻസ് മാനേജർ, ക്വാളിറ്റി കൺട്രോളർ തുടങ്ങിയ ജോലികളിൽ സാധ്യതയുണ്ട്. ഫാഷൻ- ടെക്‌സ്‌റ്റൈൽ വ്യവസായത്തിൽ മികച്ച സ്വയം സംരംഭകരാകാനുമാകും. എംവോക്/എംബിഎ/മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് തുടങ്ങിയവയിൽ ഉപരിപഠനത്തിനും ചേരാം.
പ്രോഗ്രാമുകൾ
ബിവോക്- അപ്പാരൽ മാനുഫാക്ചറിങ് ആൻഡ് എൻട്രപ്രണർഷിപ്: അപ്പാരൽ പ്രൊഡക്‌ഷൻ സിസ്റ്റംസ്, പാറ്റേൺ മേക്കിങ്, ഗാർമെന്റ് മേക്കിങ്, അപ്പാരൽ മാർക്കന്റയിസിങ് ആൻഡ് പ്രോസസ്, ടെക്സ്റ്റൈൽ മാനുഫാക്ചറിങ്, ഇൻഡസ്ട്രിയൽ എൻജിനിയറിങ്, ഐടി അപ്ലിക്കേഷൻ ഇൻ അപ്പാരൽ ഇൻഡസ്ട്രി, ബിസിനസ് പ്ലാനിങ്, സോഫ്റ്റ്സ്കിൽ ഡെവലപ്മെന്റ് തുടങ്ങിയവയാണ് പഠനവിഷയങ്ങൾ.
ബിവോക് -ഫാഷൻ ഡിസൈൻ ആൻഡ് റീടെയിൽ: പാറ്റേൺ മേക്കിങ്, ഓൺലൈൻ പ്രൊമോഷൻ സ്ട്രാറ്റജീസ്, ഇ മെയിൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ പരസ്യങ്ങൾ, ഫാഷൻ പ്രവചനം, പ്രൊഡക്ട് ഡെവലപ്മെന്റ്, ബ്രാൻഡിങ്, വിലനിർണയം, വിതരണം എന്നിവ ഉൾക്കൊള്ളുന്നതാണ് സിലബസ്.
മറ്റ് വിവരങ്ങൾ
ആറ് സെമസ്റ്ററുകളായി മൂന്നുവർഷം. പ്രവേശനത്തിന് സ്ക്രീനിങ് ടെസ്റ്റുണ്ട്. സംവരണ ആനുകൂല്യമുണ്ട്. ട്യൂഷൻ ഫീസ് ഓരോ സെമസ്റ്ററിനും 44,250 രൂപ. തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിലും തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര ടെക്സ്റ്റൈൽ സെന്ററിലുമാണ് കോഴ്സുകൾ നടക്കുന്നത്. അപേക്ഷാഫീസ് 400 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗത്തിന് 200 രൂപ. സ്ക്രീനിങ് ടെസ്റ്റ് ജൂൺ ഒന്പതിന് നടക്കും. ജൂൺ 22 വരെ ഫീസ് അടയ്‌ക്കാം. ക്ലാസുകൾ ജൂലൈ 27ന് തുടങ്ങും.
ഹയർ സെക്കൻഡറിക്കാർക്ക് ചേരാവുന്ന ഒരുവർഷം ദൈർഘ്യമുള്ള അപ്പാരൽ മാനുഫാക്ചറിങ് ടെക്നോളജി/ ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ രണ്ടു ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്. വിവരങ്ങൾക്ക്: www.rgniyd.gov.in, atdcindia.co.in ഫോൺ: 97462 71004 (തിരുവനന്തപുരം) 83010 30362 (തളിപ്പറമ്പ്) 99950 04269.










0 comments