ad
Deshabhimani

സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Technical school
വെബ് ഡെസ്ക്

Published on Mar 14, 2026, 03:34 PM | 2 min read

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വിഷയങ്ങളോടൊപ്പം സാങ്കേതിക വിഷയങ്ങളിലുമുള്ള പ്രാവീണ്യവും തൊഴിൽനൈപുണ്യവും സ്കൂൾ തലത്തിൽ തന്നെ നേടാൻ അവസരം ഒരുക്കുന്ന സ്ഥാപനങ്ങളാണ് ടെക്നിക്കൽ ഹൈസ്കൂളുകൾ (ടിഎച്ച്എസ്).


ടിഎച്ച്എസിൽ പഠനകാലാവധി മൂന്ന് വർഷമാണ്. എട്ട് ,ഒൻപത്, പത്താം ക്ലാസുകളിലായി പാഠ്യപദ്ധതി പൂർത്തിയാക്കണം. ഓരോ സ്കൂളിലും ലഭ്യമായ സീറ്റുകളെക്കാൾ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ അഭിരുചി പരീക്ഷയിലൂടെ വിദ്യാർഥികളെ തിരഞ്ഞെടുക്കും. പരീക്ഷ ഏപ്രിൽ 9ന് അതത് സ്കൂളുകളിൽ നടത്തും. അന്നുതന്നെ ഫലം പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പട്ടിക ഏപ്രിൽ 17ന് സ്കൂളുകളിൽ പ്രസിദ്ധീകരിക്കും.


പ്രവേശന നടപടികൾ ഏപ്രിൽ 20 മുതൽ മേയ് 8 വരെ നടക്കും. പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ജൂൺ 1ന് ആരംഭിക്കും. https://ths.polyadmission.org എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 6 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല. ഒന്നിലധികം സ്കൂളുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം അപേക്ഷ നൽകണം.


ഏഴാം ക്ലാസ് പൂർത്തിയാക്കി എട്ടാം ക്ലാസിലേക്കുള്ള യോഗ്യത നേടിയവർക്കും ഈ വർഷം ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. ജൂൺ 1 ന് 16 വയസ്സ് പൂർത്തിയായിരിക്കരുത്. ഭിന്നശേഷിക്കാർ, വിമുക്ത സൈനികരുടെ മക്കൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കായി എല്ലാ സ്കൂളുകളിലും സീറ്റ് സംവരണം ഉണ്ടായിരിക്കും.


ടിഎച്ച്എസ് പാഠ്യപദ്ധതിയിൽ പൊതുവിദ്യാഭ്യാസ വിഷയങ്ങളോടൊപ്പം സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യമുണ്ട്. പഠനത്തിനിടെ വിദ്യാർഥികൾക്ക് ഏതെങ്കിലും ഒരു മേഖലയിലെ തൊഴിൽ വൈദഗ്ധ്യം നേടാൻ അവസരമുണ്ട്. പത്താം ക്ലാസിൽ ലഭിക്കുന്ന ടിഎച്ച്എസ്എൽസി സർട്ടിഫിക്കറ്റ് എസ്എസ്എൽസിക്കു തുല്യമാണ്. എന്നാൽ ടിഎച്ച്എസ് കരിക്കുലത്തിൽ ബയോളജി വിഷയമായി ഉൾപ്പെടുത്തിയിട്ടില്ല. ടിഎച്ച്എസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക് പ്രവേശനത്തിൽ 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.


അഭിരുചി പരീക്ഷ ഏഴാം ക്ലാസ് നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. കണക്ക്, ഇംഗ്ലീഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാകുക.


എട്ടാം ക്ലാസിൽ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഐടി എന്നീ പൊതുവിദ്യാഭ്യാസ വിഷയങ്ങളോടൊപ്പം അടിസ്ഥാന സാങ്കേതിക പരിശീലനവും നൽകും. ഒമ്പതും പത്തും ക്ലാസുകളിൽ പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്കൊപ്പം എൻജിനീയറിങ് വിഷയങ്ങളും വിദ്യാർഥി തിരഞ്ഞെടുത്ത ട്രേഡിലുമുള്ള പരിശീലനവും ലഭിക്കും. എട്ടാം ക്ലാസിലെ മാർക്ക്, വിദ്യാർഥിയുടെ താൽപര്യം, സ്കൂളിൽ ലഭ്യമായ സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ട്രേഡ് നിശ്ചയിക്കുന്നത്. പത്താം ക്ലാസ് വിജയിക്കുന്നവർക്ക് പഠിച്ച ട്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home