കളി കരിയറാക്കാം
സംസ്‌കൃത സർവകലാശാലയിൽ എംപിഇഎസ് പ്രോഗ്രാമിന് അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (എംപിഇഎസ്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്.
പ്രവേശനം
സംസ്‌കൃത സർവകലാശാല അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബിപിഇ/ബിപിഎഡ്/ബിപിഇഎസ്) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോർട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. അപേക്ഷകര്‍ക്ക് 2026 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല. പ്രവേശന പരീക്ഷ (50 മാര്‍ക്ക്), ഗെയിം പ്രൊഫിഷ്യൻസി (25 മാര്‍ക്ക്), ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് (15 മാര്‍ക്ക്), സ്‌പോട്‌സിൽ കൈവരിച്ച നേട്ടങ്ങൾ (10 മാര്‍ക്ക്) എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സെലക്ഷന്‍ ടെസ്റ്റില്‍ 50% മാര്‍ക്ക് (എസ്. സി./എസ്. ടി. വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക്) നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. 2026 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2026 ആഗസ്ത് 31ന് മുമ്പായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അവസാന തീയതി
ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. മെയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയ് 21ന് പ്രവേശന നടപടികൾ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in. ഫോൺ: 0484-2699731.
തൊഴിലവസരങ്ങൾ
കായികാധ്യാപകര്‍, പേഴ്സണല്‍ ട്രെയിനര്‍, സ്പോര്‍ട്സ് ഏജന്റുമാര്‍, സ്പോര്‍ട്സ് ലീഗുകള്‍ രൂപകല്‍പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ലീഗ് മാനേജര്‍മാര്‍, ടൂര്‍ണമെന്റുകള്‍ രൂപകല്‍പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ടൂര്‍ണമെന്റ് മാനേജര്‍മാര്‍, ക്ലബ്ബുകളെ നയിക്കുന്ന ക്ലബ് മാനേജര്‍മാര്‍, ടീമുകളെ നയിക്കുന്ന ടീം മാനേജര്‍മാര്‍, സ്പോര്‍ട്സ് പി ആര്‍ ഒമാര്‍, സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, സ്പോര്‍ട്സ് അക്കൌണ്ട്സ് എക്സിക്യൂട്ടീവുകള്‍, പ്ലയര്‍ ലയ്സന്‍ ഓഫീസര്‍മാര്‍, സ്പോര്‍ട്സ് മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ എന്നിവയും ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ലഭിക്കാവുന്ന തൊഴില്‍ മേഖലകളാണ്.
വിവിധ കായിക മത്സരങ്ങളുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോര്‍ട്സ് ഇവന്‍റ് കോഓര്‍ഡിനേറ്റര്‍മാര്‍, സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യം, പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്പോര്‍ട്സ് ഫസിലിറ്റികളുടെ നടത്തിപ്പിന്‍റെ ചുമതലയുള്ള സ്പോര്‍ട്സ് ഫസിലിറ്റി മാനേജര്‍മാര്‍, പൊതുജനത്തെ വിവിധ കായിക ഇനങ്ങളിലെയ്ക്കും ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്കും ആകര്‍ഷിക്കുന്നതിന് ആവശ്യമായ വിവിധ പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പാക്കുന്ന സ്പോര്‍ട്സ് ഡെവലപ്മെന്റ് ഓഫീസര്‍, പ്രൊഫഷണല്‍ സ്കൗട്ടുകൾ, സ്പോര്‍ട്സ് അനലിസ്റ്റ്, സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്, കമന്‍റെറ്റര്‍മാര്‍, പെര്‍ഫോര്‍മന്‍സ് അനലിസ്റ്റുകള്‍, ഡേറ്റ അനലിസ്റ്റുകള്‍, വീഡിയോ അനലിസ്റ്റുകള്‍, കോളമിസ്റ്റുകള്‍ എന്നിങ്ങനെ ഫിസിക്കല്‍ എഡ്യുക്കേഷനിൽ തൊഴിൽ സാദ്ധ്യതകൾ ഏറെയാണ്.










0 comments