റെയിൽവേയിൽ 6557 ടെക്നീഷ്യൻ

Representative Image | AI
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് രാജ്യത്തുടനീളമുള്ള 6557 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ ഗ്രേഡ് -I സിഗ്നൽ വിഭാഗത്തിൽ 323, ടെക്നീഷ്യൻ ഗ്രേഡ്- III വിഭാഗത്തിൽ 6234 എന്നിങ്ങനെയാണ് ഒഴിവുകൾ.
ടെക്നീഷ്യൻ ഗ്രേഡ് -I സിഗ്നൽ തസ്തികയിൽ ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ബിഎസ്‌സി ബിരുദമോ മൂന്ന് വർഷത്തെ ഡിപ്ലോമയോ അല്ലെങ്കിൽ എൻജിനിയറിങ് ബിരുദമോ വേണം. ടെക്നീഷ്യൻ ഗ്രേഡ്- III തസ്തികയിൽ മെട്രിക്കുലേഷൻ/എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ (NCVT/SCVT) അല്ലെങ്കിൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഗ്രേഡ് -III സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ തസ്തികയ്ക്ക് പ്ലസ് ടു (ഫിസിക്സും മാത്‌സും) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ടെക്നീഷ്യൻ ഗ്രേഡ് -I സിഗ്നൽ തസ്തികയിൽ 18–33 ഉം ടെക്നീഷ്യൻ ഗ്രേഡ് -III തസ്തികയിൽ 18–30 ഉം ആണ് പ്രായപരിധി. നിയമാനുസൃത ഇളവുണ്ടാകും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രേഖകളുടെ പരിശോധന (DV), മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാം.
പൊതുവിഭാഗത്തിലുള്ളവർക്ക് 500 രൂപയാണ് ഫീസ്. ഇതിൽ പരീക്ഷ എഴുതുന്നവർക്ക് 400 രൂപ ബാങ്ക് ചാർജ് കുറച്ച് തിരികെ നൽകും. എസ്‌സി, എസ്ടി, മുൻ സൈനികർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷങ്ങൾ, ഇബിസി വിഭാഗക്കാർ എന്നിവർക്ക് 250 രൂപയാണ് ഫീസ്. പരീക്ഷയിൽ പങ്കെടുത്താൽ ഈ തുക പൂർണമായും ഇവർക്ക് റീഫണ്ട് ചെയ്യും.
rrb.indianrailways.gov.in പോർട്ടൽ വഴിയോ www.rrbthiruvananthapuram.gov.in പോലെയുള്ള പ്രാദേശിക ആർആർബി വെബ്സൈറ്റുകൾ വഴിയോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 29.











0 comments