സിവിൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; എൻഎച്ച്എഐയിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം നടക്കുന്നത്.
സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 15 (വൈകുന്നേരം 6 മണി വരെ) ആണ്. അംഗീകൃത സർവ്വകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്നുമുള്ള സിവിൽ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. വാലിഡ് ആയ ഗേറ്റ് 2026 സ്കോർ നിർബന്ധമാണ്.
ഫലം വരാൻ കാത്തിരിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ ഇവർ 2026 ഓഗസ്റ്റ് 31-നകം സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സാണ് (2026 ജൂൺ 15 അടിസ്ഥാനമാക്കി).
എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും, ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള പേ മാട്രിക്സ് ലെവൽ 10 (രൂപ 56,100 - 1,77,500) അനുസരിച്ചുള്ള മികച്ച ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗേറ്റ് 2026 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുക. ഇതിനായി പ്രത്യേക രേഖാമൂലമുള്ള പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കുന്നതല്ല.
തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ നിയമനം. യാതൊരുവിധ അപേക്ഷാ ഫീസും ഈ തസ്തികയിലേക്ക് നിശ്ചയിച്ചിട്ടില്ല. താല്പര്യമുള്ളവർക്ക് nhai.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് വിജ്ഞാപനം വിശദമായി വായിച്ച ശേഷം അപേക്ഷിക്കാവുന്നതാണ്.











0 comments