ad
Deshabhimani

നീറ്റിന് ശേഷം ഇനി എന്ത്? അറിയാം കൗൺസലിങ്‌ പ്രക്രിയകൾ

neet ug
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on May 06, 2026, 02:56 PM | 2 min read

നീറ്റ് യുജി (NEET UG 2026) കഴിഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ എളുപ്പമായിരുന്നു പരീക്ഷ. സ്വാഭാവികമായും സർക്കാർ മേഖലയിൽ സീറ്റുറപ്പിക്കാൻ ഉയർന്ന മാർക്ക് നേടേണ്ടി വരും. വരും ദിവസങ്ങളിൽ ഒഎംആർ ഷീറ്റിന്റെ സ്കാൻ ഇമേജ്, റെക്കോഡഡ് റെസ്പോൺസസ്, പ്രൊവിഷണൽ ആൻസർ കീ എന്നിവ പ്രസിദ്ധീകരിക്കും. ജൂൺ പകുതിയോടെ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് തങ്ങളുടെ നീറ്റ് റാങ്കിന്‌ അനുസരിച്ച്, ഏറ്റവും യോജിച്ച പ്രോഗ്രാമുകൾക്ക്, താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാനായി വ്യത്യസ്ത കൗൺസലിങ്‌ പ്രക്രിയകളിൽ പങ്കെടുക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട കൗൺസലിങ്‌ പ്രക്രിയകളെ പരിചയപ്പെടുത്തുകയാണിവിടെ.


​എംസിസി കൗൺസലിങ്‌


മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റി (MCC ) അഖിലേന്ത്യാതലത്തിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി നടത്തുന്ന പൊതുവായ കൗൺസലിങ്‌ പ്രക്രിയയാണിത്. ഇന്ത്യയിലെ എല്ലാ ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകൾ (എംബിബിഎസ്/ബിഡിഎസ്), വിവിധ എയിംസുകളിലെ മുഴുവൻ സീറ്റുകൾ, ജിപ്മർ (പുതുച്ചേരി, കാരയ്ക്കൽ) അഖിലേന്ത്യ സീറ്റുകൾ, ഡീംഡ് യുണിവേഴ്സിറ്റികളിലെ മുഴുവൻ സീറ്റുകൾ, കേന്ദ്ര സർവകലാശാലകളിലെ ഓപ്പൺ സീറ്റുകൾ, ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളേജുകളിലെ ഐപി ക്വോട്ട സീറ്റുകൾ (എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ്‌), ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബിഎസ്‌സി (ഓണേഴ്സ് ) നഴ്സിങ്‌, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പുണെയിലെ എംബിബിഎസ് സീറ്റുകൾ (ആദ്യഘട്ടം മാത്രം) എന്നിവയാണ് ഇതുവഴി അലോട്ട്മെന്റ്‌ ലഭിക്കുന്ന സീറ്റുകൾ. വിവരങ്ങൾക്ക്‌: mcc.nic.in


​​ആയുഷ് കൗൺസലിങ്‌


​ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ്, ബിഫാം (ആയുർവേദ) പ്രോഗ്രാമുകളുടെ അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, കൽപ്പിത സർവകലാശാലകൾ, ചില ദേശീയ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനത്തിനുള്ള കൗൺസലിങ്‌ പ്രക്രിയയാണിത്. ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിൽ കമ്മിറ്റിയുടെ വെബ്സൈറ്റായ aaccc.gov.in വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.


​​വിസിഐ അലോട്ട്മെന്റ്‌


​ഇന്ത്യയിലെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളുടെ പ്രവേശനത്തിനായി വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ ( വിസിഐ) പ്രത്യേകം അലോട്ട്മെന്റ്‌ നടത്താറുണ്ട്. നീറ്റ് യോഗ്യത നേടിയവർക്ക് vci. admiss ions.nic.in വഴി രജിസ്റ്റർ ചെയ്ത് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം.


​​സംസ്ഥാന കൗൺസലിങ്‌


​​കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, ആയുഷ് പ്രോഗ്രാമുകളുടെയും മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളുടെയും പ്രവേശനം നീറ്റ് യുജി റാങ്ക്‌ അടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമീഷണറാണ് നടത്തുന്നത്. എൻട്രൻസ് കമീഷണർക്ക് പ്രത്യേകം അപേക്ഷ (KEA M2026) സമർപ്പിച്ചവർക്കാണ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹത.


​​പ്രോഗ്രാമുകൾ


​മെഡിക്കൽ: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്.

​മെഡിക്കൽ അനുബന്ധം: ബിഎസ്‌സി അ ഗ്രികൾച്ചർ, ബിഎസ്‌സി ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബിവിഎസ്‌സി ആൻഡ് എഎച്ച് (വെറ്ററിനറി ), ബിഎസ്‌സി കോ-ഓപ്പറേഷൻ ആ ൻഡ് ബാങ്കിങ്‌ / അഗ്രി ബിസിനസ് മാനേജ്മെന്റ്‌, ബിഎസ്‌സി ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് എന്നിവ. എൻട്രൻസ് കമീഷണറുടെ വിജ്ഞാപനം വരുന്ന മുറയ്‌ക്ക് നീറ്റ് യുജി 2026ൽ ലഭിക്കുന്ന സ്കോർ www.cee.kerala. gov.in വഴി അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന വിദ്യാർഥികളുടെ നീറ്റ് സ്കോർ പരിഗണിച്ചാണ് സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം അലോട്ട്മെന്റ്‌ നടപടികൾ ആരംഭിക്കും.


മറ്റുള്ളവ


​നീറ്റ് യുജി 2026ൽ യോഗ്യത നേടിയ പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള നഴ്സിങ് കോളേജുകളിൽ നാലു വർഷത്തെ ബിഎസ്‌സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടാം. അറിയിപ്പ് വരുന്നതിന്‌ അനുസരിച്ച് www. joinindianarmy.nic.in വഴി പ്രത്യേകം അപേക്ഷ നൽകണം.


​പോണ്ടിച്ചേരിയിലെ ജിപ്മറിൽ ബിഎസ്‌സി നഴ്സിങ്‌/അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാം പ്രവേശനവും നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ്. പ്രവേശന നടപടികളിൽ പങ്കെടുക്കാനായി ജിപ്മർ വെബ്സൈറ്റിൽ (jipmer.edu.in) പ്രത്യേകം വിജ്ഞാപനം പരിശോധിച്ച് അപേക്ഷ നൽകണം.


എയിംസ് മംഗളഗിരിയിലെ ബിഎസ്‌സി എമർജൻസി മെഡിക്കൽ ടെക്നോളജി, ബിഎസ്‌സി ഹെമറ്റോളജി പ്രോഗ്രാമുകൾ (www. aiimsmangalagi ri.edu.in), എയിംസ് ദിയോഗറിലെ പബ്ലിക് ഹെൽത്ത് ഇന്റഗ്രേറ്റഡ് പ്രോഗ്രാം (www. aiimsdeo ghar.edu.in) എന്നിവയുടെ പ്രവേശനവും നീറ്റ് സ്കോർ പരിഗണിച്ചാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home