എൻസിഎല്ലിൽ 577 ഒഴിവ്; അപേക്ഷ ഒന്നുവരെ

ഇന്ത്യാ ഗവൺമെന്റിനു കീഴിലുള്ള 'മിനിരത്ന' പൊതുമേഖലാ സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ (NCL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെവി എർത്ത് മൂവിങ് മെഷിനറി (HEMM) ഓപ്പറേറ്റർ ട്രെയിനികൾ, പാരാമെഡിക്കൽ സ്റ്റാഫ്, ഓവർസീയർ (സിവിൽ) എന്നീ വിഭാഗങ്ങളിലായി ആകെ 577 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എൻസിഎൽ യൂണിറ്റുകളിലാകും നിയമനം.
ഹെം ഓപ്പറേറ്റർ ട്രെയിനി: 472 ഒഴിവുകൾ (ഡംബർ, ഗ്രേഡർ, ഡോസർ, ക്രെയിൻ, പേ ലോഡർ തുടങ്ങിയവ).
പാരാമെഡിക്കൽ സ്റ്റാഫ്: 75 ഒഴിവുകൾ (സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവ). ഓവർസിയർ (സിവിൽ): 30 എന്നിങ്ങനെയാണ് അവസരം. തസ്തികകൾക്ക് അനുസരിച്ച് പത്താംക്ലാസ്, പ്ലസ് ടു, ബിഎസ്സി നഴ്സിംഗ്, ജനറൽ നഴ്സിങ് (GNM), ഫാർമസി/പാത്തോളജി/റേഡിയോഗ്രാഫി ഡിപ്ലോമ, സിവിൽ എൻജിനീയറിങ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് സാധുവായ എച്ച്എംവി (HMV) ട്രാൻസ്‌പോർട്ട് ലൈസൻസ് ഉണ്ടായിരിക്കണം. 01.05.2026 പ്രകാരം 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (CBT) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
ജനറൽ, ഒബിസി, ഇഡബ്ല്യു.എസ് വിഭാഗക്കാർക്ക് 1180 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടൻ വിഭാഗക്കാർക്ക് ഫീസ് ഇല്ല. www.nclcil.in എന്ന വെബ്സൈറ്റിലെ 'Career' ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: മേയ് 01.











0 comments