എൻടിപിസി ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് വിജ്ഞാപനമായി റെയിൽവേയിൽ 5000+ അവസരം

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ വഴി നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (എൻടിപിസി) ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇരുവിഭാഗങ്ങളിലുമായി അയ്യായിരത്തിലേറെ അവസരങ്ങളുണ്ട്. ഗ്രാജുവേറ്റ് വിഭാഗം ലെവൽ–-5, ലെവൽ–-6 പേ മാട്രിക്സ് തസ്തികകളിലായി ആകെ 3477 ഒഴിവാണുള്ളത്. ഇന്ത്യയിലെ വിവിധ റെയിൽവേ സോണുകളിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. വിശദ യോഗ്യതകളും പ്രായപരിധിയും വരാനിരിക്കുന്ന സമഗ്ര വിജ്ഞാപനത്തിൽ (CEN No. 06/2026) വ്യക്തമാക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ, നിശ്ചിത മെഡിക്കൽ മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രമുഖ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. www.rrbapply.gov.in ഴി ഒക്ടോബർ എട്ട് മുതൽ അപേക്ഷിക്കാം. അവസാന തീയതി നവംബർ ആറ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കുന്നതിന് മുന്പ് ഉദ്യോഗാർഥികൾ ആധാർ കാർഡിലെ പേര്, ജനനത്തീയതി എന്നിവ പത്താം ക്ലാസ് സർട്ടിഫിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഏറ്റവും പുതിയ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. അണ്ടർ ഗ്രാജുവേറ്റ് വിഭാഗം വിവിധ റെയിൽവേ സോണുകളിലായി ആകെ 1688 ഒഴിവുണ്ട്. അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്കാണ് അവസരം. ചില തസ്തികകൾക്ക് ടൈപ്പിങ് പ്രാവീണ്യം ആവശ്യമാണ്. പ്രായപരിധി: 18–30. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. പൊതുവിഭാഗങ്ങൾക്ക് 500 രൂപയും എസ്‌സി/എസ്‌ടി/വനിതകൾ/ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. ആദ്യഘട്ട പരീക്ഷ എഴുതുന്നവർക്ക് ഈ തുകയുടെ ഒരു ഭാഗം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. www.rrbapply.gov.in വഴി അപേക്ഷിക്കണം. ഒക്ടോബർ 15 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.








0 comments