ഹോട്ടൽ മാനേജ്മെന്റ് പ്രൊഫഷണൽ കോഴ്‌സ്; അപേക്ഷ ഇപ്പോൾ

പ്രതീകാത്മക ചിത്രം
പ്രൊഫ.കെ പി ജയരാജൻ
Published on May 20, 2026, 10:38 AM | 1 min read
ഹോട്ടൽ മാനേജ്മെന്റ് പഠനശാഖയിലെ എഐസിടിഇ അംഗീകാരമുള്ള പ്രൊഫഷണൽ കോഴ്‌സാണ് ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (BHMCT). ഭക്ഷ്യോൽപ്പാദനം, ഫ്രണ്ട് ഓഫീസ് പ്രവർത്തനം, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹൗസ് കീപ്പിങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തുടങ്ങിയവയിൽ പരിജ്ഞാനവും പ്രായോഗിക പരിശീലനവും സംയോജിപ്പിക്കുന്ന നാലുവർഷ പഠനപ്രോഗ്രാമാണിത്. ഇതിനായി ഈ അധ്യയനവർഷം സംസ്ഥാനത്തെ സ്ഥാപനങ്ങളിൽ ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായ കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റി (KHMAT2026)ന് മെയ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷാച്ചുമതല എൽബിഎസ് സെന്ററിനാണ്.
ഹോട്ടൽ മാനേജ്മെന്റ് മേഖലയോടൊപ്പം ട്രാവൽ ആൻഡ് ടൂറിസം, എയർലൈൻസ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ രംഗത്തും ജോലിസാധ്യതയുണ്ട്. ഹയർ സെക്കൻഡറി/ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
പരീക്ഷാ ഘടന
പ്രവേശനപരീക്ഷയുടെ ദൈർഘ്യം 90 മിനിട്ട്. ഒരു മാർക്ക് വീതമുള്ള 90 ചോദ്യങ്ങൾ ഉണ്ടാകും. ഇംഗ്ലീഷ് (20 ചോദ്യങ്ങൾ), മാത്തമാറ്റിക്സ് (20), ജനറൽ നോളജ് (20) ഹോസ്പിറ്റാലിറ്റി ആൻഡ് കേറ്ററിങ് ടെക്നോളജി (30) എന്നിങ്ങനെയായിരിക്കും ചോദ്യപേപ്പർ രീതി. ഉത്തരം തെറ്റായാൽ നെഗറ്റീവ് മാർക്ക് ഇല്ല.
പ്രവേശനം
പ്രവേശനപരീക്ഷയിലെ റാങ്കുപ്രകാരം കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നൽകും. മുൻഗണനാടിസ്ഥാനത്തിൽ സ്ഥാപനങ്ങളുടെ ഓപ്ഷൻ നൽകാം. കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ അതത് സ്ഥാപനങ്ങൾക്ക് പ്രവേശനം നൽകാമെങ്കിലും ഇതിനും കെഎച്ച്എംഎടി/ തത്തുല്യം ദേശീയ പ്രവേശന പരീക്ഷയിലെ സ്കോർ ബാധകമാണ്.
മറ്റ് വിവരങ്ങൾ
എൽബിഎസ് സെന്റർ നടത്തുന്ന അലോട്ട്‌മെന്റിൽ കഴിഞ്ഞ വർഷം സംസ്ഥാനത്തെ 7 സ്ഥാപനങ്ങളാണ് പങ്കാളികളായത്. പുതിയ വർഷത്തെ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ വേഗത്തിൽ പ്രതീക്ഷിക്കാം. ട്യൂഷൻ ഫീസ് പ്രതിവർഷം 60,000– 75,000 രൂപ. സംവരണവിഭാഗം വിദ്യാർഥികൾക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങൾ ഉണ്ടാകും. അപേക്ഷാഫീസ് 1300 രൂപ. പട്ടികവിഭാഗം 650 രൂപ. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in, ഫോൺ: 0471/2324396, 2560361, 2560364.










0 comments