ഐസിഫോസിൽ വിവിധ പ്രോജക്റ്റുകളിലേക്ക് നിയമനം; ജേണലിസം, ഇംഗ്ലീഷ് ബിരുദധാരികൾക്കും അവസരം

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള പ്രമുഖ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസ് വിവിധ പ്രോജക്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.
മെഷീൻ ലേണിങ്, ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒടി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിലെ ഒഴിവുകളിലേക്കാണ് നിയമനം. റിസർച്ച് അസ്സിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
ബി.ടെക്, എം.ടെക്, എം.എസ്.സി, ബി.വോക് ബിരുദധാരികൾക്ക് പുറമെ, ഇത്തവണ ജേണലിസം, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികകൾ ഐസിഫോസ് ഒരുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഭാഷാ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിലേക്കാണ് ഇവരെ പരിഗണിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖങ്ങൾ നടക്കുന്നത് റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 24 നും ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 26 നും നടക്കും.
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഐസിഫോസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ icfoss.in വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.










0 comments