ad
Deshabhimani

അവസരങ്ങളിതാ... ഇന്റേൺഷിപ് കേരള വഴി

internship
avatar
പ്രൊഫ. കെ പി ജയരാജൻ

Published on Oct 30, 2025, 05:22 PM | 2 min read

വിദ്യാർഥികൾക്ക്‌ ഇന്റേൺഷിപ് അവസരങ്ങളെപ്പറ്റി ഇനി ആശങ്ക വേണ്ട. ക്ലാസ്‌മുറികളിൽ നേടുന്ന അറിവും തൊഴിൽമേഖലയുമായുള്ള വിടവും ഇല്ലാതാക്കി ഉന്നതപഠനം കഴിഞ്ഞിറങ്ങുന്നവരെ താെഴിൽ സാധ്യതകളിലേക്ക്‌ എത്തിക്കാൻ ഇന്റേൺഷിപ് പോർട്ടൽ സംസ്ഥാനത്ത് നിലവിൽ വന്നു. സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച വിദ്യാർഥിസൗഹൃദ ഇന്റേൺഷിപ് പോർട്ടൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ കെൽട്രോണാണ്‌. സംസ്ഥാന ഉന്നതവിദ്യാഭ്യാസ ക‍ൗൺസിലിനാണ്‌ പോർട്ടലിന്റെ മുഖ്യചുമതല.


​ദൗത്യം


അക്കാദമിക് മേഖലയെ സർക്കാർ ഏജൻസികളുമായും വ്യവസായരംഗവുമായും ബന്ധിപ്പിക്കുന്ന ഒരു പാലം എന്ന നിലയിലാണ് ഇന്റേൺഷിപ് കേരള പോർട്ടലിന്റെ ആവിഷ്കാരം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്റേൺഷിപ് അവസരങ്ങൾ വിദ്യാർഥികൾക്ക് ഈ പോർട്ടലിലൂടെ എളുപ്പത്തിൽ അറിയാൻ കഴിയും. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന പ്രായോഗികപരിചയം അവരുടെ ജോലിസാധ്യതകൾ ഏറെ വർധിപ്പിക്കും. വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യവസായപങ്കാളികൾക്കും വെവ്വേറെ ലോഗിൻ മോഡ്യൂളുകൾ നൽകി, ഇവർ തമ്മിൽ സുതാര്യവും ഫലപ്രദവുമായ ആശയവിനിമയവും ഉറപ്പാക്കുന്നതാണ് ഈ സംവിധാനം.


​സമഗ്രമായ ശൃംഖല


ഇന്റേൺഷിപ് മാനേജ്മെന്റ്‌ സിസ്റ്റം എന്നതിനപ്പുറം പ്ലേസ്മെന്റ്‌ പ്ലാറ്റ്ഫോമായും ഇത്‌ പ്രവർത്തിക്കുന്നു. സ്റ്റൈപെൻഡോടെ ഇന്റേൺഷിപ്, സൗജന്യ ഇന്റേൺഷിപ്, ഫീസ് നൽകിയുള്ള ഇന്റേൺഷിപ് എന്നിങ്ങനെ വ്യത്യസ്ത സൗകര്യങ്ങൾ മനസ്സിലാക്കാനുതകുന്ന വിധത്തിൽ ശൃംഖലാബന്ധിതമായ പോർട്ടലായി ഇത് വിദ്യാർഥികൾക്ക് പ്രയോജനപ്പെടും. അതത് സമയത്ത് ഓരോ സ്ഥാപനത്തിന്റെയും അറിയിപ്പിനുശേഷം ഇന്റേൺഷിപ്പിനായി അപേക്ഷ നൽകുന്നതിനുപകരം ഇവയെക്കുറിച്ച് നേരത്തേ വിശദമായി മനസ്സിലാക്കാനുമാകും. പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഓരോ വിദ്യാർഥിക്കും അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള ഇന്റേൺഷിപ് തെരഞ്ഞെടുക്കുകയും ചെയ്യാം. സ്ഥാപനങ്ങൾ നൽകുന്ന ഇന്റേൺഷിപ്പിനുപുറമെ താൽപ്പര്യമുള്ളവർക്ക് അധിക പരിശീലനവും നേടാം. കൂടാതെ പ്ലേസ്മെന്റ്‌ ഡ്രൈവുകൾ സംഘടിപ്പിക്കാനും വ്യവസായങ്ങൾക്ക് റിക്രൂട്ട്മെന്റിനായി ക്യാന്പസുകളെ സമീപിക്കാനും വിദ്യാർഥികൾക്ക് നേരിട്ട് ജോലിക്ക് അപേക്ഷിക്കാനും ഇത് കലാലയങ്ങളെ പ്രാപ്തമാക്കുന്നു.


അക്കാദമിക് ക്രെഡിറ്റ്‌


ഇന്റേൺഷിപ്പിനും ക്രെഡിറ്റ് നൽകുന്നത് കരിക്കുലത്തിന്റെ ഭാഗമായതോടെ ഇതുവഴി അക്കാദമിക് ക്രെഡിറ്റും ആർജിക്കാം. രണ്ടുമുതൽ നാലുവരെ ക്രെഡിറ്റുകൾ ഇങ്ങനെ നേടാം. നാലുവർഷ യുജി പ്രോഗ്രാം വിദ്യാർഥികൾക്കും മറ്റുള്ളവർക്കും സൗകര്യപ്രദമായ സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പുകൾക്ക് ഈ പോർട്ടൽ വഴി അപേക്ഷിക്കാം.


മേഖലകൾ


രാജ്യത്തെ നക്ഷത്രപദവിയുള്ള പ്രശസ്ത സ്ഥാപനങ്ങൾമുതൽ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽവരെയുള്ള ഇന്റേൺഷിപ് വിവരങ്ങൾ ഒരു ഏകജാലകസംവിധാനമായി ഈ പോർട്ടലിലൂടെ അറിയാം. ഐഎസ്ആർഒ, ഒഎൻജിസി,റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, ഗൂഗിൾ ഇന്ത്യ, മൾട്ടിനാഷണൽ സ്ഥാപനങ്ങൾ തുടങ്ങിയ അസംഖ്യം സ്ഥാപനങ്ങളിലെ അവസരങ്ങൾ മനസ്സിലാക്കാം. ബാങ്കിങ്, ഫിനാൻസ്, ഹെൽത്ത് കെയർ, ടൂറിസം, മീഡിയ, ടെക്സ്റ്റൈൽ, റോബോട്ടിക്സ്, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ ഇന്റേൺഷിപ്പിന് അവസരങ്ങളും. 650ൽപ്പരം സ്ഥാപനങ്ങൾ ഇതിനകം ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. വിവരങ്ങൾക്ക്‌: https://internshipkerala.org/



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home