പ്രായം 24 നും 55നും ഇടയിലാണോ?; കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ നിയമനം. നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾപ്രകാരം ജോലിചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെയാണ് ജോലിയ്ക്ക് നിയോഗിക്കുക. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. നിലവിലെ ജീവനക്കാർക്ക് അപേക്ഷിക്കാൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
യോഗ്യതകളും പ്രവൃത്തിപരിചയവും: ഹെവി ഡ്രൈവിങ് ലൈസൻസ്. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10–ാം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവൃത്തി പരിചയം. അഭിലഷണീയ യോഗ്യതയും പ്രവൃത്തി
പരിചയവും: വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം. വ്യവസ്ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽനിന്നും നേത്ര രോഗ വിദഗ്ധനിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും കണക്കുകൂട്ടലുകളിലും അറിവുണ്ടായിരിക്കണം.
പ്രായം: 25 – 55. വിജയകരമായി ട്രെയിനിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ രണ്ടു വർഷം (ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം താമസസ്ഥലത്തുള്ള പൊലീസ് സ്‌റ്റേഷനിൽനിന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കണം.
സെലഷൻ കമ്മിറ്റി നടത്തുന്ന എഴുത്തുപരീക്ഷയിൽ പാസായവർക്ക് ഡ്രൈവിങ് ടെസ്‌റ്റിൽ പങ്കെടുക്കാം. ഇതിലും ജയിക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. റാങ്ക് ലിസ്‌റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താൽക്കാലിക നിയമനം നൽകും. റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് ഒരുവർഷമാണ്. കെഎസ്ആർടിസിയിൽ അഞ്ചു വർഷമോ അതിലധികമോ ജോലി ചെയ്തുപരിചയമുള്ളവർക്ക് മുൻഗണന. സെപ്‌തംബർ 15ന് വൈകിട്ട് 5 വരെ www.cmd.kerala.gov.in വഴി ഓൺലൈനായിഅപേക്ഷിക്കാം.










0 comments