ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ രണ്ടാംഘട്ട അഡ്മിഷൻ ആരംഭിച്ചു; അവസാന തീയതി ജൂലൈ 10

ഡിജിറ്റൽ യൂണിവേഴ്സിറ്റി
തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള 2026-27 അധ്യയന വർഷത്തെ വിവിധ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന നടപടികൾ ആരംഭിച്ചു. ജൂലൈ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടേഷണൽ സയൻസ്, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി ബിരുദാനന്തര കോഴ്സുകളാണ് സർവകലാശാല വാഗ്ദാനം ചെയ്യുന്നത്.
ഇവയിൽ ഏറെ ശ്രദ്ധേയമായ കോഴ്സാണ് എംഎസ്‍സി ഡാറ്റാ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ്. ആദ്യ സെമസ്റ്റർ മുതൽ തന്നെ വ്യവസായ വിദഗ്ധരുടെ മെന്ററിങ്ങോടെ പ്രോഡക്ട് വികസനത്തിൽ പങ്കെടുക്കാനും, അർഹരായ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ് ലഭിക്കുന്ന ഇൻഡസ്ട്രി-ഇന്റഗ്രേറ്റഡ് പരിശീലനത്തിനും അവസരമൊരുക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ ഏറ്റവും വലിയ സവിശേഷത അക്കാദമിക മികവും വ്യവസായ സഹകരണവും ഒരുമിപ്പിക്കുന്ന പഠനരീതിയാണ്. ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായും സാങ്കേതിക കമ്പനികളുമായും സഹകരിച്ച് നടപ്പാക്കുന്ന പഠന-ഗവേഷണ പദ്ധതികൾ, അത്യാധുനിക ലാബുകൾ, ഗവേഷണാധിഷ്ഠിത പഠനം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള പിന്തുണ, നവീന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം എന്നിവ വിദ്യാർത്ഥികളെ ആഗോള തൊഴിൽവിപണിക്ക് സജ്ജരാക്കുന്നു.










0 comments