കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരാകാം; സിടെറ്റിന് തയ്യാറെടുക്കാം

പ്രതീകാത്മക ചിത്രം
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകളിലും അധ്യാപകരാകാനുള്ള യോഗ്യതാനിർണയ പരീക്ഷയാണ് സെൽട്രൽ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (CTET). സെൻട്രൽ ബോർഡ് ഓഫ് സിബിഎസ്ഇക്കാണ് പരീക്ഷാചുമതല. പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ എയ്ഡഡ് സ്കുളുകളിലും അധ്യാപകരാകാൻ അവസരം ലഭിക്കുന്നുണ്ട്. സിടെറ്റ് സെപ്തംബർ സെഷന് ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത
സിടെറ്റിന് രണ്ട് പേപ്പറുകൾ ഉണ്ട്. ഒന്നുമുതൽ അഞ്ച്‌വരെ ക്ലാസുകളിൽ പഠിപ്പിക്കുവാൻ യോഗ്യത നേടാനായി പേപ്പർ ഒന്ന് പാസായാൽ മതി. ക്ലാസ് ആറുമുതൽ എട്ട്‌വരെ പഠിപ്പിക്കാനുള്ള യോഗ്യതയ്‌ക്ക് പേപ്പർ രണ്ട് പാസാകണം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/ തത്തുല്യം പാസായി രണ്ടു വർഷ ഡിഎൽഎഡ്/ രണ്ടു വർഷ സ്പെഷ്യൽ എഡ്യൂക്കേഷൻ ( ഡിഎഡ്) ഉള്ളവർക്ക് പേപ്പർ ഒന്നിന് അപേക്ഷിക്കാം.
പേപ്പർ രണ്ടിന്, 50 ശതമാനം മാർക്കോടെ ബിരുദവും രണ്ടു വർഷ ബിഎഡ്/നാലു വർഷ ബിഎൽഎഡ്/ മൂന്നു വർഷ ഇന്റഗ്രേറ്റേഡ് ബിഎഡ്- എംഎഡ് ജയിച്ചവർക്ക് അർഹത. അപേക്ഷിക്കാനുള്ള ചുരുങ്ങിയ പ്രായം രണ്ടു പേപ്പറുകൾക്കും 18 വയസ്സ്. ഉയർന്ന പ്രായപരിധി ഇല്ല.
പരീക്ഷാ ഘടന
പേപ്പർ ഒന്ന് സെപ്തംബർ 6ന് ഉച്ചയ്‌ക്കുശേഷം 2.30നും പേപ്പർ രണ്ട് രാവിലെ 9.30നും നടക്കും. ഓരോ പേപ്പറിനും സമയം രണ്ടര മണിക്കൂർ, 150 ചോദ്യങ്ങൾ,150 മാർക്ക് വീതം. പേപ്പർ ഒന്നിന് ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് പെഡഗോഗി, മാത്തമാറ്റിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, രണ്ട് ഭാഷകൾ എന്നിവയിൽനിന്നായി 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. രണ്ട് വ്യത്യസ്ത ഭാഷകൾ തന്നെ എഴുതണം. മലയാളം/ഇംഗ്ലീഷ്/ഹിന്ദി/സംസ്കൃതം/ കൊങ്കണി/കന്നട/ ഉറുദു എന്നിങ്ങനെ 27 ഭാഷകളിൽനിന്ന് അപേക്ഷകന് രണ്ടെണ്ണം തെരഞ്ഞെടുക്കാം.
പേപ്പർ രണ്ടിന് ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് പെഡഗോഗി -11–14 വയസ്സുവരെ- (30 ചോദ്യങ്ങൾ 30 മാർക്ക്), മാത്തമാറ്റിക്സ് ആൻഡ് സയൻസ് അല്ലെങ്കിൽ സോഷ്യൽ സ്റ്റഡീസ് (60-– - 60) രണ്ട് ഭാഷകൾ (30 ചോദ്യങ്ങൾ 30 മാർക്ക് വീതം) എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ ഘടന. ഭാഷാ വിഷയങ്ങളുടെ മാനദണ്ഡം പേപ്പർ ഒന്നിന്റേതു തന്നെ. പഠിപ്പിക്കുവാൻ യോഗ്യത തേടുന്ന അതത് ക്ലാസിലെ എൻസിഇആർടി സിലബസ് പ്രകാരമായിരിക്കും ചോദ്യങ്ങൾ. പേപ്പറിൽ 60 ശതമാനം മാർക്ക് ലഭിച്ചാൽ സിടെറ്റ് യോഗ്യത നേടി.
മറ്റ് വിവരങ്ങൾ
പരീക്ഷാ ഫീസ് ഒരു പേപ്പറിന് 1000 രൂപ. രണ്ട് പേപ്പർ 1200 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗത്തിന് 500/600 രൂപ. അപേക്ഷയിലെ തിരുത്തൽ ജൂൺ 15-നും16നും നടത്താം. അഡ്മിറ്റ് കാർഡ് സെപ്തംബർ 4 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ സെപ്തംബർ 5നുകൂടി പരീക്ഷ നടത്തും. വിവരങ്ങൾക്ക്: https://ctet.nic.in, www. cbse.gov.in ഫോൺ: 011/22235774, 24050477.










0 comments