സിവിൽ സർവീസ് പരീക്ഷയുടെ വിജ്ഞാപനം പുറത്ത്: 933 ഒഴിവുകൾ; മെയ് 24 ന് പ്രിലിംസ്

ന്യൂഡൽഹി: 2026ലെ സിവിൽ സർവീസ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ യുപിഎസി പുറത്തുവിട്ടു. പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് upsconline.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 24ന് വൈകുന്നേരം 6 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. പ്രിലിമിനറി പരീക്ഷ മെയ് 24നും മെയിൻ പരീക്ഷ ആഗസ്ത് 21നും നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രീതി, യോഗ്യത, പരീക്ഷാ ഷെഡ്യൂൾ എന്നിവ നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. അപേക്ഷകരുടെ പ്രായപരിധി 21 മുതൽ 32 വയസ്സ് വരെയാണ്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം, രേഖാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ്‌സി, എസ്ടി, വനിതാ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഡബ്ല്യുബിഡി വിഭാഗത്തിലുള്ള വ്യക്തികളെയും അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്), മറ്റ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ എന്നിവയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിനാണ് ഇന്ത്യയിലുടനീളം പരീക്ഷ നടത്തുന്നത്. വിജ്ഞാപനമനുസരിച്ച് 2026ലെ സിവിൽ സർവീസ് പരീക്ഷ വഴി ആകെ 933 ഒഴിവുകൾ നികത്തും. കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത 979 ഒഴിവുകളും അതിനുമുമ്പുള്ള വർഷം 1,105 തസ്തികകളും നികത്തിയിരുന്നു.










0 comments