നിയമത്തിൽ യുജി, പിജി: ഐലറ്റ് 2027 ഡിസംബർ 13ന്

പ്രതീകാത്മകചിത്രം
പി കെ അന്വര് മുട്ടാഞ്ചേരി
Published on Aug 14, 2026, 08:03 AM | 2 min read
നാഷണൽ ലോ യൂണിവേഴ്സിറ്റി (NLU) ഡൽഹിയിലെ ബിരുദ (ഇന്റഗ്രേറ്റഡ്), ബിരുദാനന്തര ബിരുദ നിയമ പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയായ ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റിന് (AILET) അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിദ്യാർഥികൾ ഇപ്പോൾ അപേക്ഷ സമർപ്പിക്കുകയും ചിട്ടയായ രീതിയിൽ തയ്യാറെടുപ്പ് നടത്തുകയും വേണം.
ബിരുദ പ്രോഗ്രാം
ബിഎ എൽഎൽബി ഓണേഴ്സ് പ്രോഗ്രാം: അഞ്ചുവർഷ പ്രോഗ്രാമാണ്. 110 സീറ്റുകൾ. കൂടാതെ അഞ്ച് സീറ്റുവീതം വിദേശികൾക്കും ഒസിഐ, പിഐഒ കാറ്റഗറിയിലുള്ളവർക്കുമുണ്ട്. ഇക്കൂട്ടർ പ്രവേശനത്തിന് ഐലറ്റ് എഴുതേണ്ട ആവശ്യമില്ല. എന്നാൽ, യോഗ്യതാപരീക്ഷയിൽ 65 ശതമാനം മാർക്ക് നേടണം. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. പിന്നാക്കക്കാർക്ക് 42 ശതമാനവും പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനവും മാർക്ക് മതി. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
ബിരുദാനന്തര ബിരുദ പ്രോഗ്രാം
എൽഎൽഎം (ഒരുവർഷം): 70 സീറ്റുകൾ. കൂടാതെ വിദേശികൾക്കും ഒസിഐ, പിഐഒ കാറ്റഗറിയിലുള്ളവർക്കും അഞ്ചു സീറ്റുവീതമുണ്ട്. ഇവർ ഐലറ്റ് എഴുതേണ്ടതില്ല. 50 ശതമാനമെങ്കിലും മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മതി. 2026ൽ എൽഎൽബി ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി വ്യവസ്ഥയില്ല.
പരീക്ഷ
ഇരു പ്രോഗ്രാമുകൾക്കും പ്രവേശനപരീക്ഷയുണ്ട്. ഡിസംബർ 13ന് പകൽ രണ്ടുമുതൽ നാലുവരെയാണ് പരീക്ഷ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പ്ൾ ചോയ്സ് രീതിയിലുള്ള ഓഫ്‌ലൈൻ പരീക്ഷയാണ്. ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയ്‌ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, കറന്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്, ലോജിക്കൽ റീസണിങ് എന്നീ മൂന്ന് സെക്‌ഷനുകളിലായി ആകെ 150 ചോദ്യങ്ങൾ. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷയ്‌ക്ക് നിയമവുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങളാണുള്ളത്. ശരിയുത്തരത്തിന് ഒരു മാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് 0.25 മാർക്ക് നഷ്ടപ്പെടും. കൊച്ചി, ചെന്നൈ, ബംഗളൂരു അടക്കം 32 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. അപേക്ഷയിൽ മുൻഗണനയനുസരിച്ച് മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കണം.
അപേക്ഷ നവംബർ 10 വരെ
ഓൺലൈനിൽ നവംബർ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ മതി. പട്ടികവിഭാഗത്തിലെയും പെൺകുട്ടികളിലെയും ബിപിഎൽ വിഭാഗത്തിന് ഫീസില്ല. നവംബർ 30 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: www.nationallaw university delhi.in ഫോൺ: 01140787555 ഇ–മെയിൽ: aile tsupport@nludel hi.ac.in










0 comments