വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്‌സുകൾ; പത്താംതരം പാസായവർക്ക് അപേക്ഷിക്കാം

ഡോ. രാജേഷ് ബാബു കെ ആർ
Published on May 13, 2026, 11:25 AM | 2 min read
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (CIFNET) നടത്തുന്ന പ്രോഗ്രാമുകളാണ് വെസ്സൽ നാവിഗേറ്റർ കോഴ്‌സും മറൈൻ ഫിറ്റർ കോഴ്‌സും. കൊച്ചിയിലാണ് ആസ്ഥാനം. വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലും ക്യാമ്പസുകളുണ്ട്. രണ്ടുവർഷമാണ് കാലാവധി. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നാവിഗേഷൻ, മറൈൻ എൻജിനിയറിങ്, മീൻപിടിത്ത ബോട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ജോലിസാധ്യതയുണ്ട്.
വെസ്സൽ നാവിഗേറ്റർ കോഴ്സ്
കോഴ്‌സിന് 11 തിയറി പേപ്പറുകളും ഏഴു പ്രാക്ടിക്കൽ പേപ്പറുകളുമാണുള്ളത്. അപ്ലൈഡ് മാത്തമാറ്റിക്സ്, ഫിഷിങ് ഗിയർ മെറ്റീരിയൽ, ഉപകരണങ്ങളും രൂപകൽപ്പനയും, സീമാൻഷിപ്, സുരക്ഷ, നിരീക്ഷണം, എലിമെന്ററി മറൈൻ എൻജിനിയറിങ്, കപ്പൽ നിർമാണം, മത്സ്യബന്ധന സാങ്കേതികത, സമുദ്രമത്സ്യബന്ധനവും മത്സ്യസംസ്കരണവും, പ്രായോഗിക നാവിഗേഷൻ, സമുദ്രകാലാവസ്ഥാശാസ്ത്രവും അടിസ്ഥാന സമുദ്രശാസ്ത്രതത്വങ്ങളും എന്നിവയാണ് പ്രധാന പഠനമേഖലകൾ.
മറൈൻ ഫിറ്റർ കോഴ്സ്
കോഴ്‌സിന് 15 തിയറി പേപ്പറുകളും നാലു പ്രാക്ടിക്കൽ പേപ്പറുകളുമാണുള്ളത്. വിദ്യാർഥികൾക്ക് കപ്പലുകളിൽ നേരിട്ട് പരിശീലനം ലഭിക്കും. അപ്ലൈഡ് മാത്തമാറ്റിക്സ്, മറൈൻ എൻജിനിയറിങ്, വർക്‌ഷോപ് ടെക്നോളജി, എൻജിനിയറിങ് ഡ്രോയിങ്, മറൈൻ ഇലക്ട്രിക്കൽ ടെക്നോളജി, ബേസിക് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ജനറൽ എൻജിനിയറിങ്, കപ്പൽ നിർമാണം, മെഷീൻ ഡ്രോയിങ്, ഹൈഡ്രോളിക്സ് ആൻഡ് ഡെക്ക് മെഷിൻസ്, ഫിഷിങ് ടെക്നോളജി, സീമാൻഷിപ്പും നാവിഗേഷനും, ഹീറ്റ് എൻജിനുകളും റഫ്രിജറേഷനും എന്നിവയാണ് പ്രധാന സിലബസ്.
യോഗ്യത: കണക്കിലും സയൻസിലും 40 ശതമാനം മാർക്കോടെ പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. മാർച്ച്–-ജൂൺ മാസങ്ങളിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ആഗസ്‌ത് ഒന്നിന് 15 വയസ്സ് കഴിഞ്ഞിരിക്കണം. 20 വയസ്സ് കവിയാൻ പാടില്ല. എസ്‌സി, എസ്‌ടി വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷം ഇളവ് ലഭിക്കും. സർക്കാർ വകുപ്പുകൾ സ്പോൺസർ ചെയ്യുന്ന ജീവനക്കാർക്ക് പ്രായപരിധി ഇല്ല. പ്രവേശനം: അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന പൊതു പ്രവേശനപരീക്ഷയുടെയും അക്കാദമിക നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മാസം 1500 രൂപ നിരക്കിൽ സ്റ്റൈപെൻഡ് ലഭിക്കും.
അപേക്ഷ
വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിച്ച് വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവർത്തനപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫീസ് അടച്ചതിന്റെ ഡിഡി അല്ലെങ്കിൽ ചലാൻ എന്നിവ സഹിതം ദ ഡയറക്ടർ, സിഫ്‌നെറ്റ്, ഗവൺമെന്റ് ഓഫ് ഇന്ത്യ, ഫൈൻ ആർട്സ് അവന്യൂ, ഫോർഷോർ റോഡ്, കൊച്ചി–682 016, കേരള എന്ന വിലാസത്തിൽ അയക്കണം. അവസാനതീയതി ജൂൺ 16. പ്രവേശനപരീക്ഷ ജൂലൈ നാലിന്. ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. കൗൺസലിങ് ജൂലൈ 23നും നടക്കും. വിവരങ്ങൾക്ക്: www.cifnet.gov.in ഫോൺ: 0484-–2351610, 2351493, 2351790.









0 comments