കേരളത്തിൽ ഡിസൈന്‍ പഠിക്കാം

ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്) പ്രോഗ്രാം നാലു വർഷത്തെ ദൈർഘ്യമുള്ള കോഴ്‌സാണ്. എട്ട് സെമസ്റ്ററുകൾ ഉൾപ്പെടുന്നു. സൃഷ്ടിപരമായകഴിവും അഭിരുചിയുമുള്ള വിദ്യാര്‍ഥികൾക്കായുള്ള പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാമായിട്ടാണ് കോഴ്‌സ് രൂപകൽപ്പന. ഡിസൈൻപഠനങ്ങൾ, അപ്ലൈഡ് സയൻസ്, പരിസ്ഥിതി പഠനം, പ്രൊഫഷണൽ പ്രാക്ടീസ്, ഇന്റേൺഷിപ്പുകൾ, ഡിജിറ്റൽ ലാബ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സിലബസ്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ ബി ഡെസ് കോഴ്സിനു എല്‍ബിഎസ് സെന്റര്‍ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത
ഹയർ സെക്കൻഡറി പരീക്ഷ (10+2) അല്ലെങ്കിൽ കെടിയു അംഗീകരിച്ച പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 45 ശതമാനം മാർക്ക് നേടിയിരിക്കണം. (സംവരണ വിഭാഗക്കാർക്ക് 40 ശതമാനം) അതേ മേഖലയിലോ അനുബന്ധ മേഖലയിലോ ഡി വോക് പാസായവർക്കും അപേക്ഷിക്കാം.
ഗവൺമെന്റ് സീറ്റുകൾ, മാനേജ്‌മെന്റ് സീറ്റുകൾ എന്നിവയിലേക്കാണ് പ്രവേശനം. എൽബിഎസ് ഡയറക്ടർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അലോട്ട്‌മെന്റ് നടത്തുന്ന സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ. സ്വാശ്രയ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മാനേജ്‌മെന്റ് അലോട്ട്‌മെന്റ് നടത്തുന്ന സീറ്റുകളാണ് മാനേജ്‌മെന്റ് സീറ്റുകൾ. ഭിന്നശേഷിക്കാര്‍, എസ് സി/എസ്ടി, എസ്ഇബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും
പ്രവേശനം
എൽബിഎസ് സെന്റർ നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെഎസ്-ഡാറ്റ് 2026 ) പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഗവൺമെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ, യുസീഡ് (UCEED-, എന്‍ഐഡി ഡാറ്റ് (NID DAT), നിഫ്റ്റ് (NIFT - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശന പരീക്ഷ), കെഎസ്-ഡാറ്റ് എന്നീ പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് നേരിട്ട് പ്രവേശനം നല്‍കും.
അപേക്ഷ
അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയയിൽ വിദ്യാര്‍ഥി തന്റെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവ നൽകണം. ഫോട്ടോ, ഒപ്പ്, സംവരണാനുകൂല്യവും മറ്റാനുകൂല്യങ്ങളും അവകാശപ്പെടുന്നവര്‍ ആവശ്യമായ രേഖകകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in










0 comments