ad
Deshabhimani

ഇനി ഇന്ത്യയിലും ടെസ്‌ല ചാർജ് ചെയ്യാം; രാജ്യത്തെ ആദ്യ ചാർജിങ്‌ സൗകര്യം മുംബൈയിൽ

tesla.png
വെബ് ഡെസ്ക്

Published on Aug 04, 2025, 01:45 PM | 1 min read

മുംബൈ: ഇലക്ട്രോണിക്‌ വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ചാർജിങ്‌ സൗകര്യം മുംബൈയിൽ. രാജ്യത്തെ ആദ്യ ഷോറൂം മുംബൈയിൽ തുറന്ന്‌ പ്രവർത്തനമാരംഭിച്ച്‌ ദിവസങ്ങൾ പിന്നിടുമ്പോഴാണ്‌ ടെസ്‌ല ചാർജിങ്‌ സൗകര്യവും സ്ഥാപിച്ചത്‌. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സിലാണ്‌ വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ സാധിക്കുക. നാല്‌ വീതം വി4 സൂപ്പർ ചാർജിങ്‌ സ്റ്റാളുകളും (ഡിസി) നാല്‌ വീതം ഡെസ്റ്റിനേഷൻ ചാർജിങ്‌ സ്റ്റാളുകളുമാണ്‌ (എസി) ടെസ്‌ല ഒരുക്കിയിരിക്കുന്നത്‌.


മൂന്ന്‌ ചാർജിങ്‌ സൗകര്യങ്ങൾ കൂടി മുംബൈയിൽ സ്ഥാപിക്കുമെന്ന്‌ കമ്പനി അറിയിച്ചിട്ടുണ്ട്‌. ലോവർ പട്ടേൽ, താനെ, നവി മുംബൈ എന്നിവടങ്ങളിലാണ്‌ സെപ്‌തംബർ ആദ്യ ആഴ്‌ചയോടെ ചാർജിങ്‌ സൗകര്യങ്ങൾ ടെസ്‌ല ഒരുക്കുക.


ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല മോട്ടോഴ്‌സ്‌ ജൂലൈ 15നാണ്‌ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്‌. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സിൽ (ബികെസി) തന്നെയാണ്‌ ടെസ്‌ലയുട ഷോറൂമും തുറന്നത്‌. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ മൊബൈൽ മാർക്കറ്റിലേക്കായിരുന്നു ഇതോടെ ടെസ്‌ല കടന്നുവന്നത്‌.


ബികെസിയിലെ മാർക്കറ്റ്‌ മാക്‌സിറ്റി ഹാളിലാണ്‌ കമ്പനിയുടെ ഷോറൂം പ്രവർത്തനമാരംഭിച്ചത്‌. ലക്ഷ്വറി ബ്രാൻഡുകളായ മെഴ്സിഡസ്‌, ബിഎംഡബ്ല്യു എന്നിവരും ടാറ്റാ മോട്ടോഴ്‌സ്‌, മഹീന്ദ്ര എന്നിവരുമായിരിക്കും ഇന്ത്യൻ മാർക്കറ്റിലെ ടെസ്‌ലയുടെ എതിരാളികൾ. നിലവിൽ മോഡൽ–വൈ മാത്രം ഇന്ത്യയിൽ വിൽക്കാനാണ് ടെസ്‌ലയുടെ തീരുമാനം. 59.89 ലക്ഷം രൂപയാണ്‌ മോഡലിന്റെ ഇന്ത്യയിലെ അടിസ്ഥാന വില.


ജൂലൈ അവസാനത്തോടെ ന്യൂഡൽഹിയിലും ടെസ്‌ല ഷോറൂം ആരംഭിക്കുമെന്നാണ്‌ വിവരം. ന്യൂഡൽഹിയിൽ ആരംഭിക്കുന്ന ഷോറൂമിനായി സ്ഥലം കണ്ടെത്തിയതായും ഷോറൂമിലേക്കുള്ള ആളുകളെ ടെസ്‌ല ജോലിക്കെടുത്തതായും റിപ്പോർട്ടുകളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home