ടാറ്റ കർവ് ഇവി 'സീരീസ് എക്സ്' വിപണിയിലെത്തി; വില 16.99 ലക്ഷം രൂപ മുതൽ

മുംബൈ : ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ 'കർവ് ഇവി സീരീസ് എക്സ്' (Curvv.ev SeriesX) പുറത്തിറക്കി ടാറ്റാ ഇവി. പ്രീമിയം ഫീച്ചറുകളും ദീർഘദൂര യാത്രാ സൗകര്യവും ഒത്തുചേരുന്ന പുതിയ മോഡലിന് 16.99 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. അകംപ്ലിഷ്ഡ് എക്സ് 55 (Accomplished X 55), എംപവേർഡ് എക്സ് 55 (Empowered X 55) എന്നീ രണ്ട് പുതിയ വേരിയന്റുകളാണ് ഈ ശ്രേണിയിലുള്ളത്.
ടാറ്റയുടെ അത്യാധുനിക 'acti.ev' ആർക്കിടെക്ചറിൽ നിർമിച്ചിരിക്കുന്ന വാഹനത്തിൽ 55 കെഡബ്ല്യുഎച്ച് ബാറ്ററി പാക്കാണുള്ളത്. 167 എച്ച്പി കരുത്തും 215 Nm ടോർക്കും വാഗ്ദാനം ചെയ്യുന്ന കർവ് ഇവിക്ക് എആർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 502 കിലോമീറ്ററാണ്. സാധാരണ ഉപയോഗത്തിൽ 400 കിലോമീറ്ററോളം മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യ ഉടമയ്ക്ക് രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റി നൽകുന്നു എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്.
അഞ്ച് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും. നിലവിലുള്ള ഡാർക്ക് എഡിഷന് പുറമെ പുത്തൻ 'നൈട്രോ ക്രിംസൺ' നിറമാണ് ഇതിൽ പ്രധാനം. യാത്രക്കാർക്ക് മികച്ച സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേക ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
* തുറക്കാവുന്ന പനോരമിക് സൺറൂഫ്.
* രണ്ട് 26.03 സെന്റിമീറ്റർ ഡിജിറ്റൽ സ്‌ക്രീനുകൾ.
* വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ സംവിധാനങ്ങൾ.
* 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ബ്ലൈൻഡ് സ്പോട്ട് മോണിറ്ററും.
* വെന്റിലേഷനോട് കൂടിയ ആർ-കംഫർട്ട് (R-Comfort) സീറ്റുകൾ.
* പ്രീമിയം ബെനെക് കാലിക്കോ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി.
മിഡ്-എസ്‌യുവി വിഭാഗത്തിൽ ദീർഘദൂര യാത്രകൾക്കും ചെറിയ ദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ വാഹനമാണിതെന്ന് ടാറ്റാ ഇവി വ്യക്തമാക്കി. പുതിയ പതിപ്പിന്റെ വരവോടെ ഇലക്ട്രിക് എസ്‌യുവി - കൂപ്പെ വിഭാഗത്തിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.











0 comments