ad
Deshabhimani

ചെറിയ കാറുകൾക്ക് പ്രിയമേറുന്നു; മാരുതിയും ടാറ്റയും റെക്കോർഡ് കുതിപ്പിൽ

Auto Industry

ഹരിയാനിലെ മാരുതി സുസുക്കിയുടെ പ്ലാന്റ് | REUTERS/Bhawika Chhabra/File

വെബ് ഡെസ്ക്

Published on May 02, 2026, 06:13 PM | 2 min read

മുംബൈ : ഏപ്രിൽ മാസത്തിലും പാസഞ്ചർ കാർ വിൽപ്പനയിൽ കുതിപ്പ് തുടരുന്നു. ആ​ഗോളതലത്തിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും മിക്ക വാഹന കമ്പനികളും രണ്ടക്ക വളർച്ചയും കുറഞ്ഞ സ്റ്റോക്കും വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ ആവശ്യം വിപണിയിൽ ശക്തമായി തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.


രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആകെ 239,646 വാഹനങ്ങൾ വിറ്റഴിച്ചു. മുൻവർഷം ഇതേ കാലയളവിൽ 179,791 വാഹനങ്ങളാണ് വിറ്റഴിച്ചത്. അതായത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർധനയുണ്ടായി. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. ആഭ്യന്തര വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 142,053 വാഹനങ്ങൾ വിറ്റഴിച്ചു. ഈ വർഷം അത് 35 ശതമാനം വർധനയോടെ 191,122 വാഹനങ്ങളായി.


ചെറിയ കാറുകളുടെ വിൽപ്പന കുതിച്ചുയർന്നു. ആൾട്ടോയും എസ്-പ്രെസ്സോയും ഉൾപ്പെടുന്ന കമ്പനിയുടെ മിനി കാർ വിഭാഗം 16,066 വാഹനങ്ങളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,332 വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്. അതായത് ചെറിയ കാറുകളുടെ വിൽപ്പനയിൽ 154 ശതമാനം വർധനയുണ്ടായി.


ഒഇഎമ്മുകളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. കയറ്റുമതിയിൽ 44 ശതമാനം വർധനയുണ്ടായി. മുൻവർഷം 27,911 വാഹനങ്ങൾ കയറ്റുമതി ചെയ്തപ്പോൾ ഈ വർഷം 40,054 വാഹനങ്ങൾ കയറ്റുമതി ചെയ്തു.


ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് ഏപ്രിലിൽ ആഭ്യന്തര - അന്തർദേശീയ വിപണികളിലായി ആകെ 59,701 വാഹനങ്ങൾ വിറ്റു. 2025 ഏപ്രിലിലെ 45,532 എന്ന കണക്കിന് അപേക്ഷിച്ച് 31 ശതമാനമാണ് വർധനവ്. ഇതിൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസിന്റെ സബ്സിഡിയറിയായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ വിൽപനയും ഉൾപ്പെടുന്നു.


മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏപ്രിലിൽ കയറ്റുമതി ഉൾപ്പെടെ മൊത്തം 14 ശതമാനം വർധനയോടെ 94,627 വാഹനങ്ങൾ വിറ്റഴിച്ചു. യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ കമ്പനി ആഭ്യന്തര വിപണിയിൽ 56,331 വാഹനങ്ങൾ വിറ്റു. കയറ്റുമതി ഉൾപ്പെടെ മൊത്തം 57,833 വാഹനങ്ങളാണ് വിറ്റത്. വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർധിച്ചു. ഈ വ‌ർഷം 23,427 വാഹനങ്ങൾ വിൽപ്പന നടത്തി.


ഹുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഏപ്രിലിൽ 51,902 വാഹനങ്ങളാണ് ആഭ്യന്തര വിപണിയിൽ വിൽപ്പന നടത്തിയത്. ഇതേ മാസത്തിൽ 13,708 വാഹനങ്ങൾ കയറ്റുമതി ചെയ്യാനും ഹുണ്ടായിക്ക് സാധിച്ചു.


ടൊയോട്ട കിർലോസ്കർ മോട്ടോർസ് 32,086 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം 27,329 യൂണിറ്റുകളാണ് വിറ്റത്. ഈ വർഷം 17 ശതമാനം വർധനയുണ്ടായി. 30,159 വാഹനങ്ങൾ ആഭ്യന്തര വിപണിയിലിറക്കിയപ്പോൾ 1,927 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.


കിയ ഇന്ത്യ ഏപ്രിൽ മാസത്തിൽ 27,286 വാഹനങ്ങളാണ് മൊത്തത്തിൽ വിൽപ്പന നടത്തിയത്. 2025 ഏപ്രിലിൽ ഇത് 23,623 യൂണിറ്റുകളായിരുന്നു. കിയ 16 ശതമാനമാണ് വാർഷിക വളർച്ച രേഖപ്പെടുത്തിയത്.


ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഈ മാസം 6,018 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് 3 ശതമാനം വളർച്ച രേഖപ്പെടുത്തി.


നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആഭ്യന്തര വിപണിയിൽ 75 ശതമാനം വളർച്ചയോടെ 3,203 യൂണിറ്റുകൾ വിൽപ്പന നടത്തി. ആഭ്യന്തര വിപണിയിൽ 3,203 വാഹനങ്ങളിറക്കിയപ്പോൾ 2,185 വാഹനങ്ങളാണ് കമ്പനി കയറ്റുമതി ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home