Deshabhimani

നിന്ദ്യം, ഹീനം, ആസൂത്രിതം

attack against veena george
avatar
ആർ പാർവതി ദേവി

Published on Feb 26, 2026, 12:00 AM | 2 min read

ആരോഗ്യമന്ത്രി വീണാ ജോർജിനുനേരെ നടന്ന ആക്രമണം കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒന്നാണ്. കണ്ണൂരിൽ മന്ത്രിക്കുനേരെ വളരെ നിന്ദ്യവും ഹീനവും ആസൂത്രിതവുമായ ആക്രമണമാണ്‌ ഉണ്ടായത്‌. ഇത്‌ വീണാ ജോർജ്‌ മന്ത്രിയായ കാലംമുതൽ തുടങ്ങിയതാണ്. ഒരു മുൻ മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ് വളരെ ശക്തമായി കാര്യങ്ങൾ നടത്തുകയും ഇടപെടുകയും ചെയ്യുമ്പോൾ പല ഭാഗങ്ങളിൽനിന്നും ഉണ്ടായിട്ടുള്ള തുടർച്ചയായ ആക്രമണവും നമ്മൾ കണ്ടിട്ടുള്ളതാണ്. മുഖ്യധാരാ മാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും വീണയ്‌ക്കെതിരായ ആസൂത്രിതനീക്കത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും കൊടുത്തു എന്നതിലൂടെ ഏറ്റവും മോശമായ പ്രവണതതന്നെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. പലതരത്തിലുള്ള അനാവശ്യമായ ആരോപണങ്ങൾ മന്ത്രിക്കെതിരെ നിരവധിതവണ ഉന്നയിക്കപ്പെട്ടു. അത്‌ ഇന്ന് വനിതാമന്ത്രിയുടെ മേൽ കൈവയ്‌ക്കുന്നിടത്തേക്ക് എത്തിയെന്നത് ഏറ്റവും ഞെട്ടിക്കുന്നതാണ്‌.


ഏറ്റവും അപഹാസ്യവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമായ ഒരു പുതിയ പ്രവണതയ്‌ക്ക്‌ തുടക്കംകുറിച്ചതായി വേണം കണക്കാക്കാൻ. കേരളത്തിലെ മന്ത്രിമാർക്കുള്ള സെക്യൂരിറ്റി ഏതാനും ചില പൊലീസുകാർമാത്രമുള്ളതാണ്‌. അത്‌ സെഡ് കാറ്റഗറി സെക്യൂരിറ്റി ഒന്നുമല്ല. വളരെ സാധാരണമായ കേരള പൊലീസ് സെക്യൂരിറ്റി സംവിധാനംമാത്രം. കഴിഞ്ഞദിവസം വീണാ ജോർജിന്റെ വീട്ടിൽ യൂത്ത്‌ കോൺഗ്രസുകാർ അതിക്രമിച്ചുകയറുകയും പൊലീസുകാരെ ആക്രമിക്കുകയും റീത്ത് വയ്‌ക്കുകയും ചെയ്തു. റീത്ത് വയ്‌ക്കുക എന്നു പറയുന്നത് മരണം മുന്നിൽ കാണുമ്പോഴാണ്. വീണയെ കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് ഉയർത്തിയത് എന്നത് നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല.


സ്ത്രീകൾ കൂടുതൽ കൂടുതൽ അധികാരരംഗത്തേക്ക്‌ വരണമെന്നും കൂടുതൽ സ്ത്രീകൾ സാമൂഹിക–രാഷ്ട്രീയ രംഗത്ത് വരണമെന്നും ആവശ്യപ്പെടുകയും കേരളം അതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ, അതിന് വലിയ തിരിച്ചടി ഏൽപ്പിക്കുകയെന്ന കൃത്യമായ ഉദ്ദേശ്യം ഇ‍ൗ ആക്രമണത്തിനു പിന്നിലുണ്ട്. ആരോഗ്യരംഗം നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ദൈനംദിന ഇടപെടലുകൾ ആവശ്യമായ ഒരു മേഖലയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതരത്തിൽ പൊതു ആരോഗ്യരംഗത്തെ ഏറ്റവും മികച്ചതാക്കി പ്രശംസനീയതലത്തിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വീണ. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ആരോഗ്യരംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനും കുത്തകകൾക്ക് ആരോഗ്യരംഗം പൂർണമായും തീറെഴുതിക്കൊടുക്കാനുമുള്ള വലതുപക്ഷശ്രമത്തിന്റെ ഭാഗമായിക്കൂടി ഇതിനെ കാണേണ്ടതുണ്ട്. കേരളത്തിലെ പൊതു ആരോഗ്യരംഗം നശിപ്പിക്കുക എന്ന ലക്ഷ്യം കുത്തകകൾക്കുണ്ട്‌. ധാരാളം കുത്തകകൾ കേരളത്തിലേക്ക് കടന്നുവരികയും സ്വകാര്യ ആശുപത്രികൾ വിലയ്ക്ക് വാങ്ങുകയും ചെയ്യുന്ന സമയമാണിത്‌.


സ്വകാര്യമേഖല വലിയതോതിൽ ചികിത്സാചെലവ് വർധിപ്പിക്കുകയാണ്‌. പൊതു ആരോഗ്യമേഖലയിലേക്ക് ആളുകൾ വരാതിരിക്കുകയെന്നത് കുത്തകകളുടെ താൽപ്പര്യമാണ്. കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും പൊതു ആരോഗ്യമേഖലയിലെ നേട്ടങ്ങളെ മറയ്‌ക്കാൻ ശ്രമിക്കുന്നത് ഇ‍ൗ കുത്തക മുതലാളിമാരെ സഹായിക്കാനാണ്. പൊതു ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നത്‌ തകിടംമറിക്കുന്നത് കൃത്യമായ ഉദ്ദേശ്യത്തോടുകൂടിയാണ്. അതിനൊപ്പം നിന്നുകൊണ്ടാണ് കോൺഗ്രസ് ഒരു വനിതാമന്ത്രിയുടെ ദേഹത്ത്‌ കൈവച്ചിരിക്കുന്നത്. ഒരുകാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിലെ എല്ലാ ജനാധിപത്യവിശ്വാസികളും എല്ലാ സ്ത്രീകളും സ്ത്രീസംഘടനകളും രാഷ്ട്രീയത്തിനതീതമായി ഇതിനെ അപലപിക്കണം. പക്ഷേ, പലപ്പോഴും ദുഷ്ടലാക്കോടെയുള്ള ആക്രമണത്തെപ്പോലും കേരളത്തിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമായാണ്‌. വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും കുത്തകകളും സ്വകാര്യമേഖലയുമെല്ലാം കൈകോർത്ത് കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌.


ഒരു സ്ത്രീയുടെ ദേഹത്ത്‌ കൈവയ്‌ക്കുക എന്നത് ഇന്ത്യൻ നിയമമനുസരിച്ച് ശിക്ഷാർഹമാണ്. ആ രീതിയിൽ എല്ലാ വകുപ്പുകളും ചേർത്ത് കുറ്റക്കാർക്കെതിരെ നടപടി വേണം. ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്ന തരത്തിലുള്ള സന്ദേശം ഉയരണം. ഇത് സംഘർഷം സൃഷ്‌ടിക്കാനുള്ള ആസൂത്രിതനീക്കമാണ്‌. ക്രമസമാധാനനില തകർത്ത്‌, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത് സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമംകൂടിയാണ്. സമരങ്ങളെ ഇ‍ൗ രീതിയിൽ ആക്രമണത്തിലേക്ക്‌ മാറ്റുന്നത് ഏറ്റവും പ്രതിഷേധാർഹമാണ്. വീണാ ജോർജിന്‌ പിന്തുണ പ്രഖ്യാപിച്ചുള്ള വലിയതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയരട്ടെ. എല്ലാ വിഭാഗം ജനങ്ങളും വീണാ ജോർജിനൊപ്പം നിൽക്കുകയാണ്‌ വേണ്ടത്‌. രാഷ്ട്രീയത്തിനതീതമായി നമ്മൾ ഒന്നിച്ചു പ്രതിഷേധിക്കണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home