Deshabhimani

Articles

കലിഫോർണിയ വഴികാട്ടുമോ

കലിഫോർണിയ വഴികാട്ടുമോ

california.png
avatar
എ കെ രമേശ്‌

Published on Sep 04, 2026, 01:30 AM | 3 min read

അതിസമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തുന്നകാര്യം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളായി. അവരിൽനിന്ന് ചെറുനികുതി ഈടാക്കാനായാൽപ്പോലും നാടാകെ മാറും എന്നതിൽ സംശയമില്ല. തന്റെ ഓഫീസ് സെക്രട്ടറിയാണ് തന്നേക്കാൾ നികുതി കൊടുക്കുന്നത് എന്നുപറഞ്ഞത് അമേരിക്കൻ നിക്ഷേപക രാജാവായ വാറൻ ബഫേയാണ്. ശതകോടീശ്വരന്മാരിൽനിന്ന് കനത്ത നികുതി ഈടാക്കണം എന്ന് തറപ്പിച്ച് പറഞ്ഞ ഒരാൾ പ്രശസ്‌ത കാർട്ടൂണിസ്റ്റ് വാൾട്ട് ഡിസ്‌നിയുടെ പേരക്കിടാവും പാട്രിയോട്ടിക്ക് മില്യണേഴ്സ് നേതാവുമായ അബിഗേൽ ഡിസ്‌നിയാണ്. അതായത്‌ സാധാരണക്കാരുടെ മാത്രമല്ല, ദേശസ്നേഹികളായ ശതകോടീശ്വരന്മാരുടെയും നിലപാടാണ്‌ വമ്പന്മാർക്ക് നികുതി ഇത് പോരെന്ന്!


​നികുതിയേ കൊടുക്കാത്ത 
പെരുംപണക്കാർ


​കേമന്മാരായ വക്കീലന്മാരെയും കണക്കപ്പിള്ളമാരെയും ഏർപ്പെടുത്തിയും ഭരണനേതൃത്വത്തെ സ്വാധീനിച്ചും വിദേശങ്ങളിലെ ഇടപാടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചും തടിച്ചു കൊഴുക്കുകയാണ് ശതകോടീശ്വരന്മാർ. തങ്ങളുടെ കമ്പനി ഓഹരികൾ എത്രതന്നെ പെരുത്ത് കൊഴുത്താലും, അവ പിൻവലിക്കാത്തിടത്തോളം നികുതി കൊടുക്കേണ്ടതില്ലെങ്കിൽ, ആ ഓഹരികൾ പണയപ്പെടുത്തി ബാങ്ക് വായ്പകൾ നേടാമെങ്കിൽ, പിന്നെ മുതലാളിക്ക് എന്ത് നികുതി? രാജ്യത്തിന്‌ എന്ത് വരുമാനം? രാഷ്ട്രങ്ങളുടെ വരുമാനം കുറഞ്ഞാൽ, അത് കൂട്ടാനുള്ള മാർഗം കണ്ടെത്തുക കുറഞ്ഞ വരുമാനമുള്ളവരുടെ ചെലവിലാണല്ലോ. അതുകൊണ്ടാണ് അബിഗേൽ ഡിസ്നിയെപ്പോലുള്ള സമ്പന്നർപോലും അതിസമ്പന്നർക്ക് അധിക നികുതി എന്ന ആശയം മുന്നോട്ട് വച്ചത്.


​എലോൺ മസ്‌ക്‌ എന്ന ശതകോടീശ്വരൻ 30 കോടി ഡോളറാണ് ട്രംപിന്റെ തെരഞ്ഞെടുപ്പിന് ചെലവാക്കിയതത്രെ. അയാൾക്ക് കൂലി വരമ്പത്തുതന്നെ കിട്ടി. ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’യുടെ തലവനായി അയാൾ നിയുക്തനായി. ആന കരിമ്പിൻ തോട്ടത്തിൽ കയറിയപോലെ അയാളതാകെ കുട്ടിച്ചോറാക്കുകയും ചെയ്തു. ‘ഓറക്കിൾ’ മുതലാളി ലാറി എല്ലിസൺ മാധ്യമങ്ങൾ ഓരോന്നായി വിലയ്‌ക്കെടുക്കുകയാണ്. ഏറ്റെടുക്കലുകളും ലയനങ്ങളും വഴി അയാൾ സ്വന്തമാക്കിയ വൻ മാധ്യമങ്ങൾ ഏറെയാണ്. പാരമൗണ്ടും സിബിസിയും സ്വന്തമാക്കിയ എല്ലിസൺ, ഇനി വാർണർ ബ്രദേഴ്സും സിഎൻഎന്നും കൈപ്പിടിയിലൊതുക്കും. എലോൺ മസ്കിന്റെ എക്‌സും (പഴയ ട്വിറ്റർ) സുക്കർബർഗിന്റെ ഫെയ്സ് ബുക്കും കൂടിയായാൽ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പൂർണമായി ശതകോടീശ്വരന്മാരുടേതാകും. അതുവഴി സ്വാധീനം ചെലുത്തി നയങ്ങൾ തങ്ങൾക്ക്‌ അനുകൂലമാക്കാൻ അവർക്കാകും.


​ലോകകപ്പ്‌ - ഫുട്‌ബോൾ മത്സരങ്ങൾ നടക്കവെമാത്രം ഈ പെരുംപണക്കാർ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ഒരു കളിസ്ഥലത്തുനിന്ന് മറ്റൊന്നിലേക്ക് കുതിച്ചുപറക്കാൻ ഉപയോഗിച്ച ജെറ്റ് വിമാനങ്ങൾ ഉതിർത്ത കാർബൺ, കാലാവസ്ഥാ വ്യതിയാനത്തിന് നൽകിയ സംഭാവന ചെറുതല്ല. ആമസോൺ മുതലാളി 60–-ാം വയസ്സിൽ നടത്തിയ രണ്ടാംകെട്ടിന് വേദിയായ സൈപ്രസ് നഗരമാകെ ഇമ്മാതിരി പെരുംപണക്കാരുടെ സംഗമത്തിൽ ഗതാഗതസ്തംഭനത്തിലായതും അവരുടെ യാത്രാധൂർത്തുകൾ വിമർശവിധേയമായതും സമീപകാലത്താണ്. ഇപ്പോൾ ലോകത്ത് മൂവായിരത്തിലേറെയുണ്ട് ഹിമാലയംപോലെ സ്വത്ത്‌ കുമിഞ്ഞുകൂടിയവർ ! അവർക്ക് ഇപ്പോൾ നൽകുന്ന നികുതിയിളവുകൾ ഭീമാകാരം. അവർക്കുമേൽ ചെറുതായൊരു നികുതി ചുമത്തിയാൽ മതി, ലോകത്തെ പട്ടിണി മാറ്റാൻ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.


​കലിഫോർണിയയിൽനിന്നൊരു 
സദ്‌വാർത്ത


​എന്നാലിപ്പോൾ അമേരിക്കയിൽനിന്നിതാ ഒരു സദ്‌വാർത്ത. കലിഫോർണിയയിലെ ശതകോടീശ്വരന്മാർക്ക് അഞ്ച്‌ ശതമാനം നികുതി ചുമത്തണമെന്ന ആവശ്യം യാഥാർഥ്യത്തോടടുക്കുകയാണ്. യു സി ബർക്ക്‌ലിയിലെ ബ്രയാൻ ഗാല്ലെ, മിസോറി സർവകലാശാലയിലെ ഡേവിഡ് ഗാമേജ്, യു സി ഡേവിസിലെ ഡാരിയൻ ഷാൻസ്കെ എന്നീ നികുതി നിയമ പ്രൊഫസർമാരും യു സി ബർക്ക്‌ലിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഇമ്മാനുവൽ സായെസും ചേർന്നാണ് ഈ സംരംഭത്തിന്റെ കരട് തയ്യാറാക്കിയത്. കോടീശ്വരന്മാർ മധ്യവർഗ തൊഴിലാളികളേക്കാൾ കുറഞ്ഞ ‘ഇഫക്റ്റീവ് ടാക്‌സ്‌’ നിരക്കാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്ന ഗവേഷണത്തിനുശേഷമാണ് ഇമ്മാനുവൽ സായെസ് ഇതിന് മുതിർന്നത്. എസ്‌ഇഐയു യുണൈറ്റഡ് ഹെൽത്ത്കെയർ വർക്കേഴ്സ് വെസ്റ്റ് എന്ന തൊഴിലാളി യൂണിയനാണ് ഈ സംരംഭത്തിന്‌ മുൻകൈ എടുത്തത്‌. 2025 ഡിസംബറിൽ സ്റ്റേറ്റ് അറ്റോർണി ജനറൽ റോബ് ബോണ്ട ഇതിന്റെ ഔദ്യോഗിക തലക്കെട്ടും സംഗ്രഹവും പുറപ്പെടുവിച്ചു.


​2026 ഏപ്രിൽ 26-ന്, നികുതിയെ പിന്തുണച്ച് 16 ലക്ഷം ഒപ്പുകൾ ശേഖരിച്ചതായി യൂണിയൻ അറിയിച്ചു. വരുന്ന നവംബറിലെ ബാലറ്റിലേക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ 8,74,641 ഒപ്പുകളുടെ ഇരട്ടിയോളമായിരുന്നു ഇത്. ജൂൺ 17-ന് 9,80,438 സാധുവായ ഒപ്പുകളോടെ വെൽത്ത് ടാക്സ് ബാലറ്റിലേക്ക് യോഗ്യത നേടിയതായി കലിഫോർണിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം, ഈ സംരംഭത്തെ എതിർത്ത്‌ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം രംഗത്തെത്തി. അയാൾക്ക് യൂണിയൻ അയച്ച കത്തിൽ നിർദിഷ്ട അഞ്ച്‌ ശതമാനം വെൽത്ത് ടാക്സ് നിർദേശം പിൻവലിക്കാൻ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. ഒറ്റ വ്യവസ്ഥ, നിയമസഭ പാസാക്കുന്ന ശതകോടീശ്വരന്മാർക്കുള്ള രണ്ട്‌ ശതമാനം ലെവിയെ ന്യൂസം പിന്തുണയ്ക്കണം. ഈ നിർദേശം ഗവർണർ ഉടനടി നിരസിച്ചു. ജൂൺ 25-ലെ പിൻവലിക്കൽ സമയപരിധിക്കു മുമ്പ് ചർച്ചകൾ സ്തംഭിച്ചു. നവംബറിലെ വോട്ടെടുപ്പിൽ കാര്യങ്ങൾ തീരുമാനമാകും എന്നുറപ്പായി.


​ചെറുതാകില്ല പ്രത്യാഘാതം


​കലിഫോർണിയയുടെ ആരോഗ്യ മേഖലയ്‌ക്ക്‌ ലഭ്യമായിരുന്ന ഫെഡറൽ ഫണ്ടിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 10,000 കോടി ഡോളറിന്റെ വൻ വെട്ടിക്കുറവ് ട്രംപ് വരുത്തുന്നത് വഴി ആരോഗ്യ മേഖല തകർച്ചയിലേക്ക് നീങ്ങുകയാണ്. ഇൻഷുറൻസ് പ്രീമിയങ്ങൾ ഉയരുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ പൂർണമായും നഷ്ടപ്പെടുകയും ചെയ്യും. ആരോഗ്യമേഖലയിൽ 1,45,000 തൊഴിലവസരം ഇല്ലാതാകും. ഈ തകർച്ച തടയാനുള്ള പ്രായോഗികവും യുക്തിസഹവുമായ പരിഹാരമാണ് ശതകോടീശ്വരന്മാർക്കായി ഒറ്റത്തവണ മാത്രം ചുമത്തുന്ന അഞ്ച്‌ ശതമാനം അടിയന്തര നികുതി.


100 കോടി ഡോളറിലധികം ആസ്തിയുള്ള ഏകദേശം 200 കലിഫോർണിയക്കാർമാത്രം നൽകേണ്ട നികുതി നിർദേശമാണ്. ഇക്കൂട്ടർക്ക് ആകെ രണ്ട്‌ ലക്ഷം കോടി ഡോളറിന്റെ സമ്പത്തുണ്ട്. നികുതി നിയമങ്ങളിലെ പഴുതുകൾ കാരണം ഇതിൽ ഭൂരിഭാഗവും ജീവിതകാലത്ത് ഒരിക്കലും നികുതി നൽകാത്തവരാണ്‌. അതിനു മേലെയാണ് ഒരു ലഘുനികുതി. എന്നാൽ ഇ‍ൗ നികുതി നിർദേശം വന്നതോടെ രണ്ടുംകൽപ്പിച്ച് രംഗത്തിറങ്ങുകയാണ് പെരുംമുതലാളിമാർ! പേപാൽ സഹസ്ഥാപകൻ പീറ്റർ തീൽ, യൂബർ മുൻ സിഇഒ ട്രാവീസ് കലാനിക്, ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർ നിക്ഷേപവുമായി നാട് വിടും എന്ന ഭീഷണി മുഴക്കി നികുതി നിർദേശം പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തുകയാണ്. എന്നാൽ അങ്ങനെ കുറ്റിയും പൊട്ടിച്ച് പോകാൻ അവർക്കാകില്ല എന്നതാണ് വസ്തുത. എന്തായാലും കലിഫോർണിയയിൽനിന്നുള്ള ഈ തുടക്കം തീർച്ചയായും ലോകത്താകെ വലിയ മാറ്റങ്ങൾക്ക്‌ ഇടവരുത്തും. നീതിപൂർവകമായ വിതരണം എന്നതിലേക്കെത്തിയില്ലെങ്കിലും നീതിനിഷേധപരമായ നടപ്പ് നികുതിക്രമം ഇങ്ങനെ തുടരാൻ അനുവദിക്കില്ല എന്ന ബോധത്തിലേക്ക് ഉണരാൻ ജനതകളെ ഇത് ശാക്തീകരിക്കും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home