എന്തുകൊണ്ട് ഇടതുപക്ഷം

പ്രതീകാത്മക ചിത്രം
ഡോ. കെ പി അരവിന്ദന്‍
Published on Mar 31, 2026, 12:15 AM | 2 min read
ഈ ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരം ‘അടുത്ത തലമുറയ്ക്കുവേണ്ടി' എന്നതാണ്. കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള അനേകവർഷത്തെ ഗതി നിർണയിക്കപ്പെടുന്ന ഈ പ്രത്യേക സന്ദർഭത്തിൽ സംസ്ഥാനത്തെ നയിക്കാൻ ഇടതുപക്ഷം ഒരു അനിവാര്യതയാണ്.
എഴുപതുവർഷംമുന്പ് രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനമായിരുന്നു കേരളം. വിശപ്പും പോഷകാഹാരക്കുറവും ഉണ്ടായിരുന്ന ഈ സംസ്ഥാനത്തെ, 70 വർഷംകൊണ്ട് ജീവിതനിലവാരത്തിൽ ഒന്നാംസ്ഥാനത്തുള്ള നാടാക്കി മാറ്റിയ ചരിത്രം, ഇവിടത്തെ ഇടതുപക്ഷം നിർമിച്ചുണ്ടാക്കിയ കേരള മോഡലിന്റെ ചരിത്രംകൂടിയാണ്. 1957ൽ കമ്യൂണിസ്റ്റ് പാർടി നയിച്ച ഒന്നാം മന്ത്രിസഭയാണ് ഇതിന് തുടക്കംകുറിച്ചത്. ഭൂപരിഷ്കരണം, സാർവത്രിക വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള പരിപാടികൾ, പൊതുവിതരണസമ്പ്രദായം മുതലായ ജനപക്ഷനയങ്ങൾ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുകയായിരുന്നു. രണ്ടു ദശകങ്ങൾ കഴിഞ്ഞപ്പോഴേക്കും കൂടുതൽ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ഒരു തലമുറ ഇവിടെ വളർന്നുവന്നു. അവർ കേരളത്തിലും പുറത്തുമായി അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് കൂടുതൽ മാറ്റങ്ങൾക്ക് വഴിവച്ചു. സംസ്ഥാന വരുമാനത്തിന്റെ കണക്കിൽ താരതമ്യേന പിന്നിലായിരുന്നെങ്കിലും ജീവിത ഗുണപരതയുടെ സൂചകയായ മാനുഷികവികസന ഇൻഡക്സിൽ (എച്ച്‌ഡിഐ) ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറി. അന്താരാഷ്ട്രതലത്തിൽത്തന്നെ അറിയപ്പെട്ട കേരള മോഡൽ ഉദയംചെയ്തത് ഇങ്ങനെയാണ്.
സാമൂഹ്യ-ജീവിത ഗുണപരതാ നേട്ടങ്ങൾ പ്രതീക്ഷിച്ചതുപോലെയുള്ള സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്ക് നയിക്കാൻ കഴിയാതിരുന്ന വർഷങ്ങളാണ് പിന്നീട് നാം കണ്ടത്. നമ്മുടെ അതുവരെയുള്ള നേട്ടങ്ങളെ വിലകുറച്ചുകാണാനും കേരള മോഡൽതന്നെ സ്ഥായിയായ വളർച്ചയ്ക്ക് വിഘാതമാണെന്ന വാദത്തിനും അത് ഇടയാക്കി. നവ ഉദാരവാദ പരിഹാരങ്ങളാണ് വേണ്ടതെന്ന ആഖ്യാനവും സ്വാഭാവികമായി അരങ്ങേറി. പ്രതീക്ഷകളില്ലാത്ത കേരളത്തെയും നവ ഉദാര പരിഷ്കാരങ്ങളുടെ അനിവാര്യതയെയുമാണ് എ കെ ആന്റണിയും ഉമ്മൻചാണ്ടിയുമൊക്കെ മുഖ്യമന്ത്രിമാർ എന്ന നിലയിൽ ഉയർത്തിപ്പിടിച്ചത്.
കഴിഞ്ഞ രണ്ടുദശകങ്ങളിലാണ് ഇതിന് വീണ്ടും മാറ്റം വന്നത്. കഴിഞ്ഞ 20 വർഷത്തിൽ മൂന്ന് എൽഡിഎഫ് സർക്കാരുകളാണ് ഭരിച്ചത്. ഈ കാലയളവിൽ, പ്രത്യേകിച്ചും കഴിഞ്ഞ 10 വർഷം, അഭൂതപൂർവമായ വികസനക്കുതിപ്പിന് സാക്ഷ്യംവഹിച്ചു. കേരള മോഡലിന്റെ മുരടിപ്പുകൾ മറികടന്ന് വികസിത രാജ്യങ്ങൾക്കു സമാനമായ ജീവിതനിലവാരത്തിലേക്ക് നാം എത്തിച്ചേരുമെന്ന പ്രതീക്ഷ നൽകിയ കാലമായിരുന്നു ഇത്. ഇവയൊന്നും ആകസ്‌മികമായിരുന്നില്ല; മറിച്ച് എൽഡിഎഫ് സർക്കാരുകളുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾവഴി സാധ്യമായതാണ്.
പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം കേരളം സന്ദർശിക്കുന്ന ഒരാൾ അത്ഭുതത്തോടെയാകും ഇൗ നാടിനെ നോക്കിക്കാണുക. കുഴികളില്ലാത്ത മിനുസമുള്ള ഹൈവേകളും നാടൻ റോഡുകളും മലയോര–തീരദേശ പാതകളും നിരവധി പുതിയ പാലങ്ങളും ജലമെട്രോയുമായി നാടാകെ മാറി. കഴിഞ്ഞ 20 വർഷംകൊണ്ട് വൈദ്യുതോൽപ്പാദനം ഇരട്ടിയിലേറെയായി. ഐടി സേവനങ്ങൾ ലഭ്യമാക്കാനുള്ള നെറ്റ്‌വർക്കുകളും സമാനമായ രീതിയിൽ വികസിച്ചു. ഈ അടിസ്ഥാനവികസനവും വിദ്യാഭ്യാസമുള്ള തൊഴിൽസേനയും മുമ്പെങ്ങുമില്ലാത്ത തോതിൽ സ്റ്റാർട്ടപ്പുകൾക്കും ചെറുസംരംഭങ്ങൾക്കും രൂപംനൽകി.
ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം, കുന്നുകൂടിക്കിടക്കുന്ന മാലിന്യമില്ലാത്ത പരിസരവും വഴിയോരങ്ങളുമായിരിക്കും. വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചെന്നാൽ, ഏത് മികച്ച സ്വകാര്യ ആശുപത്രിയിലുമുള്ളതുപോലുള്ള ചികിത്സാസൗകര്യം ലഭിക്കുന്നു. കൂടാതെ മരുന്നുകളുടെയും മറ്റ് സേവനങ്ങളുടെയും ലഭ്യത, താലൂക്ക് ആശുപത്രികളിൽവരെ ഡയാലിസിസ്, ജില്ലാ ആശുപത്രികളിൽ കാത്ത് ലാബും ആൻജിയോപ്ലാസ്റ്റി അടക്കം ചെയ്യാനുള്ള സൗകര്യങ്ങളും. ഇനി അടുത്തുള്ള സ്കൂളിൽ ചെന്നാലോ; മികച്ച ക്ലാസ്‌റൂമുകൾ, ലാബുകൾ, ശുചിയുള്ള ബാത്ത്റൂമുകൾ എന്നിങ്ങനെ മുന്പില്ലാത്ത വലിയ മാറ്റങ്ങളാണ് കാണാൻ കഴിയുക. സർക്കാർ സ്കൂളുകളിലും ആശുപത്രികളിലും മുമ്പില്ലാത്തവിധം കൂടുതൽ ജനങ്ങൾ എത്തിത്തുടങ്ങിയത് വെറും ആകസ്മികതയല്ല.
ഇവയെല്ലാം സാധ്യമായതിന്റെ പിന്നിലുള്ള ഘടകങ്ങളെന്താണ്? തീർച്ചയായും, പുതിയ സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്താനുള്ള കിഫ്‌ബിപോലുള്ള നൂതന ആശയങ്ങൾ ഇതിൽ പ്രധാനമാണ്. കൂടാതെ, സിവിൽ സർവീസും മറ്റ് ഉദ്യോഗസ്ഥരും പ്രൊഫഷണലുകളുമൊക്കെ അടങ്ങുന്ന സർക്കാർ ഭരണയന്ത്രത്തെ കൃത്യമായി പ്രവർത്തിപ്പിക്കാതെ ഇതൊന്നും നേടാൻ കഴിയില്ല. എന്നാൽ, ഇതിന്റെയെല്ലാം മുകളിൽ വേണ്ടത് രാഷ്ട്രീയനേതൃത്വത്തിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ്.
ആധുനിക മനസ്സാക്ഷിയുള്ള എല്ലാവരും പങ്കാളികളായ ഒരു സമ്പന്ന നവകേരളം ഇന്ന് വെറുമൊരു സ്വപ്‌നമല്ല, വലിയ പ്രതീക്ഷയാണ്. ഇന്നത്തെ സാഹചര്യത്തിൽ എൽഡിഎഫിനുമാത്രമേ അത് നടപ്പാക്കാൻ കഴിയൂ. ഭാവിതലമുറയ്ക്കുവേണ്ടിയുള്ള നവകേരളം കെട്ടിപ്പടുക്കാനാകണം നാം വോട്ട് ചെയ്യേണ്ടത്. അങ്ങനെയാണെങ്കിൽ എൽഡിഎഫ് അല്ലാതെ നമുക്ക് വേറൊരു ചോയ്‌സില്ല.
(പൊതുജനാരോഗ്യപ്രവർത്തകനും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകൻ)













