ad
Deshabhimani

Articles

സ്‌ത്രീയുടെ അഭിമാനം സംരക്ഷിച്ച സർക്കാർ

സമഗ്രവികസനത്തിന്റെ ദശകം

vk sreeraman
കെ എൻ സനിൽ ​

Published on Mar 26, 2026, 11:12 PM | 2 min read

 എൽഡിഎഫിന്‌ മൂന്നാമൂഴത്തിനുള്ള 
സാഹചര്യമാണല്ലോ


​■ കേരളത്തെ സംബന്ധിച്ചിടത്തോളം വികസനമാണ്‌ മുഖ്യമായി നമ്മുടെ കാഴ്‌ചയിലും അനുഭവത്തിലും വരുന്ന സംഗതി. വളരെ കാലങ്ങൾക്കുശേഷം കേരളം സമഗ്രവികസനം എന്നു പറയാവുന്ന ഘട്ടത്തിൽ എത്തിയത്‌ കഴിഞ്ഞ 10 വർഷത്തിനിടയിലാണ്‌. പ്രത്യേകിച്ച്‌ പശ്ചാത്തലവികസനത്തിന്റെ കാര്യത്തിൽ. ജീവിക്കുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കുകയെന്നത്‌ ഇത്രയും കാലത്തിനിടയിൽ ഇപ്പോഴാണ്‌ ഉണ്ടായത്‌. അത്‌ നിലനിർത്തുക, മുന്നോട്ടുകൊണ്ടുപോവുക എന്നത്‌ ജനങ്ങളുടെ ആവശ്യമാണ്‌. ഇ‍ൗ ആവശ്യങ്ങൾ ഇനിയും പൂർത്തിയാക്കപ്പെടേണ്ടവയുണ്ട്‌, പരിഹരിക്കപ്പെടേണ്ട കുറെ മേഖലകൾ ഇനിയുമുണ്ട്‌. പക്ഷേ, അതിനേക്കാളൊക്കെ മികച്ചുനിൽക്കുന്നത്‌, വികസനത്തിന്റെ ഒരു തലമാണ്‌.


​ കഴിഞ്ഞ 10 വർഷത്തിനിടെ 
കേരളത്തിനുണ്ടായ മാറ്റം


​■ ഞാൻ ജനിച്ചത്‌ കുന്നംകുളം സർക്കാർ ആശുപത്രിയിലാണ്‌. എന്നെ പ്രസവിച്ചുകിടന്ന മുറി അമ്മ എനിക്ക്‌ ഒരിക്കൽ കാണിച്ചുതന്നിട്ടുണ്ട്‌. ഞാൻ ഇ‍ൗ ആശുപത്രി ഇടയ്‌ക്കിടെ സന്ദർശിക്കും. അടുത്ത കാലംവരെ ആ മുറി അവിടെ ഉണ്ടായിരുന്നു. വല്ലാത്ത ദുർഗന്ധം വമിക്കുന്ന കെട്ടിടം. ഒരുപാട്‌ സ്വകാര്യ ആശുപത്രികൾ കുന്നംകുളത്ത്‌ തഴച്ചുവളർന്നപ്പോഴും കുന്നംകുളത്തെ സർക്കാർ ആശുപത്രി അടുത്ത കാലംവരെ പഴയതുപോലെതന്നെയായിരുന്നു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്പോൾ എങ്ങനെയാണോ ഉണ്ടായിരുന്നത്‌, അതുപോലെതന്നെയായിരുന്നു കഴിഞ്ഞ 10 വർഷംമുന്പുവരെ. ഇ‍ൗ നാടിന്റെ പൾസ്‌ ഞാൻ മനസ്സിലാക്കുന്നത്‌ എന്റെ ചുറ്റിലുമുള്ള മനുഷ്യരിൽനിന്നാണ്‌. ഇ‍ൗ നാടിന്റെയും കുന്നംകുളം പട്ടണത്തിന്റെയും വികാസം അത്ഭുതാവഹമാണ്‌. ഇത്‌ കുന്നംകുളത്തുമാത്രമായി നടന്ന ഒന്നല്ലല്ലോ. കേരളത്തിലെ മൊത്തം വികാസത്തിന്റെ പ്രതിഫലനമാണ്‌ എന്റെ നാടിന്റെ വികസനം. ഉൾനാടുകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്‌. റോഡുകളെല്ലാം വളരെ സുഖകരമായ യാത്രയ്‌ക്ക്‌ പറ്റിയതാണ്‌.


 സർക്കാരിനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം


■ ​ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ക്ഷേമകാര്യങ്ങളിലുള്ള സർക്കാരിന്റെ ശ്രദ്ധ, ആരോഗ്യരംഗത്തുള്ള ശ്രദ്ധ, അതുപോലെ നമ്മൾ നശിച്ചുപോകും എന്നുവരെ കരുതിയ, ആകെ തകർന്നുപോകും എന്നു പറഞ്ഞ ഘട്ടങ്ങളിൽ, മനുഷ്യന്റെ പ്രതീക്ഷ നശിച്ച കാലത്ത്‌ സാധാരണക്കാരുടെയൊപ്പം വളരെ സജീവമായി നിന്ന, അവർക്ക്‌ കരുത്തും ആത്മവിശ്വാസവും നൽകി പതറാതെ നിന്ന ഒരു സർക്കാരിനെയാണ്‌ ആളുകൾ കാണുന്നത്‌. അത്‌ അവകാശവാദമോ വെറുതെ പറയുന്നതോ അല്ലല്ലോ. അതിൽ ജനങ്ങൾക്ക്‌ വിശ്വാസമുണ്ട്‌. എന്റെ ചുറ്റുപാടുമുള്ള മനുഷ്യരെ ഞാൻ കാണുകയും അവരെ കേൾക്കുകയുമൊക്കെ ചെയ്യുന്പോൾ മനസ്സിലാകുന്നത്‌ അവർ വളരെ സന്തുഷ്‌ടരാണ്‌ എന്നതാണ്‌.

ആഴത്തിൽ നോക്കിയാൽ ചില ഭാഗങ്ങളിലേക്ക്‌ ഇനിയും സർക്കാർ ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്ന്‌ തോന്നിയിട്ടുണ്ട്‌. വളരെ പിന്തള്ളപ്പെട്ടുപോയ ചില സമൂഹങ്ങളുണ്ട്‌. ഭിക്ഷാടനമാണ്‌ തങ്ങളുടെ ജീവിതമാർഗമെന്ന്‌ വിശ്വസിച്ചുപോരുന്നവർ. അവർ അങ്ങനെതന്നെ തുടരുന്നതിൽ പ്രധാന രാഷ്‌ട്രീയപാർടികൾക്ക്‌ ഉത്തരവാദിത്വമുണ്ട്‌. അവിടേക്കും ഭരണത്തിന്റെ ശ്രദ്ധ ചെല്ലേണ്ടതുണ്ട്‌. അത്തരം മേഖലകളിലേക്ക്‌ ശ്രദ്ധചെലുത്തുമെന്ന പ്രതീക്ഷ ഇ‍ൗ സർക്കാർ നൽകുന്നുണ്ട്‌. ഇതൊഴിച്ചുനിർത്തിയാൽ കേരളത്തിന്റെ ഇപ്പോഴത്തെ ഒരു സാമൂഹ്യപുരോഗതിയും സ‍ൗഹാർദവും മറ്റ്‌ ഒരു സംസ്ഥാനത്തുമില്ലാത്തവിധം ഇവിടെയുണ്ട്‌. ഇ‍ൗ സർക്കാരിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രത്യേകതയായി ഞാൻ കാണുന്നത്‌ സ്‌ത്രീസുരക്ഷയിൽ നടത്തിയ ഇടപെടലുകളാണ്‌. സ്‌ത്രീയുടെ അഭിമാനം സംരക്ഷിക്കുന്ന നടപടികൾ ധാരാളമാണ്‌. ഗുണവും ദോഷവും തുലനം ചെയ്‌താൽ ഗുണങ്ങൾക്ക്‌ മുൻതൂക്കമുള്ള സർക്കാരാണിത്‌.


(ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി കെ ശ്രീരാമനുമായി നടത്തിയ അഭിമുഖം)



Deshabhimani
Home