ad
Deshabhimani

Articles

​ചെറിയ സംരംഭങ്ങൾക്ക് കമ്പനി വേണ്ട

നിങ്ങള്‍ക്ക് വേണോ 
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

company
അരുണ്‍ ചാക്കോ

Published on Dec 30, 2025, 02:13 AM | 3 min read

പുതിയൊരു വർഷം അടുക്കുകയാണ്. സംരംഭകർക്ക് സാമ്പത്തിക വർഷത്തിന്റെ തുടക്കംപോലെതന്നെ പ്രധാനമാണ് കലണ്ടർ വർഷത്തിന്റെ തുടക്കവും. കാരണം, പലരും പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കുന്ന സമയമാണല്ലോ ഇത്. നിങ്ങളുടെ സംരംഭത്തിന്റെ നിയമപരമായ ഘടന എന്തായിരിക്കണം എന്നതിലും ഇപ്പോൾ തീരുമാനമെടുക്കാവുന്നതാണ്.


ഫ്രീലാൻസ് വെബ് ഡിസൈനറായിരുന്ന ഒരു സുഹൃത്ത് കഴിഞ്ഞവർഷത്തിന്റെ തുടക്കത്തിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു. അവന്റെ ആലോചനയിൽ ആദ്യം വന്നത് ഒരു സ്വകാര്യ (പ്രൈവറ്റ്) ലിമിറ്റഡ് കമ്പനി തുടങ്ങുക എന്നതായിരുന്നു. കമ്പനിയാകുമ്പോൾ സ്വന്തം വിസിറ്റിങ് കാർഡിൽ "ഡയറക്ടർ' എന്നുവയ്ക്കാം. അത് അവന് വലിയ അഭിമാനമായി തോന്നി. എന്നാൽ, കമ്പനി രജിസ്റ്റർ ചെയ്യാനുള്ള ചെലവും, അതിനുശേഷം എല്ലാ വർഷവും നിർബന്ധമായും പാലിക്കേണ്ട നിയമപരമായ കാര്യങ്ങളും പറഞ്ഞപ്പോൾ ആശയക്കുഴപ്പത്തിലായി. ചെറിയ രീതിയിൽ സംരംഭം തുടങ്ങുന്ന തനിക്ക് ഇത്രയും വലിയൊരു ഘടനയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ചിന്തിക്കേണ്ട കാര്യമാണിത്.


​എപ്പോഴാണ് 
"കമ്പനി' വേണ്ടത്?


സംരംഭകർ പൊതുവിൽ "പ്രൈവറ്റ് ലിമിറ്റഡ് കമ്പനി' രൂപീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഇതിനൊരു പ്രധാന കാരണം, മുമ്പ് പറഞ്ഞതുപോലെ പലരും കമ്പനിയും അതിലെ ഡയറക്ടർ പദവിയും ഒരു സാമൂഹിക അംഗീകാരത്തിന്റെ ചിഹ്നമായി (സ്റ്റാറ്റസ് സിംബൽ) കാണുന്നു എന്നതാണ്. എന്നാൽ, എല്ലാവർക്കും കമ്പനി ആവശ്യമില്ല എന്നതാണ് യാഥാർഥ്യം.


ചില ബിസിനസുകൾക്ക് കമ്പനി ഘടന അനിവാര്യമായിരിക്കും. അതായത് നിങ്ങളുടെ ബിസിനസ് താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ കമ്പനി രൂപീകരിക്കാവുന്നതാണ്.


​• നിക്ഷേപം സ്വീകരിക്കൽ: വെഞ്ച്വർ ക്യാപിറ്റൽ, ഏഞ്ചൽ ഇൻവെസ്റ്റർമാരിൽനിന്നുള്ള നിക്ഷേപം, നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) തുടങ്ങിയ വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ കമ്പനി ഘടന അനിവാര്യമാണ്. നിക്ഷേപകർക്ക് നിയമപരമായ സുരക്ഷയും ഓഹരി വിഹിതവും നൽകാൻ ഇതാവശ്യമാണ്.


• വളർച്ച സാധ്യതകൾ: ഭാവിയിൽ ബിസിനസ് വിപുലീകരിക്കാനും, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനും (ഐപിഒ) പദ്ധതിയുണ്ടെങ്കിൽ കമ്പനിയാണ് ഏറ്റവും നല്ലത്.


• ഉയർന്ന വിശ്വാസ്യത: വിതരണക്കാർ, ഉപയോക്താക്കൾ, സർക്കാർ ഏജൻസികൾ എന്നിവരുമായി ബിസിനസ് ചെയ്യുമ്പോൾ കമ്പനിക്ക് കൂടുതൽ നിയമപരമായ ഘടനയും വിശ്വാസ്യതയുമുണ്ടാകും.


• ലിമിറ്റഡ് ലയബിലിറ്റി (പരിമിത ബാധ്യത): സംരംഭം കമ്പനിയാണെങ്കിൽ ബിസിനസിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായാൽ, അതിൽനിന്ന് സംരംഭകന്റെ വ്യക്തിപരമായ ആസ്തികൾ സുരക്ഷിതമായിരിക്കും.


​പിഴകളും 
നിയമനടപടികളും


കമ്പനി രൂപീകരിക്കുന്നതിനുമുമ്പ് ഗൗരവമായി പരിഗണിക്കേണ്ട ചില യാഥാർഥ്യങ്ങളുണ്ട്. കമ്പനി രജിസ്റ്റർ ചെയ്യുന്നതോടെ നിയമപരമായ ഉത്തരവാദിത്വങ്ങൾ വർധിക്കും. എല്ലാ വർഷവും ആർഒസി (രജിസ്റ്റാർ ഓഫ് കമ്പനീസ്) ഫയലിങ്, ഓഡിറ്റിങ്, ടാക്സ് ഫയലിങ്, മിനിറ്റ്സ് സൂക്ഷിക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ പിഴകളും നിയമനടപടികളും നേരിടേണ്ടി വരും.

മറ്റൊന്ന് ബോർഡ് മീറ്റിങ്ങുകളാണ്. ഒരു സാമ്പത്തിക വർഷം ചെറിയ കമ്പനികൾക്ക് കുറഞ്ഞത് രണ്ട് ബോർഡ് മീറ്റിങ്ങുകളും മറ്റുള്ളവയ്ക്ക് ഓരോ പാദത്തിലും ഒന്നുവീതവും നിർബന്ധമാണ്.


​വേണം ഓഡിറ്റിങ്ങും 
പൊതുയോഗവും


കമ്പനികൾ എല്ലാ സാമ്പത്തിക വർഷവും ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം നടത്തി കമ്പനി രജിസ്ട്രാർക്ക് വാർഷിക റിപ്പോർട്ട് ഫയൽ ചെയ്യണം. കമ്പനിയായി രജിസ്റ്റർ ചെയ്താൽ ഓഡിറ്റിങ്ങും നിർബന്ധമാണ്. ഓരോ സാമ്പത്തിക 
വർഷത്തേയും അക്കൗണ്ടുകൾ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണം. കമ്പനിയുടെ വാർഷിക ആദായ നികുതി റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്യുകയും വേണം.


​ചെറിയ സംരംഭങ്ങൾക്ക് കമ്പനി വേണ്ട


​എല്ലാ ബിസിനസുകൾക്കും ഒരു കമ്പനി ഘടനയുടെ ആവശ്യമില്ല. ചെറിയ ബിസിനസുകൾക്ക്, അതായത് പ്രാദേശികമായി മാത്രം പ്രവർത്തിക്കുന്ന ചെറിയ സംരംഭമാണെങ്കിൽ കമ്പനി വലിയ ബാധ്യതയായി മാറിയേക്കാം. മുകളിൽ പറഞ്ഞ നിയമ നടപടികൾ കൃത്യമായി പാലിക്കുക എന്നത് സാധാരണ സംരംഭകരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. സംരംഭത്തിന്റെ മുന്നോട്ടുപോക്കിനായി ചെലവഴിക്കേണ്ട സമയം ഇതിനായി പാഴാക്കേണ്ടി വരും. ഇത് തിരിച്ചടിയായേക്കാം. അതിനാൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ലക്ഷ്യമിടുന്ന ചെറിയ സംരംഭങ്ങൾ കമ്പനിക്ക് പകരം ഒരു "പ്രൊപ്രൈറ്റർഷിപ്' അല്ലെങ്കിൽ "പാർട്ണർഷിപ്' സ്ഥാപനമായാൽ മതിയാകും. ഇതിന് കമ്പനിയെ അപേക്ഷിച്ച് നിയമപരമായ നടപടികളും ചെലവുകളും കുറവാണ്.


​നിക്ഷേപവും 
പരീക്ഷണഘട്ടവും


വലിയ നിക്ഷേപം ആവശ്യമില്ലാത്ത സംരംഭമാണെങ്കിൽ കമ്പനി ഒഴിവാക്കാം. അതിനാൽ കമ്പനി രജിസ്ട്രേഷനിലേക്ക് കടക്കുന്നതിനുമുമ്പ് നിങ്ങളുടെ സംരംഭത്തിന് വായ്പകളോ, സ്വന്തം നിക്ഷേപമോ മതിയാകുമോ നിക്ഷേപം സ്വീകരിക്കേണ്ടിവരുമോ എന്നത് ഉറപ്പാക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ബിസിനസ് നിലവിൽ ഏത് ഘട്ടത്തിലാണ് എന്നതാണ്. അതിപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിൽ, ഉറച്ച നില കണ്ടെത്തിയിട്ടില്ലെങ്കിൽ കമ്പനി രജിസ്റ്റർ ചെയ്യാൻ തിരക്കു കാണിക്കരുത്.

​കമ്പനികൾ 
പലതരം


ഇന്ത്യയിൽ സാധാരണയായി കാണുന്ന കമ്പനികൾ താഴെ പറയുന്നവയാണ്:


• പ്രൈവറ്റ് ലിമിറ്റഡ് കമ്പനി: രണ്ടോ അതിലധികമോ ആളുകൾക്ക് ചേർന്ന് തുടങ്ങാൻ സാധിക്കുന്ന കമ്പനി രൂപമാണിത്. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ളതും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സ്റ്റാർട്ടപ്പുകൾമുതൽ വലിയ സ്ഥാപനങ്ങൾവരെ ഈ ഘടന ഉപയോഗിക്കുന്നുണ്ട്.

​• വൺ പേഴ്സൺ കമ്പനി (ഒപിസി): ഒരാൾക്ക് മാത്രമായി ഒരു കമ്പനി തുടങ്ങാൻ സാധിക്കുന്ന ഘടനയാണിത്. ഇത് സോൾ പ്രൊപ്രൈറ്റർഷിപ്പിന്റെയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ഗുണങ്ങൾ ഒരുമിച്ച് നൽകുന്നു.


​• പബ്ലിക് ലിമിറ്റഡ് കമ്പനി: കുറഞ്ഞത് ഏഴ് അംഗങ്ങൾ ആവശ്യമുള്ളതും, ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാൻ സാധിക്കുന്നതുമായ കമ്പനി ഘടനയാണ്. സാധാരണയായി വലിയ കോർപറേഷനുകളാണ് ഇത് തെരഞ്ഞെടുക്കുന്നത്.


ബിസിനസിന്റെ യഥാർഥ ആവശ്യകതകൾ ഉറപ്പാക്കി വളർച്ച സാധ്യത, ബിസിനസിന്റെ സ്വഭാവം, സാമ്പത്തിക ലക്ഷ്യങ്ങൾ, വെല്ലുവിളികൾ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.


(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home