ആത്മവിശ്വാസത്തോടെ മുന്നോട്ട്


വി ശിവൻകുട്ടി
Published on Mar 04, 2026, 11:11 PM | 1 min read
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർഥികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണം.
നീണ്ട 11 വർഷത്തെ ഇടവേളയ്ക്കുശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2023-നെ അടിസ്ഥാനമാക്കി പരിഷ്കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂർത്തിയാക്കിയാണ് നിങ്ങൾ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. വിമർശാത്മക ചിന്ത, വിശകലന നൈപുണി, സർഗാത്മകത തുടങ്ങിയ 21–-ാംനൂറ്റാണ്ടിന്റെ ശേഷികൾ നിങ്ങളിൽ എത്രത്തോളം വളർന്നു എന്നു പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിർണയക്രമം വിഭാവനം ചെയ്തിട്ടുള്ളത്. ഈ വർഷത്തെ പരീക്ഷാഘടനയിൽ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ലെന്ന് എല്ലാ കുട്ടികളും ഓർക്കേണ്ടതുണ്ട്. പരീക്ഷയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഭീതി പരത്താനുള്ള ബോധപൂർവമായ ശ്രമം ചിലർ നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ തള്ളിക്കളയാനുള്ള വിവേകം നമുക്കുണ്ടാകണം.
എല്ലാ കുട്ടികൾക്കും അവരവരുടെ അറിവും കഴിവും പ്രകടിപ്പിക്കാനുള്ള ഇടം മൂല്യനിർണയത്തിന്റെ ഭാഗമായുണ്ടാകും. എസ്‌സിഇആർടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കും. പാഠ്യപദ്ധതി ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ആകർഷകമായ ചോദ്യങ്ങൾ ജീവിതത്തിലെ ഉദാഹരണങ്ങളെക്കൂടി ചേർത്തുനിർത്തിയാണ് നിർമിച്ചിട്ടുള്ളത്.
പരീക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളിൽ പതറാതെ അധ്യാപകരുടെ നിർദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടർന്ന് ആത്മവിശ്വാസം വർധിപ്പിക്കുക. പത്താംക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാപരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം.
പരീക്ഷാതിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രദ്ധിക്കുക. ജീവിതത്തിലെ അവസാനപരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ പരീക്ഷയെ അഭിമുഖീകരിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ട വിദ്യാർഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ.















