Deshabhimani

Articles

മുട്ടുമടക്കുന്ന കേന്ദ്രം

മുഖംമൂടി അഴിഞ്ഞുലയുന്ന പരിവാർ

modi amit shah yogi

പ്രതീകാത്മകചിത്രം

avatar
എം വി ​ഗോവിന്ദൻ

Published on Sep 03, 2026, 01:00 AM | 4 min read

ദേശീയ രാഷ്ട്രീയം ചടുലമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്. പ്രതിഷേധങ്ങളെയെല്ലാം 12 വർഷം, കരിനിയമങ്ങളും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് അടിച്ചമർത്തിയ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെയും മാധ്യമങ്ങളെയും ഒരു പരിധിവരെ ജുഡീഷ്യറിയെയും വരുതിയിൽ നിർത്തി സ്വേച്ഛാധിപതിയെപ്പോലെ ഭരിച്ച നരേന്ദ്ര മോദിക്ക് വിദ്യാർഥികളുടെ സമരവീര്യത്തിനു മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു. പിടിച്ചുനിൽക്കാനാകാതെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പ്രക്ഷോഭത്തിനെതിരെ രാജ്യവ്യാപകമായി എടുത്ത എല്ലാ കേസുകളും സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. പ്രക്ഷോഭം നയിച്ചവർക്ക്‌ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, കേസുകൾ തുടരാൻ താൽപ്പര്യമില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി പൊലീസും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും സമർപ്പിച്ച അപേക്ഷകളിലാണ് സുപ്രീംകോടതിയുടെ നടപടി. വിദ്യാർഥികൾക്കു നേരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ തയ്യാറാകാതിരുന്നപ്പോൾ സിജെപി പ്രസ്ഥാനം അധ്യാപകദിനമായ സെപ്തംബർ അഞ്ചിന് ജന്തർമന്തറിൽ വീണ്ടും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉടൻ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്. മറ്റൊരു വിദ്യാർഥിസമരം സർക്കാരിന്റെ അന്ത്യം കുറിക്കുമോയെന്ന ഭയമാണ് മോദിയെയും കൂട്ടരെയും വേട്ടയാടുന്നത്. പാർലമെന്റിന്റെ രണ്ടാഴ്ച നീണ്ട വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻപോലും മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ധൈര്യം കാട്ടിയില്ല. പെല്ലറ്റ് തോക്കുകൾ വിദ്യാർഥികൾക്കു നേരെ ഉപയോഗിച്ചതാരാണെന്ന പ്രതിപക്ഷ ചോദ്യത്തിനു മുമ്പിൽ പതറുന്ന സർക്കാരിനെയാണ് കാണാൻ കഴിഞ്ഞത്. സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗമാകട്ടെ നിർജീവമായി.


​വിദ്യാർഥി സമരത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഉഴലുന്ന സംഘപരിവാറിനെയും സർക്കാരിനെയുമാണ് നമുക്ക് കാണാൻ കഴിയുന്നത്. മോദിയുടെ ‘ക്രൈസിസ് മാനേജരായി' അറിയപ്പെടുന്ന അമിത് ഷായുടെ അഭാവം ഇപ്പോൾ ശ്രദ്ധേയമാണ്. മുൻ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയാണ് വിദ്യാർഥികളുമായി ചർച്ചയ്‌ക്ക് മുൻകൈ എടുത്തത്. ബിജെപി അധ്യക്ഷനായി നിതിൻ നബിനെ നിയമിച്ചതിലും ഇപ്പോഴത്തെ ബിജെപി പുനഃസംഘടനയിലും ഷാ അതൃപ്തനാണെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. സിജെപി പ്രക്ഷോഭം രാജ്യത്തെ വിഭജിക്കാനാണെന്നും ദേശവിരുദ്ധ ശക്തികളാണ് ഇതിനു പിന്നിലെന്നുമുള്ള നിതിൻ നബിന്റെ പ്രസ്താവനയ്‌ക്ക് വിരുദ്ധമാണ് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണം. അവർ ദേശവിരുദ്ധരല്ലെന്നും അവരുടെ ആവശ്യം ന്യായമാണെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഏതായാലും ജെൻ സി പ്രക്ഷോഭം സംഘപരിവാറിനെ അടിമുടി ഉലച്ചിരിക്കുകയാണ്.


​ഈ ഘട്ടത്തിൽത്തന്നെയാണ് മോദി സർക്കാർ പാവങ്ങൾക്കൊപ്പമല്ല, കോർപറേറ്റുകൾക്ക് ഒപ്പമാണെന്ന് വ്യക്തമായി തെളിയിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായത്‌. ബിജെപി നേതാവും സീ ടെലിവിഷൻ ഉടമയുമായ സുഭാഷ് ചന്ദ്രയുടെ 22,006.57 കോടി രൂപയുടെ വായ്പാ കുടിശ്ശിക 6.5 കോടി രൂപയ്‌ക്ക് ഒത്തുതീർപ്പാക്കിയ ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ നടപടിയിലാണ് ഈ കോർപറേറ്റ് സേവ പ്രകടമായത്. വായ്പ തിരിച്ചടവിൽ ബോധപൂർവം വീഴ്ചവരുത്തുന്ന വൻകിടക്കാരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദാരവൽക്കരണവാദ യുക്തിയാണ്, നീതിയെ പരിഹസിക്കുന്ന ഈ വിധിയുടെ അന്തസ്സത്ത. ഏതാനും ദിവസം മുമ്പാണ് ബാങ്ക് ഓഫ് ബറോഡ 35,715 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളിയെന്ന വാർത്ത വന്നത്. 100 കോടി രൂപയിലധികം വായ്പ എടുത്തവരുടെ കുടിശ്ശികയാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ 10 വർഷം 16.11 ലക്ഷം കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതെന്നാണ് ധനമന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയത്.


സാധാരണക്കാരും കർഷകരും വായ്പാ കുടിശ്ശിക വരുത്തിയാൽ അവരെ കുറ്റവാളികളായി മുദ്രകുത്തി ജപ്തി നടപടികൾ ഉണ്ടാകുമ്പോഴാണ്, അതിസമ്പന്നർക്ക് പൊതുധനം കൊള്ളചെയ്യാൻ മോദി സർക്കാർ യഥേഷ്ടം അവസരം നൽകുന്നത്. സിപിഐ എം ഉൾപ്പെടെയുള്ള പാർടികളും വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധം ശക്തമായി ഉയർത്തിയതോടെ സുഭാഷ് ചന്ദ്രയ്‌ക്ക് അനുകൂലമായ വിധിന്യായം തൽക്കാലം സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ വിഷയത്തിൽ മുകേഷ് അംബാനിക്കെതിരെ സുഭാഷ് ചന്ദ്ര പരസ്യമായി രംഗത്തുവന്നത് മോദി സർക്കാരിനെ പിന്തുണയ്‌ക്കുന്ന കോർപറേറ്റുകളിൽപ്പോലും അസ്വാരസ്യം മൂർച്ഛിക്കുകയാണെന്നതിന്‌ തെളിവാണ്. നേരത്തേ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് താൽക്കാലിക പരിഹാരം കണ്ടത്. ഇവർ തമ്മിലുള്ള തർക്കം വീണ്ടും തലപൊക്കുന്നത് മോദിസർക്കാർ ദുർബലമാകുന്നതിന്റെ സൂചനയാണ്‌.


​‘വ്യത്യസ്‌തമായ പാർടി, അച്ചടക്കമുള്ള പാർടി’ എന്ന അവകാശവാദവുമായാണ് ബിജെപിയും മോദിയും അധികാരമേറിയത്. എന്നാൽ കേന്ദ്രസർക്കാർ ദുർബലമാകുന്നെന്ന്‌ വന്നതോടെ ഈ അച്ചടക്കത്തിലും വിള്ളൽ വീഴാൻ തുടങ്ങി. ഇ‍ൗ പ്രവണത നീറ്റ് പ്രക്ഷോഭത്തിനു മുമ്പ് പ്രകടമായെങ്കിലും അതിനുശേഷം അത് രൂക്ഷമായി. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ മാത്രമല്ല, മധ്യപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിലും ബിഹാറിലുമെല്ലാം നേതൃത്വത്തിനെതിരെ പരസ്യവിമർശങ്ങളും കലാപസ്വരങ്ങളും ഉയരുകയാണ്. വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം അച്ചടക്കലംഘനം ബിജെപിയിലും പതിവായി. യോഗ വിദഗ്ധനും ബിസിനസുകാരനുമായ രാംദേവും ബിജെപി എംപിയും സിനിമാതാരവുമായ കങ്കണ റണാവത്തും തമ്മിൽ നടന്ന കലഹംമുതൽ പ്രായമായവർ പുതുതലമുറയ്‌ക്ക് വഴിമാറണമെന്ന, മോദിയെ ലക്ഷ്യമാക്കിയുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനവരെ ഇതിന് ഉദാഹരണം.


​ബിഹാറിൽനിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ പരസ്യമായി പരസ്പരം ഏറ്റുമുട്ടുകയാണ്. ദളിത് വിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ പ്രധാനമായും നേടുന്നത് ദളിതരിലെ മുന്നാക്ക വിഭാഗമാണെന്നും അതിനാൽ പിന്നാക്കക്കാർക്ക് പ്രത്യേക സബ് ക്വോട്ട വേണമെന്നും ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാജിയും അദ്ദേഹത്തിന്റെ മകനും ബിഹാറിൽ മന്ത്രിയുമായ സന്തോഷ്‌ കുമാർ സുമനും പറയുന്നു. ക്രീമിലെയർ കൊണ്ടുവരണമെന്ന വാദമാണ് ഉയർത്തുന്നതെങ്കിൽ ആദ്യം മന്ത്രിപദവി ഒഴിയേണ്ടത് മന്ത്രിമാരായ മാജിയും മകനുമാണെന്നാണ് മറ്റൊരു എൻഡിഎ കക്ഷിനേതാവ് ചിരാഗ് പസ്വാന്റെ (ലോക ജനശക്തി -രാംവിലാസ്)വാദം. ബിജെപിയും സബ് ക്വോട്ടയ്‌ക്ക് അനുകൂലമാണ്. അതിനായി ജി രോഹിണി കമീഷൻ രൂപീകരിച്ച മോദിസർക്കാർ, ഇ‍ൗ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ലെന്നുമാത്രം.

​ഏതാണ്ട് പത്ത് വർഷമായി ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും സ്ഥിതി മോശമാണ്. വിദ്യാർഥി പ്രക്ഷോഭവും അയോധ്യയിലെ ശ്രീരാമക്ഷേത്ര കൊള്ളയും കാരണം സംസ്ഥാനത്ത് ബിജെപിക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. മോദിയെ പിന്തുണയ്‌ക്കുന്ന ആജ്- തക്ക് ടെലിവിഷൻ നടത്തിയ അഭിപ്രായ സർവേയിലും സീ-വോട്ടർ നടത്തിയ സർവേയിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർടി നയിക്കുന്ന മുന്നണി അധികാരത്തിൽ വരാനാണ്‌ സാധ്യതയെന്ന്‌ പ്രവചിക്കുന്നു. മോദി-–ഷാ കൂട്ടുകെട്ടിന് അനഭിമതനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്ന കാര്യവും പ്രസിദ്ധമാണ്. അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി താനാണെന്ന കാർഡുയർത്തിയാണ് ഈ പ്രതിസന്ധി മറികടക്കാൻ യോഗി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന് യോഗി പരസ്യപ്രചാരണം നടത്തുമ്പോൾ ഉപമുഖ്യമന്ത്രിയും ഒബിസി നേതാവുമായ കേശവ് പ്രസാദ് മൗര്യ തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. ബ്രിട്ടനിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന "ഫിനാൻഷ്യൽ ടൈംസിന്റെ' ലേഖകരെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട "മോദിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള ഹിന്ദു സന്യാസി' എന്ന വാർത്തയിലാണ് അടുത്ത ബിജെപി പ്രധാനമന്ത്രി യോഗിയാകുമെന്ന സൂചന നൽകുന്നത്. ഇതേ ഘട്ടത്തിലാണ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ "അടുത്ത തവണ എന്നെ മുഖ്യമന്ത്രിയായി നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കുമെന്ന്' കേശവ് പ്രസാദ് മ‍ൗര്യ വ്യക്തമാക്കിയത്. അതായത് അധികാരത്തിനുവേണ്ടി പരസ്യമായ പോരാണ് ഉത്തർപ്രദേശ് ബിജെപിയിൽ നടക്കുന്നത്.


​അയൽസംസ്ഥാനമായ ബിഹാറിലെ ബങ്കിപുരിലും മധ്യപ്രദേശിലെ ദതിയയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റതും ബിജെപി നേതൃത്വത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ബിജെപിയെ എന്നും പിന്തുണയ്‌ക്കുന്ന സവർണ വോട്ടുകൾക്ക് മേൽക്കൈയുള്ള മണ്ഡലങ്ങളിലാണ് അവർക്ക് ദയനീയ തോൽവിയുണ്ടായത്. 30 വർഷം തുടർച്ചയായി ബിജെപി പ്രതിനിധാനം ചെയ്‌ത, നിതിൻ നബിന്റെ മണ്ഡലമായിരുന്ന ബങ്കിപുർ നഷ്ടമായത് ബിജെപിക്ക് കനത്ത ആഘാതമാണ്. സവർണ വോട്ടുകൾ കൈവിട്ടാൽ ഉത്തർപ്രദേശിലും ബിജെപിക്ക് ഭരണം നഷ്ടമാകും. മുൻ ബിജെപി പ്രധാനമന്ത്രി വാജ്പേയി പറഞ്ഞതുപോലെ ഡൽഹിയിലേക്കുള്ള വഴി ലഖ്നൗവിലൂടെയാണ്. ലഖ്നൗ കൈവിട്ടാൽ ഡൽഹിയിലെ മോദിഭരണത്തിനും ഇളക്കം തട്ടും.


​ആർഎസ്‌എസിന്റെ ആശയങ്ങൾക്ക്‌ ജനാകർഷണത നഷ്ടപ്പെടുകയാണെന്നതും സംഘപരിവാറിനെ ഉലയ്‌ക്കുന്നുണ്ട്. നേരത്തേ ധൈഷണികതലത്തിൽ മാത്രമാണ് കാവിപ്രത്യയശാസ്ത്രം ചോദ്യം ചെയ്യപ്പെട്ടതെങ്കിൽ ഇപ്പോൾ വിദ്യാർഥികളും സമൂഹത്തിന്റെ വിവിധ തലങ്ങളിൽപ്പെട്ടവരും രാജ്യത്തെ പിന്നോട്ടുനയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് പ്രസംഗം ഈ സാഹചര്യത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.


ആർഎസ്‌എസിന്റെ ആശയങ്ങൾക്ക്‌ ഒരു നൂറ്റാണ്ട് നിലനിൽക്കാനായത് തത്വചിന്താപരമായ മേൽക്കോയ്മകൊണ്ടല്ല. അതിന്റെ യഥാർഥ ഉള്ളടക്കം മറച്ചുപിടിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. അതാണിപ്പോൾ അഴിഞ്ഞുവീഴാൻ തുടങ്ങിയത്. ആർഎസ്‌എസും ബിജെപിയും മോദി സർക്കാരും കടുത്ത പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് നിസ്സംശയം പറയാം. അടുത്തവർഷത്തെ ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പ് മോദി സർക്കാരിന്റെ ഭാവി തീരുമാനിക്കും.



Deshabhimani
Home