Articles
പുതുയുഗ കേരളവും പുതുചരിത്രവും വാഗ്-ദാനംചെയ്‌ത് അധികാരമേറിയ സർക്കാർ കേരളത്തെ ബഹുദൂരം പിന്നോട്ട് നയിച്ച ദിനങ്ങളാണ് കടന്നുപോയത്.
ജനങ്ങൾ കാണുന്നത് ദുർഭരണവും ക്രൂരതയും


എം വി ഗോവിന്ദൻ
Published on Aug 25, 2026, 01:30 AM | 4 min read
സംസ്ഥാനത്ത് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറിയിട്ട് ഇന്നേക്ക് നൂറ് ദിവസം. പുതുയുഗ കേരളവും പുതുചരിത്രവും വാഗ്-ദാനംചെയ്‌ത് അധികാരമേറിയ സർക്കാർ കേരളത്തെ ബഹുദൂരം പിന്നോട്ട് നയിച്ച ദിനങ്ങളാണ് കടന്നുപോയത്. ഭരണത്തെ "സദ്‌ഭരണം, സഹാനുഭൂതി' എന്ന വിശേഷണം നൽകിയാണ് യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്നതെങ്കിലും അതിന് നേർവിപരീത അനുഭവങ്ങളാണ് ഇക്കാലയളവിൽ ജനങ്ങൾക്കുണ്ടായത്. പ്രത്യേകിച്ചും പെരുമഴക്കാലത്തും ഓണക്കാലത്തും.
പ്രകൃതിദുരന്തങ്ങൾ മുന്നിൽക്കണ്ട് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ഒരുസാധാരണ മഴക്കാലത്തുപോലും ജനങ്ങളെ കരുതലോടെ കാക്കാനാകാതെ അവരെ നിർദയം കൈയൊഴിയുന്ന സർക്കാരിനെയാണ് കാണാനായത്. ദുരന്തമുണ്ടാകുമ്പോൾ ഒപ്പം നിൽക്കേണ്ട സർക്കാരും ഔദ്യോഗിക സംവിധാനങ്ങളും അതിന് തയ്യാറായില്ല. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹാനുഭൂതിയോടെയുള്ള സമീപനമല്ല സർക്കാരിൽനിന്ന് ഉണ്ടായത്. കടലിൽ വീണാൽ കിട്ടാൻ ദിവസങ്ങൾ എടുക്കുമെന്ന മന്ത്രി മുരളീധരന്റെ പ്രസ്താവന സർക്കാർ അലംഭാവത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദുരന്തവേളയിൽ ജനങ്ങളെ ചേർത്തുപിടിക്കേണ്ട, അവർക്ക് ആശ്വാസമേകേണ്ട, പ്രതീക്ഷ നൽകേണ്ട സർക്കാരാണ് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് മുഖംതിരിഞ്ഞുനിന്നത്. ഒരു മുന്നറിയിപ്പും നൽകാതെ, രക്ഷാപ്രവർത്തനങ്ങൾ ഒരുക്കാതെ, ഡാമുകൾ തുറന്നതിന്റെ ഫലമായാണ് റാന്നി, വടശേരിക്കര മേഖലകൾ വെള്ളത്തിനടിയിലായത്. മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ പോലും അധികൃതർ തയ്യാറായില്ലെന്ന പരാതിയാണ് ഉയർന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മുഖ്യമന്ത്രിയാകട്ടെ ഇൗ ദിവസങ്ങളിൽ ഹെലികോപ്റ്ററിൽ യാത്രചെയ്ത് സ്വകാര്യപരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. എൽഡിഎഫ് സർക്കാർ പൊതുആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ തീരുമാനിച്ചപ്പോൾ അത് ധൂർത്താണെന്ന് നിയമസഭയിൽ അടക്കം ആക്ഷേപം ഉയർത്തിയ ആളാണ് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ. ഇപ്പോഴാകട്ടെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കല്ല മറിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി യഥേഷ്ടം ഹെലികോപ്റ്റർ ഉപയോഗിക്കുകയാണ്. മൂന്ന് പ്രാവശ്യമെങ്കിലും ഇങ്ങനെ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന വാർത്ത ഇതിനകം പുറത്തുവന്നു.
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തിലും ഇതേ അനുഭവമാണ് ജനങ്ങൾക്ക്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം വറുതിയുടെ ഓണമുണ്ണേണ്ട അവസ്ഥയിലെത്തിച്ചതും "സദ്ഭരണത്തിന്റെയും സഹാനുഭൂതി'യുടെയും അഭാവത്തെയാണ് കാണിക്കുന്നത്. പലവ്യഞ്ജനങ്ങൾക്ക് മാത്രമല്ല പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പൊള്ളുന്ന വിലയാണ്. ഒരു മാസമായി അരിവില തുടർച്ചയായി ഉയരുകയാണ്. ഈ വിലക്കയറ്റം നിയന്ത്രിക്കാൻ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടാൻ ചെറുവിരൽപോലും സർക്കാർ അനക്കിയില്ല. ഓണക്കിറ്റ് വിതരണമാകട്ടെ താറുമാറായി. കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര ഇരട്ടി വില ഈടാക്കിയാണ് ഇക്കുറി റേഷൻ കടകളിലൂടെ സ്‌പെഷ്യൽ അരി വിതരണംചെയ്തത്. അരിവിഹിതമാണെങ്കിൽ കുറയ്‌ക്കുകയും ചെയ്തു. അതുപോലും കൃത്യമായി വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞതുമില്ല. ഓണക്കാലത്ത് വീട്ടിലെത്താൻ ആവശ്യത്തിന് സ്‌പെഷ്യൽ ട്രെയിനും മറ്റും ഇല്ലാത്തത് യാത്രാദുരിതം വർധിപ്പിച്ചു. ഇക്കാര്യത്തിലും സർക്കാർ ഇടപെടലുണ്ടായില്ല.
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ജനക്ഷേമപദ്ധതികൾ ഒന്നൊന്നായി ഉപേക്ഷിക്കുകയാണ് ഈ സർക്കാർ. സ്ത്രീസുരക്ഷാപദ്ധതിയും കണക്ട് ടു വർക്ക് സ്കോളർഷിപ്പും ഈ സർക്കാർ നിർത്തലാക്കി. പാർപ്പിട സുരക്ഷ ഉറപ്പാക്കുന്നതിൽ ലോകത്തിന് മാതൃകയായ, സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന് പണം അനുവദിക്കാതെ, ഒരു ലക്ഷത്തിലധികം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം തകർത്തു. നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ പടവും ലോഗോയും വയ്‌ക്കാൻ അനുവദിച്ച് ഗുണഭോക്താക്കളുടെ അന്തസ്സിന് ക്ഷതമേൽപ്പിച്ചു. ക്ഷേമ പെൻഷൻ സഹകരണ സ്ഥാപനങ്ങൾ വഴി വീട്ടിലെത്തിക്കുന്ന നടപടിക്ക് അന്ത്യമിടാനുള്ള നീക്കം ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തി. പ്രവാസി പെൻഷൻ കുടിശ്ശികയാക്കിയതും, 60 വയസ്സ് പിന്നിട്ട പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി നൽകുന്ന ആയിരം രൂപ നൽകേണ്ടെന്ന തീരുമാനവും സർക്കാരിന്റെ സഹാനുഭൂതിയില്ലായ്മയ്‌ക്ക് ഉദാഹരണമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാത്തതും ഇതിന്റെ ഭാഗമാണ്. നവ ഉദാരവൽക്കരണ നയം ഒരുവശത്ത് ശക്തമായി നടപ്പാക്കുകയും ജനക്ഷേമ നടപടികൾ ഒന്നൊന്നായി ഇല്ലാതാക്കുകയുമാണ് സർക്കാർ.
മെയ് 18ന് സത്യപ്രതിജ്ഞാചടങ്ങ് മുതൽ സർക്കാർ എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമായിരുന്നു. ജാതി വാലോടുകൂടി സ്വന്തം പേരുച്ചരിച്ച് സത്യപ്രതിജ്ഞാവാചകം ചൊല്ലിയ മുഖ്യമന്ത്രി അതേ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിക്കാൻ അനുവദിച്ച് സംഘപരിവാർ പാതയിലേക്ക് സർക്കാരിനെ നയിക്കാനാരംഭിച്ചു. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് തന്നെ മംഗലാപുരത്തേക്ക് സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ രഹസ്യയാത്രനടത്തി അദാനി പ്രതിനിധാനം ചെയ്യുന്ന കോർപറേറ്റ് -സംഘപരിവാർ നേതൃത്വവുമായി കച്ചവടം ഉറപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരികളിൽ 49 ശതമാനം ബഹുരാഷ്ട്ര സ്വകാര്യ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്-സി)ക്ക് കൈമാറാനുള്ള കരാർ ഇതിന്റെ തെളിവാണ്. ഞാനറിഞ്ഞില്ല , ഓഹരി കൈമാറിയിട്ടില്ല തുടങ്ങിയ അഴകൊഴമ്പൻ പ്രസ്താവനകൾ നടത്തി സംസ്ഥാനത്തിന്റെ താൽപ്പര്യം ബലികഴിച്ച് വൻകിട കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. കേരളം ഭരിക്കുന്നത് ബിജെപിയാണോ എന്ന സംശയം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുണ്ടായത് ഈ സാഹചര്യത്തിലാണ്. ബിജെപിയുടെ നയങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരാണ് കേരളത്തിലേതെന്ന് പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെയാണ്. എൽഡിഎഫ് സർക്കാർ ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നയം ഉപേക്ഷിച്ച് ബിജെപിയുടെയും സംഘപരിവാറിന്റെയും നയങ്ങൾ നിർലജ്ജം നടപ്പാക്കുകയാണ്. ബിജെപിയുമായുണ്ടാക്കിയ ഡീലിന്റെ പുറത്താണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയമെന്ന് സർക്കാരിന്റെ ഓരോ ദിവസത്തെയും നടപടികളിൽനിന്ന് വ്യക്തം. ജവാഹർലാൽ നെഹ്റുവിന്റെ നയങ്ങൾ ഓർമിപ്പിച്ച് അധികാരത്തിലെത്തിയ വി ഡി സതീശൻ ഗോൾവാൾക്കറുടെ നയങ്ങളാണ് യഥാർഥത്തിൽ നടപ്പാക്കിവരുന്നത്. വന്ദേമാതരം, പിഎം ശ്രീ, വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താൻ സമ്മതം അറിയിക്കൽ, ജന്തർമന്തറിൽ സമരം ചെയ്‌ത വിദ്യാർഥികളെ ലക്ഷ്യമാക്കി വിദ്വേഷ പ്രസംഗം നടത്തിയ ടി ജി മോഹൻദാസിന് ജാമ്യം ലഭിക്കാൻ അവസരമൊരുക്കിയത്, വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിദ്യാർഥികളെ പൊലീസ് മർദിക്കുകയും കേസെടുക്കുകയും ചെയ്ത രീതി, കാപ്പ കേസ് പ്രതിയായ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞയ്‌ക്ക് അവസരമുണ്ടാക്കിയത്, വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസിൽ വി ഡി സവർക്കറെ മഹത്വവൽക്കരിച്ചത് എന്നിവയെല്ലാം വി ഡി സതീശൻ ഗോൾവാൾക്കർക്ക് പഠിക്കുകയാണെന്ന് വ്യക്തമാക്കുന്നു.
ഗവർണറുടെ തെറ്റായ ഇടപെടലിനെതിരെ രാഷ്ട്രീയമായും നിയമപരമായും ഏതറ്റംവരെപോയും പൊരുതുകയെന്ന എൽഡിഎഫ് സർക്കാരിന്റെ നയം പാടെ ഉപേക്ഷിച്ച് ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്താൻ ഗവർണർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന നയമാണ് യുഡിഎഫ് ഇപ്പോൾ സ്വീകരിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാലയുടെയും കാർഷിക സർവകലാശാലയുടെയും താൽക്കാലിക വിസിമാരായി സംഘപരിവാർ അധ്യാപക സംഘടനകളുടെ നേതാക്കളെ ഗവർണർ തെരഞ്ഞെടുത്തപ്പോൾ അതിനെ വിമർശിക്കാൻ സർക്കാർ തയ്യാറായില്ല. കേന്ദ്രവുമായി ഏറ്റുമുട്ടലിന് താൽപ്പര്യമില്ലെന്ന തൊടുന്യായം ഉയർത്തിയാണ് ഫെഡറൽ തത്വങ്ങളുടെ ഹത്യക്ക് ഇങ്ങനെ കൂട്ടുനിന്നത്. ഇതേ നയത്തിന്റെ തുടർച്ചയാണ് യോഗ ദിനത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയെ വിമർശിക്കാത്തത്. ഗവർണർ, ഡിജിപിയെ നേരിട്ട് വിളിച്ചുവരുത്തി ആഭ്യന്തരവകുപ്പ് വിഷയങ്ങളിൽ ഇടപെട്ടപ്പോഴും പിഎസ്-സി സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തിയപ്പോഴും സർക്കാർ മൗനംപാലിച്ചു. വിസിമാർ വർഗീയ സംഘടനയായ ആർഎസ്എസിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടും സർക്കാരിന് പ്രതികരണമില്ല. ഉദ്യോഗസ്ഥ നിയമനങ്ങളിലും ഈ കാവി അജൻഡ മറനീക്കി പുറത്തു വന്നു.
ധവളപത്രത്തിലോ ബജറ്റ് പ്രസംഗത്തിലോ കേന്ദ്ര വിമർശം പൂർണമായും ഒഴിവാക്കപ്പെട്ടത് മറ്റൊരു ഉദാഹരണം . അതിവേഗ റെയിൽ പദ്ധതിയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും കേന്ദ്രസർക്കാർ ഉപേക്ഷിച്ചപ്പോഴും മംഗളൂരു ഒഴിവാക്കി പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചപ്പോഴും വി ഡി സതീശന് മൗനമാണ്.
സദ്‌ഭരണത്തിന്റെ യഥാർഥ മുഖം വെളിപ്പെടുത്തുന്നതാണ് കൊട്ടുംകുരവയുമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ. മയക്കുമരുന്ന് ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണ് ആഭ്യന്തരവകുപ്പ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ കോ -ഓർഡിനേറ്ററും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ആളുമായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലായപ്പോൾ പ്രതിയെ ചോദ്യംചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകാൻപോലും പൊലീസ് തയ്യാറായില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രതിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതായത് അടുപ്പക്കാരൻ വലയിലായപ്പോൾ ഓപ്പറേഷൻ തൂഫാൻ മന്ദമാരുതനായി മാറുന്ന അത്ഭുതമാണ് യുഡിഎഫിന്റെ "സദ്ഭരണം'. മയക്കുമരുന്ന് കടത്തുകാരന് മുഖ്യമന്ത്രിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ അത് നീക്കംചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് മെറ്റയോട് ആവശ്യപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യ ഹത്യയാണ് "സദ്‌ഭരണ'ത്തിന്റെ മുഖമുദ്ര. കഴിഞ്ഞ 100 ദിനം കേരളം അനുഭവിച്ചറിഞ്ഞത് ദുർഭരണവും ജനങ്ങളോടുള്ള ക്രൂരതയുമാണ്.














