Deshabhimani

Articles

ഭൂമിയുടെ നീലക്കുട തുന്നിച്ചേർക്കുമ്പോൾ

ഭൂമിയുടെ നീലക്കുട തുന്നിച്ചേർക്കുമ്പോൾ

ozone layer
avatar
വലിയശാല രാജു

Published on Sep 16, 2026, 01:30 AM | 3 min read

സൂര്യനിൽനിന്നെത്തുന്ന അൾട്രാവയലറ്റ് ബി (യുവി ബി) രശ്‌മികളിൽനിന്ന് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന അദൃശ്യകവചമാണ് സ്ട്രാറ്റോസ്‌ഫിയറിലെ ഓസോൺ പാളി. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 15 മുതൽ 35 കിലോമീറ്റർവരെ ഉയരത്തിലുള്ള മേഖലയിലെ ഓസോൺ പാളിക്ക്‌, 20–ാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ വ്യാവസായികവളർച്ച ഭീഷണിയായി. റഫ്രിജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും സ്‌പ്രേകളിലും വ്യാവസായിക ഉപകരണങ്ങളിലുമൊക്കെ ഉപയോഗിച്ചിരുന്ന ക്ലോറോഫ്ലൂറോകാർബണുകൾ അന്തരീക്ഷത്തിൽ പടർന്ന്‌ ഒടുവിൽ സ്ട്രാറ്റോസ്‌ഫിയറിൽ എത്തുമ്പോൾ അൾട്രാവയലറ്റ് വികിരണം അവയെ വിഘടിപ്പിക്കുന്നു. അങ്ങനെ പുറത്തുവരുന്ന ക്ലോറിൻ ആറ്റങ്ങൾ തുടർച്ചയായ രാസപ്രവർത്തനങ്ങളിലൂടെ ഓസോൺ പാളിയെ നശിപ്പിക്കുന്നു. 1980-കളിൽ അന്റാർട്ടിക്കിനു മുകളിലുണ്ടായ വൻ ഓസോൺ നഷ്ടം ശാസ്‌ത്രലോകത്തെ ഞെട്ടിച്ചു. വ്യാവസായികപ്രവർത്തനങ്ങൾ ഭൂമിയുടെ സംരക്ഷണകവചത്തെ തകർക്കുന്നുവെന്ന്‌ തെളിഞ്ഞു.


​ശാസ്‌ത്രവും രാഷ്‌ട്രീയ ഇച്ഛാശക്തിയും


​പ്രതിസന്ധിക്ക് മനുഷ്യരാശി നൽകിയ മറുപടി ചരിത്രപരമായിരുന്നു. ഓസോൺ നശിപ്പിക്കുന്ന രാസവസ്‌തുക്കളുടെ ഉൽപ്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിയന്ത്രിക്കാൻ 1985-ലെ വിയന്ന കൺവൻഷനും 1987-ൽ ഒപ്പുവച്ച മോൺട്രിയൽ പ്രോട്ടോകോളും രാജ്യങ്ങളെ ഒരുമിപ്പിച്ചു. സർക്കാരുകൾ അതിന്റെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപപ്പെടുത്തി. പകരം സാങ്കേതികവിദ്യകൾ വികസിപ്പിച്ചു. മോൺട്രിയൽ പ്രോട്ടോകോൾ ആധുനികചരിത്രത്തിലെ ഏറ്റവും വിജയകരമായ അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളിലൊന്നായി മാറി. ഇന്ന് ഓസോൺ നശിപ്പിക്കുന്ന പദാർഥങ്ങളിൽ ഏകദേശം 99 ശതമാനവും ഘട്ടംഘട്ടമായി ഒഴിവാക്കപ്പെട്ടതായി ഐക്യരാഷ്ട്ര ഏജൻസികൾ വിലയിരുത്തുന്നു.


​നീലക്കുട വീണ്ടും തുന്നിച്ചേരുന്നു


​ഇതിന്റെ ഫലങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിൽ പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. 2022-ലെ ശാസ്‌ത്രീയ വിലയിരുത്തൽപ്രകാരം, നിലവിലെ നയങ്ങളും മോൺട്രിയൽ പ്രോട്ടോകോളിന്റെ പൂർണമായ അനുസരണവും തുടർന്നാൽ ആഗോള ശരാശരി ഓസോൺ അളവ് 2040-ഓടെ 1980-ലെ നിലയിലേക്ക് മടങ്ങുമെന്നാണ് നിഗമനം. ആർട്ടിക് മേഖലയിൽ ഇത് ഏകദേശം 2045-ലും അന്റാർട്ടിക്കിനുമുകളിൽ 2066-ലും സംഭവിക്കുമെന്നാണ് വിലയിരുത്തൽ. അന്റാർട്ടിക്കിലെ ഓസോൺ സുഷിരം അതിന്റെ വലിപ്പത്തിലും ആഴത്തിലും വർഷംതോറും സ്വാഭാവിക വ്യതിയാനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ദീർഘകാലപ്രവണത വീണ്ടെടുപ്പിലേക്കാണ്.


​ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഓസോൺ പാളിയിലെ സുഷിരം ‘ഒറ്റയടിക്ക് അടഞ്ഞുപോകുന്ന ഒരു വിള്ളൽ’ പോലെയല്ല. അന്തരീക്ഷത്തിലെ രാസഘടന, താപനില, കാറ്റിന്റെ ചലനം, ധ്രുവീയ മേഘങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ചേർന്നാണ് ഓസോൺ സാന്ദ്രത മാറുന്നത്. അതുകൊണ്ടാണ് ഒരുവർഷം അന്റാർട്ടിക്കിലെ ഓസോൺ സുഷിരം വലുതാകുകയും മറ്റൊരു വർഷം ചെറുതാകുകയും ചെയ്യുന്നത്.


​പുതിയ പ്രശ്നം


​ക്ലോറോഫ്ലൂറോ കാർബണുകൾക്കു പകരമായി ഉപയോഗിച്ച ചില പദാർഥങ്ങൾ ഓസോണിന് നേരിട്ട് വലിയ ഭീഷണിയല്ലെങ്കിലും മറ്റൊരു പ്രശ്നം സൃഷ്ടിച്ചു. ഹൈഡ്രോഫ്ലൂറോകാർബണുകൾ അഥവാ എച്ച്‌എഫ്‌സികൾ ഓസോൺ പാളിയെ നേരിട്ട് നശിപ്പിക്കുന്നില്ലെങ്കിലും ശക്തമായ ഹരിതഗൃഹവാതകങ്ങളാണ്. ​


അതുകൊണ്ടാണ് 2016-ൽ മോൺട്രിയൽ പ്രോട്ടോകോളിൽ കിഗാലി ഭേദഗതി കൊണ്ടുവന്നത്. എച്ച്‌എഫ്‌സികളുടെ ഉൽപ്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇത്‌ പൂർണമായി നടപ്പാക്കിയാൽ 2100ഓടെ ഏകദേശം 0.3 മുതൽ 0.5 ഡിഗ്രി സെൽഷ്യസ് വരെ ആഗോളതാപന വർധന ഒഴിവാക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്‌. ഇവിടെ ഓസോൺ സംരക്ഷണവും കാലാവസ്ഥാ സംരക്ഷണവും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നു. ഒരു പരിസ്ഥിതിപ്രശ്നത്തെ നേരിടാനുള്ള അന്താരാഷ്ട്ര ഇടപെടൽ മറ്റൊരു വലിയ പരിസ്ഥിതിപ്രശ്നത്തെയും ഒരേസമയം ലഘൂകരിക്കാനാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് മോൺട്രിയൽ പ്രോട്ടോകോൾ.


കാട്ടുതീയുടെ പുകയ്‌ക്കും ആകാശത്ത് 
സ്വാധീനമുണ്ട്


2019–20 കാലത്ത് ഓസ്ട്രേലിയയിലുണ്ടായ അതിഭീകരമായ കാട്ടുതീയിൽനിന്നുള്ള പുക സ്ട്രാറ്റോസ്‌ഫിയറിലേക്ക് ഉയർന്നു. ആ പുകയിൽനിന്നുള്ള കണികകൾ അവിടെ നിലവിലുണ്ടായിരുന്ന ക്ലോറിൻ സംയുക്തങ്ങളുടെ രാസപ്രവർത്തനത്തെ സ്വാധീനിക്കുകയും ഓസോൺ നാശം വർധിപ്പിക്കുകയും ചെയ്തതായി പഠനങ്ങൾ കണ്ടെത്തി. അതായത്, പഴയ ക്ലോറോഫ്ലൂറോ കാർബണുകൾ അന്തരീക്ഷത്തിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും അവയുടെ ദീർഘകാല അവശിഷ്ടങ്ങളുമായി പുതിയ പ്രകൃതിദുരന്തങ്ങൾ ചേർന്ന് ഓസോണിൽ പ്രത്യാഘാതം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ​


ഇത് പ്രധാന മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനം ശക്തമായ കാട്ടുതീപിടിത്തങ്ങൾക്ക്‌ സാഹചര്യം സൃഷ്ടിക്കുന്നുവെങ്കിൽ, അത്തരം തീപിടിത്തങ്ങൾ അന്തരീക്ഷത്തിലെ ഉയർന്ന പാളികളിൽ ഉണ്ടാക്കുന്ന രാസപ്രഭാവങ്ങളും കൂടുതൽ പഠിക്കേണ്ടിവരും.


​റോക്കറ്റുകൾ ഉയർത്തുന്ന ആശങ്ക


​റോക്കറ്റ് വിക്ഷേപണങ്ങൾ വർധിക്കുന്നതോടെ ബ്ലാക്ക് കാർബൺ, ജലബാഷ്പം, നൈട്രജൻ ഓക്സൈഡുകൾ, ക്ലോറിൻ, അലുമിന തുടങ്ങിയവ സ്ട്രാറ്റോസ്‌ഫിയറിലേക്ക് എത്താം. 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം 2019-ലെ ആഗോള റോക്കറ്റ് വിക്ഷേപണങ്ങളുടെ സ്ട്രാറ്റോസ്‌ഫിയറിക് പുറന്തള്ളലുകൾ കണക്കാക്കി. ഇന്നത്തെ റോക്കറ്റ് വിക്ഷേപണങ്ങൾ ക്ലോറോഫ്ലൂറോ കാർബണുകൾ സൃഷ്ടിച്ച തോതിൽ ഓസോൺ നാശം ഉണ്ടാക്കുന്നു എന്നു പറയാൻ ശാസ്ത്രീയ തെളിവില്ല. പക്ഷേ, ബഹിരാകാശ വ്യവസായം അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിലെ വിക്ഷേപണങ്ങളുടെ പരിസ്ഥിതി ആഘാതം അവഗണിക്കാനാകില്ല. ഇ‍ൗ വിഷയത്തിൽ നിരന്തര നിരീക്ഷണവും ഗവേഷണവും ആവശ്യമാണ്.


​കാലാവസ്ഥയെ തണുപ്പിക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും?


​ആഗോളതാപനം കുറയ്ക്കുന്നതിനായി ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം തിരിച്ചയക്കാൻ സ്ട്രാറ്റോസ്‌ഫിയറിൽ സൂക്ഷ്‌മകണങ്ങൾ വിതറുന്ന ‘സ്ട്രാറ്റോസ്‌ഫിയറിക് ഏറോസോൾ ഇൻജക്ഷൻ’ പോലുള്ള ജിയോ-എൻജിനിയറിങ് ആശയങ്ങളും ശാസ്ത്രലോകത്ത് ചർച്ചയാകുന്നുണ്ട്.


ഇത്‌ ലളിതമായ പരിഹാരമല്ല. സ്ട്രാറ്റോസ്‌ഫിയറിൽ ഏറോസോൾ കണികകൾ വർധിക്കുന്നത് അവിടത്തെ രാസപ്രവർത്തനങ്ങളെയും താപനിലയെയും വായുസഞ്ചാരത്തെയും മാറ്റാം. ഇത്തരം അപകടസാധ്യതകൾ കാണുന്നുണ്ടെങ്കിലും കൃത്യമായ വ്യാപ്തിയെക്കുറിച്ച് അനിശ്ചിതത്വമുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രീയ വിലയിരുത്തലും നിയന്ത്രണവും കൂടാതെ ഇത്തരം ഇടപെടലുകളിലേക്ക് നീങ്ങുന്നത് അപകടകരമായേക്കാം.


​വിജയഗാഥയിൽനിന്നുള്ള വലിയ പാഠം


​ഓസോൺ പാളിയുടെ കഥ മനുഷ്യരാശിക്ക് പ്രതീക്ഷ നൽകുന്ന അപൂർവമായ പരിസ്ഥിതി വിജയഗാഥയാണ്. എന്നു കരുതി ജാഗ്രത അവസാനിപ്പിക്കാനാകില്ല. പുതിയ സാഹചര്യങ്ങൾ പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഓസോൺദിനം കേവലം ഒരു പാളിയുടെ സംരക്ഷണത്തെ ഓർമിപ്പിക്കുന്ന ദിനമല്ല. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ ലോകം ഒരുമിച്ചുനിന്നാൽ ആഗോള പരിസ്ഥിതി പ്രതിസന്ധികളിൽപ്പോലും മാറ്റം സാധ്യമാണെന്ന മനുഷ്യരാശിയുടെ തെളിവുകൂടിയാണ്. നീലക്കുടയുടെ തുന്നൽ ഇതുവരെ പൂർത്തിയായിട്ടില്ല. പക്ഷേ, അത് കീറിപ്പോകുന്ന ദിശയിൽനിന്ന് വീണ്ടും തുന്നിച്ചേരുന്ന ദിശയിലേക്ക് ഭൂമി നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനി വേണ്ടത് ആ തുന്നൽ വീണ്ടും അഴിയാതിരിക്കാനുള്ള ശാസ്‌ത്രീയ ജാഗ്രതയാണ്.



Deshabhimani
Home