Deshabhimani

Articles

പോരാട്ടങ്ങൾക്ക് കരുത്താകുന്ന കോടിയേരി സ്‌മരണ

പോരാട്ടങ്ങൾക്ക് കരുത്താകുന്ന കോടിയേരി സ്‌മരണ

kodiyeri balakrishnan
avatar
എം വി ഗോവിന്ദൻ

Published on Oct 01, 2026, 01:30 AM | 4 min read

പാർടിയെ ആശയപരമായും സംഘടനാപരമായും നയിക്കുന്നതിൽ അനിതരസാധാരണ പാടവം കാണിച്ച രാഷ്ട്രീയവ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. സഖാവിന്റെ നാലാം ചരമവാർഷിക ദിനമാണ് ഇന്ന്. പാർടി ഏൽപ്പിച്ച ചുമതല നിർവഹിക്കുന്നതിന് ശാരീരിക അവശതകൾ ബുദ്ധിമുട്ടിക്കുമ്പോഴും വിശ്രമരഹിതമായി അദ്ദേഹം ഇടപെട്ടു. സംസ്ഥാനരാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും അതേസമയം കരുത്തുറ്റതുമായ നേതൃസാന്നിധ്യമായിരുന്നു കോടിയേരിയുടേത്.


​2022 ഒക്ടോബർ ഒന്നിനാണ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്. പാർടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം അക്ഷരാർഥത്തിൽ നികത്താനാകാത്തതാണ്.

​

വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം, പാർടിക്കും വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങൾക്കും ഇതര വർഗബഹുജന സംഘടനകൾക്കും ഊർജസ്വല നേതൃത്വം നൽകി. അവ കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണവും യാതനാനിർഭരവുമായ ജീവിതം നയിക്കുകയും ചെയ്തു. ഏതു പ്രതിസന്ധിഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു, സ്നേഹനിർഭര പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു.


കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളിൽ അതീവശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച് അവരുടെ വാക്കുകൾ സശ്രദ്ധം കേട്ട് പരിഹാരമാർഗം നിർദേശിക്കുന്ന ശൈലിയായിരുന്നു കോടിയേരിയുടേത്.


​ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം അനുപമ മാതൃക കാട്ടി. നല്ലൊരു പാർലമെന്റേറിയൻകൂടിയായ കോടിയേരി, വികസനവിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയിൽ ശക്തമായി അവതരിപ്പിച്ചു. ഭരണപക്ഷത്തായിരിക്കുന്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും നിയമസഭയിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. നർമത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയിൽ തിളങ്ങിനിന്നു.


പ്രതിപക്ഷ ഉപനേതാവ് എന്നനിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകൾ തുറന്നുകാട്ടാനും കുതന്ത്രങ്ങളെ പൊളിക്കാനും സമർഥമായി നേതൃത്വം നൽകി. ​മന്ത്രി എന്നനിലയിൽ കൈകാര്യം ചെയ്‌ത വകുപ്പുകൾക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. നിരവധിയായ ജയിൽപരിഷ്‌കാരങ്ങൾ അദ്ദേഹം നടപ്പാക്കി.


ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖസ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനത്തിലൂടെ സാധ്യമായി. ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ പദവിയും കോടിയേരി വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലും സഖാവ് അതീവ ശ്രദ്ധപുലർത്തി. രാഷ്ട്രീയ ഉത്തരവാദിത്വം നിർവഹിക്കുന്നതിനോടൊപ്പം പൊതുപത്രമായും വളർത്തുന്നതിനും വലിയ സംഭാവന നൽകി.


ആധുനികസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതൽ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിന് എക്കാലത്തും സജീവമായി ഇടപെട്ടു. വർത്തമാനകാല രാഷ്ട്രീയപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന ലേഖനം ദേശാഭിമാനിയിൽ എഴുതുന്നതിനും ശ്രദ്ധിച്ചു. ചെറുപ്പംമുതൽ കോടിയേരി ബാലകൃഷ്‌ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.


കണ്ണൂർ ജില്ലയിൽ ഞങ്ങളിരുവരും സംഘടനാപ്രവർത്തനത്തിൽ സജീവമായി വന്ന ഘട്ടംമുതൽ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ (കെഎസ്-വൈഎഫ്) രൂപീകരണവേളയിൽ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാർഥിരംഗത്തായിരുന്നു കോടിയേരിയുടെ പ്രവർത്തനം. ഞാൻ യുവജന സംഘടനാരംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാനകേന്ദ്രം സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം ജീവിതാവസാനംവരെ ഒരു പോറൽപോലും ഏൽക്കാതെ നിലനിന്നു.


​സംഘാടകൻ എന്നനിലയിൽ ചെറുപ്പംമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്‌ധഘട്ടത്തിലും പാർടിയെ മുന്നോട്ടുനയിക്കുന്ന നേതാവ്. തലശേരി മേഖലയിൽ ആർഎസ്എസിന്റെ കടന്നാക്രമണം തുടർച്ചയായി നടക്കുമ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൽ സഖാവ് മുന്നിലുണ്ടായിരുന്നു. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ, കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി.


രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാൻ എനിക്ക് കഴിഞ്ഞു.

​പാർടിയിൽ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാർടിയെ പരിക്കേൽക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പങ്കുണ്ട്. 1967-–68


ഘട്ടത്തിലുണ്ടായ ഇടത് വ്യതിയാനത്തിനെതിരെ സജീവമായി അദ്ദേഹം പൊരുതി. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങൾ കണിശതയോടെ കൈകാര്യം ചെയ്യാൻ എന്നും ശ്രദ്ധിച്ചു. പുതിയ തലമുറയിലെ സഖാക്കളെ കണ്ടെത്തി വളർത്തിക്കൊണ്ടുവരുന്നതിൽ അസാധാരണപാടവമാണ് അദ്ദേഹം കാ
ണിച്ചത്.

​

നിരവധിതവണ മർദനങ്ങളും ജയിൽവാസവും കോടിയേരിക്ക്‌ അനുഭവിക്കേണ്ടി വന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്‌ത്‌ രണ്ടുദിവസം മർദനത്തിനിരയായി. പിന്നീട് മിസാ നിയമപ്രകാരം ജയിലിൽ അടയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർഥിധ്വംസനത്തിനെതിരായ സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവേ സമരം ഇവയിലെല്ലാം പങ്കെടുത്തപ്പോൾ ഭീകരമായ മർദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.


ഇത്തരത്തിൽ പോരാട്ടങ്ങളിലൂടെ രൂപംകൊണ്ട വ്യക്തിത്വമാണ് കോടിയേരിയുടേത്. ചിട്ടയായ സംഘടനാപ്രവർത്തനം, അചഞ്ചല പാർടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേർന്നിരുന്നു.

​പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ അസാധാരണ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിർത്താൻ കോടിയേരിക്ക് കഴിഞ്ഞു. പാർടി സംസ്ഥാന സെക്രട്ടറി എന്നനിലയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടുനയിച്ചു.


​കോടിയേരിയുടെ നാലാം ചരമവാർഷികം ആചരിക്കുന്ന ഈ ഘട്ടം നമ്മുടെ രാഷ്ട്രീയരംഗത്ത് ആപൽക്കരമായ ചില നീക്കങ്ങൾ നടക്കുന്ന കാലംകൂടിയാണ്. ഭരണഘടനാ സംവിധാനങ്ങളെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായവിധം ഉപയോഗപ്പെടുത്തുന്ന നവഫാസിസത്തിന്റെ രീതികൾ കേന്ദ്രസർക്കാർ പിന്തുടരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ ചട്ടുകമായി മാറിയത് ഈ പശ്ചാത്തലത്തിലാണ്. 13 കോടി വോട്ടർമാരുടെ അവകാശങ്ങളെയാണ് ബിജെപിക്കുവേണ്ടി തകർത്തുകളഞ്ഞിരിക്കുന്നത്. എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിൽ 2029ഓടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യയുടെ ബഹുസ്വരതയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്.

​

കോർപറേറ്റ് -ഹിന്ദുത്വ -അമിതാധികാര പ്രവണതകളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ അതേനയങ്ങൾ കേരളത്തിൽ പിന്തുടരുകയാണ് യുഡിഎഫ്‌ സർക്കാർ. നയപ്രഖ്യാപനപ്രസംഗത്തിലും ബജറ്റ് പ്രസംഗത്തിലും കേന്ദ്രസർക്കാരിനെതിരെ വിമർശമില്ലാതെ പോയത്‌ ഇതുകൊണ്ടാണ്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന കാവിവൽക്കരണനയങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല. ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുന്ന സംഘപരിവാർ അജൻഡയ്ക്കുനേരെ കണ്ണടയ്ക്കുകയാണ് യുഡിഎഫ് സർക്കാർ. തൊഴിലാളിവിരുദ്ധ ലേബർ കോഡിന്റെ വക്താക്കളായും യുഡിഎഫ് മാറുകയാണ്.

​

കേരളത്തിൽ എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ തകർക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. പവർകട്ടില്ലാത്ത കേരളത്തിൽ അതും മടങ്ങിവന്നു. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളെല്ലാം തകർന്നിരിക്കുന്നു. സമ്പന്നരുടെയും കളങ്കിതരുടെയും ആതിഥേയത്വം സ്വീകരിച്ച് അവർക്കായി ഭരണത്തെ മാറ്റുന്നനിലയും തുടരുകയാണ്. അത് അലങ്കാരമായി കൊണ്ടുനടക്കുകയുമാണ്. മതനിരപേക്ഷതയ്ക്ക് പേരുകേട്ട കേരളത്തിൽ വർഗീയശക്തികളുടെ സ്വാധീനം വർധിക്കുന്നുവെന്നതാണ് ഗൗരവമായ പ്രശ്‌നം.


എല്ലാ വർഗീയതകളെയും ചേർത്തുനിർത്തിക്കൊണ്ട് പോകുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട്. -

​പോരാട്ടങ്ങളിൽ എന്നും ഊർജംപകർന്ന സ. കോടിയേരിയുടെ സ്‌മരണ നമുക്ക് ഈ പാതയിൽ കരുത്തേകും. നമുക്കെന്നും വഴികാട്ടിയായി നിൽക്കുന്ന അമരസ്‌മരണകൾക്കുമുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home