Deshabhimani

Articles

മിന്നൽപ്രളയം: ഹിമാനി തകർച്ചയുടെ മുന്നറിയിപ്പ്

മിന്നൽപ്രളയം: ഹിമാനി തകർച്ചയുടെ മുന്നറിയിപ്പ്

nepal flood
പ്രൊഫ. ഇ ഷാജി

Published on Aug 28, 2026, 12:56 AM | 2 min read

നേപ്പാൾ–തിബറ്റ് അതിർത്തിമേഖലയിൽ ആഗസ്‌ത്‌ 26-നുണ്ടായ, നടുക്കുന്ന മിന്നൽപ്രളയം ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ അപകടങ്ങളെ വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. അമേരിക്കൻ ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്‌) ആദ്യം ഈ സംഭവത്തെ 4.4 തീവ്രതയുള്ള ഭൂചലനമായി റിപ്പോർട്ട് ചെയ്‌തിരുന്നു. പിന്നീട് നടത്തിയ വിശദമായ വിശകലനത്തിൽ, ഭൂചലനമല്ലെന്നും മറിച്ച് വലിയ ഹിമാനി തകർച്ചയും അതിനെ തുടർന്നുണ്ടായ പാറ–മണ്ണ് അവശിഷ്ടപ്രവാഹവുമാണ്‌ ഭൂകമ്പസമാന ഭൂചലന സിഗ്നൽ സൃഷ്ടിച്ചതെന്നും യുഎസ്‌ജിഎസ്‌ സ്ഥിരീകരിച്ചു.


എന്താണ് സംഭവിച്ചത്?


ലഭ്യമായ ശാസ്ത്രീയ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്, ഒരു ഹിമാനി (മഞ്ഞുപാളി) യുടെ ഭാഗം തകർന്നുണ്ടായ മഞ്ഞ്‌–പാറ അവലാഞ്ചാണ്‌ ഈ മിന്നൽപ്രളയത്തിന് കാരണമായതെന്നാണ്. മലഞ്ചരിവുകളിൽനിന്ന് വലിയ അളവിൽ മഞ്ഞ്, പാറ, മണ്ണ് എന്നിവ അതിവേഗത്തിൽ താഴേക്ക് പതിച്ചൊഴുകുന്ന പ്രതിഭാസമാണ്‌ അവലാഞ്ച്. കാനഡയിലെ കാൽഗറി സർവകലാശാലയിലെ ശാസ്‌ത്രജ്ഞനായ പ്രൊഫ. ഡാനിയൽ ഷുഗറിന്റെ പ്രാഥമിക വിശകലനമനുസരിച്ച്, ഏകദേശം 0.2 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഹിമാനി ഭാഗം 1.2 കിലോമീറ്ററോളം ഉയരത്തിൽനിന്ന് തകർന്നുവീണതാണ് ദുരന്തത്തിന് കാരണമായത്. അവലാഞ്ച് നദീതടത്തിലെത്തി വലിയ അളവിൽ മണ്ണും കല്ലുകളും വെള്ളവുമായി കലർന്ന് അതിവേഗത്തിൽ ഒഴുകുന്ന അവശിഷ്ടപ്രവാഹമായി രൂപപ്പെട്ടു. ഇത്‌ നദിയുടെ ഒഴുക്ക് താൽക്കാലികമായി തടഞ്ഞു. പിന്നീട് ഈ തടസ്സം പൊട്ടി വലിയ അളവിലുള്ള വെള്ളം ഒരുമിച്ച് താഴേക്ക് ഒഴുകിയതോടെ മിന്നൽപ്രളയം രൂപപ്പെട്ടു. അരമണിക്കൂറിനുള്ളിൽ ത്രിശൂലി നദിയിലെ ജലനിരപ്പ് ഒമ്പതു മീറ്റർവരെ ഉയർന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു.


ഹിമാനി തകർച്ച എന്താണ്?


മലമുകളിലെ ഹിമാനിയുടെ ഒരു വലിയ ഭാഗം പെട്ടെന്ന് വേർപെട്ട് താഴേക്ക് പതിക്കുന്ന സംഭവത്തെയാണ് ഹിമാനി തകർച്ച എന്ന് വിളിക്കുന്നത്. സാധാരണ മഞ്ഞിടിച്ചിലിനേക്കാൾ വളരെ വലുതും അപകടകരവുമാണിത്. അസാധാരണമായ ചൂടുമൂലം മഞ്ഞ്‌ വേഗത്തിൽ ഉരുകുക, ഉരുകിയ വെള്ളം ഹിമാനിയുടെ അടിത്തട്ടിലേക്ക് കടന്ന് വഴുക്കൽ സൃഷ്ടിക്കുക, ഹിമാനിയിൽ വിള്ളലുകൾ രൂപപ്പെടുക, പാറകളുടെയും മലഞ്ചരിവുകളുടെയും അസ്ഥിരത വർധിക്കുക എന്നിവയാണ്‌ ഹിമാനി തകർച്ചയ്‌ക്ക്‌ പ്രധാന കാരണങ്ങൾ. ഇവയൊക്കെ ചേർന്നാൽ ഒരുഘട്ടത്തിൽ ഹിമാനിയുടെ വലിയ ഭാഗം ഒരുമിച്ച് തകർന്നുവീഴാം.


എന്തുകൊണ്ടാണ് ഇത് ഇത്ര അപകടകരം


ഹിമാനി തകർച്ച സംഭവിക്കുമ്പോൾ മഞ്ഞും പാറകളും മണിക്കൂറിൽ നൂറുകണക്കിന് കിലോമീറ്റർ വേഗത്തിൽ മലഞ്ചരിവുകളിലൂടെ താഴേക്ക് കുതിക്കും. ഇതിന്റെ ആഘാതത്തിൽ വൻ മഞ്ഞ്‌–പാറ അവലാഞ്ചുകളുണ്ടാകും. മണ്ണും കല്ലും വെള്ളവും കലർന്ന അവശിഷ്ടപ്രവാഹം വലിയ ഉരുൾപൊട്ടലിനു സമാനമായി രൂപപ്പെടും. നദികൾ തടസ്സപ്പെടുകയും പിന്നീട് പെട്ടെന്ന് പൊട്ടി പ്രളയം ഉണ്ടാകുകയും ചെയ്യും. പാലങ്ങൾ, റോഡുകൾ, വൈദ്യുതിസംവിധാനങ്ങൾ, ഗ്രാമങ്ങൾ എന്നിവ നിമിഷങ്ങൾക്കകം നശിച്ചുപോകാം.


ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ് എന്താണ്?


ഹിമാനികൾ ഉരുകുമ്പോൾ രൂപപ്പെടുന്ന തടാകങ്ങളെ ഗ്ലേഷ്യൽ തടാകങ്ങൾ എന്ന് വിളിക്കുന്നു. ഇവ പ്രകൃതിദത്ത മണ്ണ്–കല്ല് അണക്കെട്ടുകളാൽ തടഞ്ഞുനിൽക്കാറുണ്ട്. ഈ അണക്കെട്ടുകൾ പൊട്ടുകയാണെങ്കിൽ തടാകത്തിലെ മുഴുവൻ വെള്ളവും ഒരുമിച്ച് പുറത്തേക്കൊഴുകും. ഇതാണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്. ഹിമാലയൻ മേഖല പങ്കിടുന്ന നേപ്പാൾ, ഇന്ത്യ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിൽ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ഏറ്റവും വലിയ കാലാവസ്ഥാ അപകടങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.


കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ?


ഒരു കാര്യത്തിൽ ശാസ്‌ത്രലോകത്തിന് വ്യക്തതയുണ്ട്, ആഗോളതാപനംമൂലം ഹിമാനികൾ വേഗത്തിൽ ഉരുകുകയാണ്. ഹിമാലയൻ മേഖല ലോകശരാശരിയേക്കാൾ ഏകദേശം ഇരട്ടിവേഗത്തിലാണ് ചൂടാകുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം, കഴിഞ്ഞ മൂന്നുദശകങ്ങളിൽ നേപ്പാളിലെ പർവതപ്രദേശങ്ങൾ അവരുടെ മണ്ണുശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്ന് നഷ്ടപ്പെടുത്തി. ഹിന്ദുകുഷ്–ഹിമാലയൻ മേഖലയിലെ ഹിമാനികൾ 2011–20 കാലഘട്ടത്തിൽ മുൻ ദശകത്തേക്കാൾ 65 ശതമാനം വേഗത്തിൽ ഉരുകിയതായും പഠനങ്ങൾ കാണിക്കുന്നു.


കൂടാതെ, മലപ്രദേശങ്ങളിലെ സ്ഥിരമായി മരവിച്ചുകിടക്കുന്ന മണ്ണായ പെർമാഫ്രോസ്റ്റ് ഉരുകുന്നതും മലഞ്ചരിവുകളെ അസ്ഥിരമാക്കുന്നു. ഈ പെർമാഫ്രോസ്റ്റ് മലകളെയും ഹിമാനികളെയും ഒന്നിച്ച് പിടിച്ചുനിർത്തുന്ന ഒരു ‘പ്രകൃതിദത്ത പശ’പോലെയാണ് പ്രവർത്തിക്കുന്നത്. അത് ദുർബലമാകുമ്പോൾ തകർച്ചയുടെ സാധ്യത വർധിക്കുന്നു. ഹിമാലയം ഏഷ്യയുടെ ‘ജലഗോപുരം’ എന്നറിയപ്പെടുന്നു. അവിടെയുള്ള ഓരോ ഹിമാനിയുടെയും ആരോഗ്യസ്ഥിതി കോടിക്കണക്കിന് മനുഷ്യരുടെ ജലസുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇത്തരം സംഭവങ്ങൾ ഒരു പ്രാദേശികദുരന്തമായിമാത്രം കാണാതെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള മുന്നറിയിപ്പായി കാണേണ്ട സമയമാണിത്.


(ലേഖകൻ കേരള സർവകലാശാല ജിയോളജി 
പഠന വകുപ്പിലെ പ്രൊഫസറാണ് )



Deshabhimani
Home