Deshabhimani

Articles

നീറ്റ്: വേണം സമഗ്രപരിശോധന

നീറ്റ്: വേണം സമഗ്രപരിശോധന

SFI Protest Delhi NEET Exam
avatar
ജോജി കുട്ടുമ്മേൽ

Published on May 17, 2026, 10:43 PM | 3 min read

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി ചോദ്യക്കടലാസ് ചോർന്നതാണ് ആ പരീക്ഷയെ ഇപ്പോൾ വിവാദത്തിലാഴ്‌ത്തിയത്. ചോർച്ചയുടെ മുഴുവൻ ഉത്തരവാദികളെയും അറസ്റ്റ്‌ ചെയ്യണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നും വിദ്യാർഥിസമൂഹവും പുരോഗമന രാഷ്ട്രീയകക്ഷികളും ആവശ്യപ്പെടുന്നു.


രാജ്യത്തെ മെഡിക്കൽ പ്രവേശനസംവിധാനം ഏകീകരിക്കാനാണ്‌ നീറ്റ് ആരംഭിച്ചത്. മുമ്പ് ദേശീയതലത്തിൽ പ്രീ മെഡിക്കൽ ടെസ്റ്റ്, ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക പ്രവേശന പരീക്ഷ, സ്വകാര്യ മെഡിക്കൽ കോളേജുകളുടെ സ്വന്തം പരീക്ഷ എന്നിങ്ങനെ പല പരീക്ഷകളുണ്ടായിരുന്നു. ഇതിൽ സാമ്പത്തികവും അക്കാദമികവുമായ നിരവധി പ്രശ്നങ്ങളുയർന്നു. അഴിമതിയും ക്യാപിറ്റേഷൻ ഫീസും ഡൊണേഷനുംപോലെ സാമൂഹ്യനീതിക്ക് യോജിക്കാത്ത ഘടകങ്ങളുമുണ്ടായിരുന്നു. ഇത്തരം വിമർശങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മെഡിക്കൽ കൗൺസിൽ രാജ്യമാകെ ഒറ്റ പ്രവേശന പരീക്ഷയെന്ന ആശയം മുന്നോട്ടുവച്ചത്.


​അസമത്വം വർധിച്ചു


​സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അധികാരത്തിന്മേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു നീറ്റ്. വരേണ്യപക്ഷപാതമുള്ള അത് ഭാഷാ സാമൂഹിക അസമത്വം വർധിക്കാൻ കാരണമാകുമെന്ന വിമർശവും തുടക്കംമുതലേ ഉണ്ടായി. അത് പൂർണമായി തള്ളാനാകുന്നതുമല്ല. എങ്കിൽപ്പോലും സുപ്രീംകോടതിയുടെ താൽക്കാലിക വിലക്ക്‌ മറികടന്നും നീറ്റ് സ്ഥാപിതമായി. 2019 മുതൽ എൻടിഎയാണ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇന്നും തുടരുന്നു.


​ചോദ്യക്കടലാസ് ചോർച്ചയ്‌ക്കപ്പുറം ആഴമേറിയ വിദ്യാഭ്യാസപ്രശ്നങ്ങൾക്കിത് കാരണമാകുന്നു. കോച്ചിങ്‌ സംസ്‌കാരം വ്യാപകമായത് പ്രവേശന പരീക്ഷകളുടെ സ്വാധീനംമൂലമാണ്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഉൽക്കണ്ഠകൾ പ്രവേശന പരീക്ഷയെക്കുറിച്ചായി. സ്‌കൂൾ പഠനത്തേക്കാൾ എൻട്രൻസ് കോച്ചിങ്ങിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇതോടെ വായന, വിമർശനാത്മക ചിന്ത വികസിക്കൽ, കലാകായികരംഗത്തെ മികവുകളും ബഹുമുഖ ബുദ്ധിയും പോഷിപ്പിക്കൽ, സാമൂഹികബോധം വളർത്തൽ തുടങ്ങി വിദ്യാഭ്യാസത്തിന്റെ വിശാലമായ ലക്ഷ്യങ്ങളൊക്കെ അവഗണിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന് അതിന്റെ ആത്മാവ് നഷ്ടമാകുന്നു എന്നർഥം.


​ഗ്രാമീണ വിദ്യാർഥികൾ പുറന്തള്ളുന്നു


​നീറ്റ് അടക്കമുള്ള എല്ലാ പ്രവേശന പരീക്ഷകളും ഗ്രാമീണ വിദ്യാർഥികളെ പിന്നാക്കം തള്ളുന്നു. സംസ്ഥാന സിലബസുകൾ പിന്തുടരുന്നവർക്ക് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവസരങ്ങളിലും പരിശീലനത്തിലും ഭാഷയിലും സാമ്പത്തിക സാഹചര്യത്തിലുമുള്ള അസമത്വം പരീക്ഷാഫലത്തിലും പ്രതിഫലിക്കുന്നു. മാതാപിതാക്കളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, കുട്ടികളുടെ തൊഴിൽ അവബോധത്തിന്റെ പരിമിതി, ആപേക്ഷികമായി ഉണ്ടാകുന്ന ആത്മവിശ്വാസക്കുറവ് എന്നിവയൊക്കെ ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. സമത്വമില്ലാത്ത സമൂഹത്തിൽ ഒരേ പരീക്ഷ എല്ലാവർക്കും തുല്യ അവസരം നൽകുന്നില്ല. അഖിലേന്ത്യാതലത്തിൽ ഒരൊറ്റ പരീക്ഷ വിദ്യാർഥികളിൽ അമിതസമ്മർദം സൃഷ്ടിക്കുകയും ചെയ്യുന്നു.


കോച്ചിങ്ങിന്റെ ഉയർന്ന ഫീസ് മാത്രമല്ല പ്രശ്നം. കോച്ചിങ് കേന്ദ്രങ്ങളിലെ ഓൺലൈൻ പ്രവർത്തനങ്ങൾ, പരിശീലന സാമഗ്രികൾ എന്നിവയൊക്കെ നഗര, ഇടത്തരം/സമ്പന്ന കുടുംബങ്ങൾക്ക് എളുപ്പം ലഭ്യമാണ്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് സാമ്പത്തിക പരിമിതിയും ഇന്റർനെറ്റ്/ഡിജിറ്റൽ സൗകര്യക്കുറവും നിലവാരമുള്ള പരിശീലകരുടെ അഭാവവും ഒക്കെ അനുഭവപ്പെടുന്നു. സാമൂഹ്യനീതി ഏറെക്കുറെ യാഥാർഥ്യമായതും ഗ്രാമ നഗര അന്തരം കുറഞ്ഞതുമായ കേരളത്തിൽ ഈ പ്രശ്നം അത്ര രൂക്ഷമായിരിക്കില്ല. എന്നാൽ, അതല്ല ഇന്ത്യയുടെ പൊതുസ്ഥിതി. പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ ലഭ്യമായാലും പഠനസാമഗ്രികൾ, നോട്ടുകൾ, മാതൃകാപരീക്ഷകൾ, ഡിജിറ്റൽ പ്രവർത്തനങ്ങൾ എന്നിവയൊക്കെ കൂടുതലായി വരുന്നത് ഇംഗ്ലീഷ്/ഹിന്ദി കേന്ദ്രീകൃതമായാണ്. ഇത് പ്രാദേശിക ഭാഷാമാധ്യമ വിദ്യാർഥികളുടെ മുന്നിൽ വെല്ലുവിളിയാകുന്നു. പ്രാദേശിക ഭാഷാവിവർത്തനത്തിൽ തെറ്റുവരിക, ഇംഗ്ലീഷ് പതിപ്പിൽനിന്ന് അർഥവ്യത്യാസമുണ്ടാകുക, സാങ്കേതികപദങ്ങൾ അസ്പഷ്ടമാകുക തുടങ്ങിയ പ്രശ്നങ്ങളും കാണാം.


​എല്ലാവർക്കും ഒറ്റപ്പരീക്ഷയെന്ന്‌ കേൾക്കുമ്പോൾ നീതിപൂർവമെന്ന്‌ തോന്നുമെങ്കിലും ഫലത്തിൽ അങ്ങനെയല്ല. സാംസ്‌കാരിക മൂലധനമെന്ന ആശയം ഇവിടെയാണ് പ്രസക്തമാകുന്നത്. പരീക്ഷാവിജയം ബുദ്ധിശക്തിമാത്രംകൊണ്ടല്ല, സാമൂഹിക സാംസ്‌കാരിക പിന്തുണകൊണ്ടുമാണ്. ഏറ്റവും പ്രധാനചോദ്യം വിദ്യാർഥിയുടെ 12 വർഷത്തെ പഠനത്തെ മൂന്നുമണിക്കൂറിലെ പ്രകടനത്തിൽനിന്ന് വിലയിരുത്തുക സാധ്യമാണോ എന്നതാണ്. പരീക്ഷാഭീതി, മാനസികസമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, ഭാഷാ സാമൂഹിക പശ്ചാത്തലം തുടങ്ങിയവ പ്രകടനത്തെ ബാധിക്കും. ഇങ്ങനെ നോക്കിയാൽ നിരവധി ആന്തരിക ദൗർബല്യങ്ങളാൽ പ്രശ്നഭരിതമാണ് നീറ്റ്. കേന്ദ്രീകൃതവും രഹസ്യാത്മകവുമായതും വരേണ്യമധ്യവർഗത്തിന് പ്രാമുഖ്യമുള്ളതുമായ പരീക്ഷയിൽ അഴിമതിയുടെ സാധ്യത കണ്ടെത്തുക മുതലാളിത്ത- വലതുപക്ഷ രാഷ്ട്രീയനേതാക്കൾക്ക് എളുപ്പമാണ്. ചോദ്യക്കടലാസ്‌ ചോർച്ചയ്ക്ക്‌ രാഷ്ട്രീയമുണ്ട് എന്നർഥം.


​എന്താണ് പരിഹാരം


​ലോകത്ത് പല മാതൃകകളുണ്ട്. യോഗ്യതാപരീക്ഷയുടെ മാർക്കും മനോഭാവ പരീക്ഷകളും അഭിമുഖങ്ങളും നിരന്തര വിലയിരുത്തലും പോർട്ട് ഫോളിയോയും ഒക്കെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിന് അടിസ്ഥാനമാക്കുന്ന രാജ്യങ്ങളുണ്ടല്ലോ. എങ്ങനെയുള്ള തെരഞ്ഞെടുപ്പ് രീതിയായാലും അത് ആർക്ക് അനുകൂലമാണെന്നും സാമൂഹ്യനീതി ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കുകയാണ് പ്രധാനം. കോച്ചിങ് ആശ്രയം എങ്ങനെ കുറയ്ക്കാം, സ്കൂൾ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്നതും നോക്കണം. അടിസ്ഥാനപരമായി വേണ്ടത് വിദ്യാഭ്യാസ സംവിധാനമാകെ മത്സരപ്പരീക്ഷയ്ക്കുള്ള അരിപ്പയായി മാറാതെ നോക്കുകയാണ്. ഇപ്പോഴത്തെ സംഭവങ്ങളിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം പ്രവേശന പരീക്ഷയെ സമഗ്രമായി വിലയിരുത്താനുള്ള സമയവുമാണിത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home