പോരായ്മകളും ദൗർബല്യങ്ങളും പരിഹരിച്ച് മുന്നേറും


എം വി ഗോവിന്ദന്
Published on Sep 11, 2026, 01:30 AM | 4 min read
സിപിഐ എം കേരള ഘടകത്തിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച കോഴിക്കോട്ട് ആരംഭിക്കുകയാണ്. പാർടി ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നതോടെ മൂന്ന് ദിവസം നീളുന്ന യോഗത്തിന് തുടക്കമാകും. സാമ്രാജ്യത്വ വിരുദ്ധദിനമായ സെപ്തംബർ 15ന് കോഴിക്കോട് കടപ്പുറത്ത് ഒന്നേകാൽ ലക്ഷംപേർ അണിനിരക്കുന്ന റാലിയോടെയും പൊതുസമ്മേളനത്തോടെയും വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനമാകും. തെരഞ്ഞെടുപ്പ് തോൽവികളുടെ ഫലമായുണ്ടായ തിരിച്ചടികളിൽനിന്ന് പാർടിയെ ഫലപ്രദമായി മുന്നോട്ടുനയിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമായിരിക്കും വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഉണ്ടാകുക. പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തോടെയും രാഷ്ട്രീയ വ്യക്തതയോടെയും സംഘടനാപരമായ കരുത്തോടെയും മുന്നേറാൻ വിമർശനപരവും സ്വയംവിമർശനപരവുമായ പരിശോധനകൾ ആയിരിക്കും കോഴിക്കോട്ട് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോൽവിക്കു ശേഷമുള്ള നാലുമാസം ബ്രാഞ്ച്തലം മുതലുള്ള വിവിധഘടകങ്ങൾ നടത്തിയ ചർച്ചയുടെയും ജനങ്ങളിൽനിന്ന് നേരിട്ട് ലഭിച്ച 20,200 അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ട്, ഈ മാസം ഏഴിനും എട്ടിനും ചേർന്ന സംസ്ഥാന കമ്മിറ്റി വിശദമായി ചർച്ചചെയ്യുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ഈ റിപ്പോർട്ടാണ് 307 പേർ പങ്കെടുക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്കായി സമർപ്പിക്കുക. പാർടി അംഗങ്ങളിൽനിന്നുമാത്രം ഫണ്ട് ശേഖരിച്ച് ലളിതമായ രീതിയിലാണ് യോഗത്തിന്റെ സംഘാടനം.
മൂന്നാം എൽഡിഎഫ് സർക്കാർ വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ജനവിധി മറിച്ചായിരുന്നു. ഇത്തരമൊരു തിരിച്ചടി ഉണ്ടാകുമെന്ന് മുൻകൂട്ടി കാണാൻ വിവിധതലങ്ങളിലുള്ള പാർടി ഘടകങ്ങൾക്ക് കഴിഞ്ഞില്ലെന്നത് പാർടി നേരത്തേ വിലയിരുത്തിയതാണ്. ഈ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇക്കുറി പാർടി തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ അതുസംബന്ധിച്ച റിവ്യൂ സംസ്ഥാന കമ്മിറ്റി തയ്യാറാക്കുകയാണ് പതിവ്. കീഴ്ഘടകങ്ങൾ അതിനെ അടിസ്ഥാനമാക്കിയാണ് ചർച്ച നടത്താറുള്ളത്. ഇക്കുറി അതിന് മാറ്റമുണ്ടായി. വിവിധതലത്തിലുള്ള ഘടകങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം അതിന്റെ അടിസ്ഥാനത്തിൽ മതി സംസ്ഥാന കമ്മിറ്റി റിവ്യൂ റിപ്പോർട്ട് തയ്യാറാക്കൽ എന്ന് നിശ്ചയിച്ചു. ചർച്ചയ്ക്ക് സഹായകരമായ കുറിപ്പ് പാർടി സംസ്ഥാന കമ്മിറ്റി തയ്യാറാക്കി ഘടകങ്ങൾക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന സെന്ററിൽനിന്നുള്ള അംഗങ്ങൾ പങ്കെടുക്കുകയും ചർച്ചയുടെ സാരാംശം സംസ്ഥാന കമ്മിറ്റിക്ക് നൽകുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ഏരിയ കമ്മിറ്റികളും ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങളും ചേർന്നു. ഈ ഘടകങ്ങളിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ സംസ്ഥാന സെന്റർ ശേഖരിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി മുന്നോട്ടുവച്ച കാര്യങ്ങളും ഉൾപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റി റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയത്.
ഈ വർഷം മെയ് 13നും 14നും ചേർന്ന പാർടി സംസ്ഥാന കമ്മിറ്റി യോഗം ഈ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ഈ റിവ്യൂ റിപ്പോർട്ടാണ് പിന്നീട് പാർടി ഘടകങ്ങളിൽ അവതരിപ്പിച്ചത്. ഈ റിപ്പോർട്ടിന്മേലും എല്ലാഘടകങ്ങളും വിശദമായ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ബഹുജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും പാർടി തീരുമാനിച്ചു. അതിനായി പ്രത്യേക വാട്സാപ് നമ്പരും ഇ -മെയിലും തയ്യാറാക്കി. ആയിരക്കണക്കിന് ആളുകളിൽനിന്ന് ലഭിച്ച അഭിപ്രായങ്ങളും സംസ്ഥാന കമ്മിറ്റി പരിശോധിച്ചു.
തെരഞ്ഞെടുപ്പ് റിവ്യൂ ചെയ്യാൻ ചേർന്ന സംസ്ഥാന കമ്മിറ്റി പൊതുവായ ദൗർബല്യങ്ങൾ എന്തെന്ന് കണ്ടെത്താനാണ് ശ്രമിച്ചത്. കണ്ടെത്തിയ ദൗർബല്യങ്ങൾ പരിഹരിക്കുക എന്നത് പാർടിയുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റി നിർദേശങ്ങൾകൂടി ഉൾക്കൊണ്ട്, പാർടിയുടെ സംഘടനാ ദൗർബല്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതിനായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്. നേരത്തേ അഖിലേന്ത്യാതലത്തിൽ തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായ ഘട്ടത്തിൽ വിജയവാഡയിൽ കേന്ദ്രകമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചുചേർത്തിരുന്നു. ബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തരത്തിലുള്ള സംഘടനാ ഇടപെടലിന്റെ തുടർച്ചയാണ് കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പല കാരണങ്ങളുണ്ട്. സംഘടനാപരവും രാഷ്ട്രീയവും ഭരണപരവുമായ ഘടകങ്ങളും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. സംഘടനാപരമായ ദൗർബല്യത്തിന് പൊതുവിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രകാര്യങ്ങളുമായി ബന്ധവുമുണ്ട്. ഇത്തരം പോരായ്മകൾ തിരുത്തുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ രൂപപ്പെടാൻ പോകുന്നത്.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണം നിരവധി നേട്ടങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടും തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കാതെപോയത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. അത് മനസ്സിലാക്കി ഇടപെടാനുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്. പാർടി അംഗത്വത്തിൽ നിരന്തരം വർധന ഉണ്ടാകുന്നുണ്ടെങ്കിലും ബഹുജന സ്വാധീനം അതനുസരിച്ച് വർധിക്കാതെ പോകുന്ന പ്രശ്നവും പരിശോധിക്കപ്പെടേണ്ടതാണ്. ഇതെല്ലാം പരിഹരിച്ച് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ സ്ഥാപിതതാൽപ്പര്യക്കാർക്ക് പൊതുവിൽ എതിരായിരുന്നതിനാൽ അവർ നമുക്കെതിരെ തെരഞ്ഞെടുപ്പിൽ രംഗത്ത് വന്നിരുന്നുവെന്നത് യാഥാർഥ്യമാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാനാകും എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. വർഗീയ സംഘർഷങ്ങളില്ലാത്ത കേരളത്തിന്റെ മണ്ണ് അത്തരം അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു. ഇപ്പോൾ അവർക്ക് എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നത് എന്നതും അതിനെ എങ്ങനെ പ്രതിരോധിക്കാനാകും എന്നതും ചർച്ച ചെയ്യേണ്ടതുണ്ട്.
രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ തകർത്ത് മുന്നേറാൻ ശ്രമിക്കുന്ന സംഘപരിവാറിന് മൂന്ന് സീറ്റ് കേരളത്തിൽ നേടാനായിട്ടുണ്ട്. അതിന് ഇടയാക്കിയ സാഹചര്യങ്ങളെ ശരിയായ രീതിയിൽ പരിശോധിച്ച് അവരെ പരാജയപ്പെടുത്തുന്നതിനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുക എന്നതും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്.
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പാർടി എന്ന നിലയിൽ അതിനിടയിൽ വന്ന പോരായ്മകൾ എന്തൊക്കെയാണെന്ന് ഗൗരവമായി പരിശോധിച്ച് തിരുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുക എന്നതും ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യമാണ്. പാർടി അംഗങ്ങളുടെ ബോധനിലവാരവും പ്രവർത്തനക്ഷമതയും ഉയർത്തുന്നതിനുള്ള പദ്ധതികൾ ഏതൊക്കെയാണെന്നും യോഗം ചർച്ച ചെയ്യും.
മുതലാളിത്ത സമൂഹത്തിനകത്താണ് നാം പ്രവർത്തിക്കുന്നത്. കമ്യൂണിസ്റ്റ് പാർടിയാകട്ടെ മുതലാളിത്തത്തെ തകർത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥ സൃഷ്ടിക്കാൻ പരിശ്രമിക്കുന്നവരാണ്. മുതലാളിത്ത സമൂഹത്തിന്റെ തെറ്റായ ചിന്തകൾ സ്വാഭാവികമായും പാർടിയിലും കടന്നുവരാനിടയുണ്ട്. അവ തിരുത്തുന്നതിനുള്ള ഭാവി പരിപാടികൾക്കും ഈ യോഗം രൂപം നൽകും. വിപുലീകൃത സംസ്ഥാന കമ്മിറ്റി പാർടിയെ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുക.
യുഡിഎഫ് സർക്കാർ കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം തകർക്കുംവിധമാണ് മുന്നോട്ടുപോകുന്നത്. കേന്ദ്രസർക്കാരിന്റെ ആഗോളവൽക്കരണ നയങ്ങൾക്കും വർഗീയ അജൻഡയ്ക്കും കീഴ്പ്പെട്ടാണ് മുന്നോട്ടുപോകുന്നത്. ഈ നയസമീപനങ്ങൾ കേരളത്തിന്റെ നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, നമ്മുടെ നേട്ടങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകുക പ്രധാനമാണ്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് തകർന്നുവെന്ന് മനപ്പായസമുണ്ണുന്നവർ കേരളത്തിന്റെ ചരിത്രം മനസ്സിലാക്കാത്തവരാണ്. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് പാർടി വളർന്നത്.1948-ൽ പാർടി നിരോധിക്കപ്പെട്ടു. 1964-ൽ ചൈനാചാരന്മാരെന്ന് പറഞ്ഞ് ജയിലിലടച്ചു. 1975-ൽ അടിയന്തരാവസ്ഥയിലും സമാന അനുഭവമുണ്ടായി. 1977-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെമ്പാടും കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിലാണ് അവർക്ക് മുന്നേറ്റമുണ്ടാക്കാനായത്. എല്ലാ ലോക്സഭാ സീറ്റിലും പാർടിയും മുന്നണിയും പരാജയപ്പെട്ടു. നിയമസഭയിൽ ലഭിച്ചത് 17 സീറ്റ് മാത്രമാണ്. അത് പിന്നിട്ടാണ് 18 ലോക്സഭാ സീറ്റിലും 99 നിയമസഭാ സീറ്റിലും ജയിക്കുന്നിടത്തേക്ക് എത്തിച്ചേർന്നത്.
1957, 1967, 1980 എന്നീ വർഷങ്ങളിൽ രണ്ട് വർഷം മാത്രമാണ് പാർടിക്ക് ഭരണത്തിലിരിക്കാൻ സാധിച്ചത്. 1987-ൽ അത് നാല് വർഷമായി. 1996-ലാണ് അഞ്ച് വർഷം തുടർച്ചയായി സംസ്ഥാനം ഭരിക്കാൻ പാർടിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് കഴിഞ്ഞത്. 2016-ന് ശേഷമാണ് തുടർച്ചയായി 10 വർഷം എൽഡിഎഫ് ഭരിച്ചത്. തിരിച്ചടികളെ അതിജീവിച്ച് കരുത്തോടെ മുന്നോട്ടുവന്ന അനുഭവമാണ് പാർടിക്കുള്ളത്. വിമർശവും സ്വയംവിമർശവും നടത്തി, ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെയും ഉൾപ്പാർടി ജനാധിപത്യത്തിന്റെയും സംഘടനാരീതി ഉപയോഗിച്ചാണ് പാർടി മുന്നോട്ടുപോകുന്നത്. ഈ തിരിച്ചടിയെയും പാർടി അതിജീവിക്കും. അതിനുള്ള തീരുമാനങ്ങൾ ഈ വിശാല സമ്മേളനത്തിലുണ്ടാകും.













