Deshabhimani

മോദിയുടെ പദ്ധതികൾ പാളി; തൊഴിൽ വാചകമടിയിൽ മാത്രം

Job.jpg

പ്രതീകാത്മക ചിത്രം

ടി ചന്ദ്രമോഹൻ

Published on Oct 06, 2026, 01:30 AM | 3 min read

നരേന്ദ്ര മോദിസർക്കാരിനെതിരെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ജനവികാരം ഉയർത്തിയ വിഷയങ്ങളിൽ പ്രധാനമായിരുന്നു തൊഴിലില്ലായ്മ. യുവജനങ്ങൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വലിയ തിരിച്ചടിയേൽക്കുകയും ചെയ്‌തു. ഇത്‌ തിരിച്ചറിഞ്ഞാണ് മൂന്നാം മോദിസർക്കാർ അധികാരമേറ്റശേഷം തൊഴിലവസരസൃഷ്ടിക്ക് മുന്തിയ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇ‍ൗ സർക്കാരിന്റെ ആദ്യ ബജറ്റ്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പേരിലുള്ള കുറെ പ്രഖ്യാപനങ്ങളാൽ ശ്രദ്ധേയമായി. ബജറ്റിൽ പ്രഖ്യാപിച്ച ഒരുകൂട്ടം തൊഴിൽബന്ധിത പ്രോത്സാഹന (ഇഎൽഐ) പദ്ധതികൾ കോർപറേറ്റുകൾക്കിടയിൽ വളരെയധികം ആവേശം സൃഷ്ടിച്ചു. പദ്ധതികൾകൊണ്ട്‌ പ്രായോഗികമായി യുവജനങ്ങൾക്ക്‌ ഗുണമുണ്ടാകില്ലെന്ന്‌ ഇടതുപക്ഷം ഉൾപ്പെടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.


എ, ബി, സി എന്നിങ്ങനെ മൂന്നിനമായാണ്‌ പദ്ധതികൾ പ്രഖ്യാപിച്ചത്‌. സ്‌കീം ‘എ’ എല്ലാ തൊഴിലുടമകൾക്കായും ‘ബി’യും ‘സി’യും പ്രത്യേക വിഭാഗങ്ങൾക്ക്‌ ബാധകമായതുമായിരുന്നു. സ്‌കീം ‘എ’ പ്രകാരം, ഒരു തൊഴിലുടമ പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയോ ആരെയെങ്കിലും പുതുതായി ഇപിഎഫ്ഒയിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ ആ തൊഴിലാളിയുടെ ഒരു മാസത്തെ ശമ്പളം പരമാവധി 15,000 രൂപവരെ രണ്ട്‌ ഗഡുക്കളായി സർക്കാർ നൽകുന്നതായിരുന്നു. ആറ്‌ മാസത്തിനുശേഷം ആദ്യഗഡുവും 12 മാസത്തിനുശേഷം രണ്ടാം ഗഡുവും കൈമാറും. സ്‌കീം ‘ബി’ യിൽ കുറഞ്ഞത്‌ ആറു മാസമെങ്കിലും നീളുന്ന തൊഴിൽ ലഭ്യമാക്കിയാൽ ഓരോ തൊഴിലിനും പ്രതിമാസം 3000 രൂപ വീതം തൊഴിലുടമയ്‌ക്ക്‌ രണ്ട്‌ വർഷത്തേക്ക്‌ നൽകാൻ വ്യവസ്ഥ ചെയ്‌തു. ഉൽപ്പാദനമേഖല കന്പനികളാണെങ്കിൽ നാല്‌ വർഷംവരെ ഉടമയ്‌ക്ക്‌ ഇ‍ൗ പണം ലഭിക്കും. പുതുതായി തൊഴിൽ സൃഷ്ടിക്കുന്ന കമ്പനി ഉടമകൾക്ക്‌ ഇപിഎഫ്‌ വിഹിതത്തിന്റെ പങ്ക്‌ സർക്കാർ നൽകുന്നതാണ്‌ സ്‌കീം ‘സി’. ഇ‍ൗ പദ്ധതികളിലൂടെ പല കന്പനി ഉടമകൾക്കും നേട്ടം ലഭിച്ചുവെന്നല്ലാതെ പുതിയ തൊഴിലവസരങ്ങളൊന്നും കാര്യമായി സൃഷ്ടിക്കാനായില്ല. ഇത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം പുറത്തുവിടാനും സർക്കാർ തയ്യാറല്ല.


​മറ്റൊരു പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി. രാജ്യത്തെ 500 പ്രമുഖ കമ്പനികൾക്ക് അവരുടെ ഉൽപ്പാദനവും സേവനങ്ങളും ഇന്റേൺഷിപ്‌ പ്രകാരവും /അപ്രന്റീസുകളിലൂടെയും നടത്താൻ സർക്കാർ അനുവാദം നൽകുന്നതായിരുന്നു പദ്ധതി. പ്രതിമാസ സ്‌റ്റൈപെൻഡായ 5000 രൂപയും ഒറ്റത്തവണ സഹായമായ 6000 രൂപയും സർക്കാർ വഹിക്കും. പരിശീലനത്തിന്റെ ബാക്കി ചെലവ്‌ കമ്പനിയുടെ കോർപറേറ്റ്‌ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്ന് എടുക്കാം. ഉൽപ്പാദന പ്രക്രിയയിൽനിന്ന് പഴയ ബാച്ചുകളെ മാറ്റിസ്ഥാപിക്കാൻ തൊഴിലില്ലാത്തവരോ തൊഴിൽപരമായി വിദ്യാഭ്യാസം നേടിയവരോ ആയ യുവാക്കളുടെ വലിയ കരുതൽ സേന എല്ലാ വർഷവും സൃഷ്ടിക്കാമെന്ന ലക്ഷ്യമിട്ടായിരുന്നു ഇ‍ൗ പദ്ധതി.


അഞ്ച്‌ വർഷത്തിനകം ഒരു കോടി യുവാക്കൾക്ക്‌ വ്യവസായരംഗത്ത് പ്രായോഗിക പരിശീലനം നൽകുകയും തൊഴിൽ നൈപുണ്യം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ പൂർണപരാജയമാണ്‌. 2024 ഒക്ടോബർ മൂന്നിന്‌ ആരംഭിച്ച പദ്ധതിയുടെ ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, കമ്പനികൾ ഇന്റേൺഷിപ് അവസരങ്ങൾ നൽകിയിട്ടും അവ യഥാർഥ പരിശീലനമാക്കി മാറ്റി യുവാക്കൾക്ക്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‌ കേന്ദ്രസർക്കാരിന്‌ സാധിച്ചില്ല. ആറുമുതൽ 12 മാസംവരെയുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തത്. 2026 മാർച്ചിൽ പ്രതിമാസ സഹായം 5000ൽനിന്ന് 9000 രൂപയാക്കി. 18–25 വയസ്സുകാരെ ഉൾപ്പെടുത്തുന്നതിനൊപ്പം അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും അവസരം നൽകുന്ന തരത്തിലാക്കി.


പദ്ധതി വിജയത്തിന്റെ അളവുകോലാകേണ്ടത്‌ എത്ര യുവാക്കൾക്ക്‌ പരിശീലനം ലഭിച്ചു, എത്രപേർ അത് പൂർത്തിയാക്കി, എത്രപേർക്ക് അതിലൂടെ സ്ഥിരതയുള്ള തൊഴിൽസാധ്യത ലഭിച്ചു എന്നതാണ്. അങ്ങനെ നോക്കുന്പോൾ പദ്ധതി പൂർണ പരാജയമാണ്‌. 2024 ഒക്ടോബർ മുതൽ 2026 ആഗസ്‌ത്‌ വരെയുള്ള മൂന്ന് ഘട്ടങ്ങളിലായി കമ്പനികൾ 4,00,822 പേർക്ക്‌ ഇന്റേൺഷിപ് വാഗ്‌ദാനം ചെയ്‌തു. ഇതിൽ ഏകദേശം 39 ശതമാനത്തിനാണ് അവസരം നൽകിയത്. എന്നാൽ ഓഫർ ലഭിച്ചവരിൽ 20 ശതമാനം മാത്രമാണ് സ്ഥാപനങ്ങളിൽ എത്തിയത്‌.


ആദ്യ റൗണ്ടിൽ 1,27,508 അവസരങ്ങൾ കമ്പനികൾ മുന്നോട്ടുവച്ചു. 60,866 പേർക്ക് ഓഫർ ലഭിച്ചെങ്കിലും 8760 പേർ മാത്രമാണ് ചേർന്നത്. പരിശീലനം പൂർത്തിയാക്കിയത്‌ 3731 പേർ. രണ്ടാം റൗണ്ടിൽ 1,18,948 അവസരങ്ങൾ നൽകിയപ്പോൾ 71,192 ഓഫർ ലഭിച്ചു. 7300 പേർ ഇന്റേൺഷിപ്പിനെത്തിയെങ്കിലൂം പൂർത്തിയാക്കിയത്‌ 2880 പേർ. മൂന്നാം റൗണ്ടിൽ അവസരങ്ങൾ 1,54,366 ആയി ഉയർന്നെങ്കിലും ഓഫറുകളുടെ എണ്ണം 25,794 ആയി കുറഞ്ഞു. 14,620 പേർ പരിശീലനത്തിനെത്തിയെങ്കിലും 75 ശതമാനം പേരും പിന്മാറി.


​ഇന്റേൺഷിപ്പിലേക്ക്‌ ആകർഷിക്കണമെങ്കിൽ അനുയോജ്യമായ പരിശീലനം, തൊഴിൽമേഖല, വേതനം, താമസം, യാത്ര, ഭാവിയിലെ തൊഴിൽസാധ്യത എന്നിവ നിർണായകമാണ്. കുറഞ്ഞ പ്രതിഫലത്തിന് മറ്റൊരു നഗരത്തിലേക്ക് താമസം മാറാൻ യുവജനങ്ങൾ തയ്യാറാകില്ല. ലഭിക്കുന്ന പരിശീലനം തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കും ഭാവി ജോലി ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തതും ആണെങ്കിൽ അവർ ഒഴിഞ്ഞുമാറും. പരിശീലനത്തിന്റെ ദൈർഘ്യം, പരിശീലനകാലത്തെ അമിതമായ ജോലി ഭാരം, പരിശീലനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തത്‌ എന്നിവയും കൊഴിഞ്ഞുപോക്കിന്‌ കാരണമായി. അടിമസമാന ജോലിയാണ്‌ പരിശീലനകാലത്ത്‌ പലർക്കും ചെയ്യേണ്ടിവന്നത്‌.


​യുവജനതയ്‌ക്ക്‌ അവസരങ്ങൾ നൽകാൻ ആയിരക്കണക്കിന് കോടികളുടെ പദ്ധതിയെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനായി കണക്കാക്കിയ തുക ചെലവഴിക്കാതെ കിടക്കുകയാണ്‌. ബജറ്റിൽ പ്രഖ്യാപിച്ചതല്ലാതെ, നീക്കിവച്ച തുക പദ്ധതിക്ക്‌ ചെലവഴിക്കാൻ സാധിച്ചില്ല. 2024–25ൽ 2000 കോടി രൂപയായിരുന്നു നീക്കിവച്ചത്‌. ചെലവഴിച്ചത്‌ 30 കോടി (1.5 ശതമാനം) മാത്രമായിരുന്നു. 2025–26ലെ ബജറ്റ് അടങ്കലിൽ 10,831 കോടി വകയിരുത്തിയപ്പോൾ പുതുക്കിയ കണക്കിൽ 526 കോടിയായി ചുരുക്കി. യഥാർഥത്തിൽ ചെലവഴിച്ചത്‌ 10 കോടി മാത്രം. 2026–27ലെ ബജറ്റിൽ 4788 കോടി വകയിരുത്തി. ഇ‍ൗ കാലയളവിൽ പദ്ധതിയുടെ പരസ്യത്തിന് 12.6 കോടി ചെലവഴിച്ചു. കോർപറേറ്റുകൾക്ക്‌ സൗജന്യമായി തൊഴിലാളികളെ എത്തിച്ചുകൊടുത്ത്‌ അവരുടെ ലാഭം വർധിപ്പിക്കാനുള്ള മോദിസർക്കാരിന്റെ ബോധപൂർവമായ ശ്രമമായിരുന്നു തൊഴിൽബന്ധിത പ്രോത്സാഹന ഇന്റേൺഷിപ് പദ്ധതികൾ.


കോർപറേറ്റുകൾക്ക്‌ പൊതുഖജനാവിൽനിന്ന് പണം ഒഴുക്കിനൽകുന്നതിലൂടെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്നതിന്‌ ഉദാഹരണമാണ്‌ ഇത്തരം പദ്ധതികളുടെ പരാജയം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home